ഫല്ഗുനന് മരണ വെപ്രാളത്തോടെ കിടക്കയില്‍ കിടന്നു പിടഞ്ഞു.. ശ്വാസം കിട്ടാതെ കണ്ണുകള്‍ പുറത്തേക്കു തള്ളി. അലറി വിളിക്കാന്‍ ശ്രമിച്ചു.. പക്ഷെ ശബ്ദം പുറത്തു വന്നില്ല. ആരോ കഴുത്തില്‍ അമര്‍ത്തി പിടിച്ചിരിക്കുന്നു. ഇതായിരിക്കാം തന്റെ അവസാനം എന്ന് മനസ്സില്‍ തീരുമാനിച്ച ആ നിമിഷത്തില്‍ പിടി അയഞ്ഞു.. പിടി വിട്ടതും അടുത്ത നിമിഷത്തില്‍ അയാള്‍ ചാടിയെഴുന്നേറ്റു ലൈറ്റ് ഓണ്‍ ചെയ്തു.. കുറച്ചു നേരത്തേക്ക് അയാള്‍ക്ക് പരിസരബോധം കിട്ടിയില്ല. സ്വപ്നം കണ്ടതോ അതോ സത്യമോ.. ചുറ്റും നോക്കി. പ്രിയതമ നല്ല ഉറക്കത്തിലാണ്. ആരാണപ്പോള്‍ തന്റെ കഴുത്തില്‍ കുത്തിപ്പിടിച്ചത്.. ഇനി ഭാര്യ വല്ല കടും കൈയും ചെയ്യാന്‍ ശ്രമിച്ചതാണോ... ഹേയ്യ്... അതാവില്ല. ലോറി കയറ്റം കയറുന്ന ശബ്ദത്തിലുള്ള കൂര്‍ക്കം വലി കേട്ടാലറിയാം അവളുടെ ഉറക്കത്തിന്റെ തീവ്രത. വര്‍ഷങ്ങളായി താന്‍ എന്നും കേള്‍ക്കുന്നതല്ലേ. എങ്കില്‍ പിന്നെ അതാരാണ്.. ഒരെത്തും പിടിയും കിട്ടുന്നില്ല. ഫല്ഗുനന് എഴുന്നേറ്റു ഫ്രിഡ്ജ് തുറന്നു കുറച്ചു വെള്ളം എടുത്തു കുടിച്ചു.. വീണ്ടും കിടന്നെങ്കിലും ഉറങ്ങാന്‍ കഴിഞ്ഞില്ല. തിരിഞ്ഞും മറിഞ്ഞും കിടന്നു നേരം വെളുപ്പിച്ചു. "എന്താണ് മുഖത്തൊരു വാട്ടം?" ഉറക്കച്ചടവുകൊണ്ട് ചീര്‍ത്ത കണ്ണുകളില്‍ നോക്കി ഭാര്യ ചോദിച്ചത് കേട്ടില്ല എന്ന് നടിച്ചു.. ഓഫീസില്‍ ചെന്നെങ്കിലും ജോലിയില്‍ തീരെ ശ്രദ്ധിക്കാന്‍ പറ്റിയില്ല. ചെയ്യുന്ന കാര്യങ്ങളിലെല്ലാം എന്തോ ഒരു പാകപ്പിഴ പോലെ.
ഫല്ഗുനനെപ്പറ്റി ഞാന്‍ ഒന്നുകൂടി വിശധീകരിക്കാം. അറിയപ്പെടുന്ന ഒരു നോവലിസ്റ്റാണ് ഈ കക്ഷി.. കേരളത്തില്‍ ചൂടപ്പം പോലെ വിറ്റുപോകുന്ന മൂന്നോ നാലോ വാരികകളില്‍ ഫല്ഗുനന് സ്ഥിരമായി നോവലുകള്‍ എഴുതുന്നു. ചുരുക്കി പറഞ്ഞാല്‍ ഒരു പൈങ്കിളി സാഹിത്യകാരന്. ഫല്ഗുനന്റെ നോവലുകള്‍ ഉള്ളതുകൊണ്ട് മാത്രമാണ് ചില വാരികകള്‍ വെളിച്ചം കാണുന്നത് എന്നത് പരസ്യമായ സത്യം.. ഭാര്യയും രണ്ടു സന്താനങ്ങളും അടങ്ങുന്നതാണ് കുടുംബം. ഭാര്യക്ക് ഈവക സാഹിത്യത്തിലൊന്നും താല്പര്യമില്ലെന്കിലും തന്റെ മഹിളാ സമാജ വേദികളില്‍ നോവലിസ്റ്റിന്റെ ഭാര്യ എന്നറിയപ്പെടാന്‍ വല്ലാത്ത താല്പര്യമാണ്.
തലേ ദിവസത്തെ പേടിപ്പെടുത്തുന്ന രാവിന് ശേഷം വീണ്ടും ഫല്ഗുനന്റെ മുന്‍പിലേക്ക് മറ്റൊരു രാത്രി കൂടി കടന്നു വന്നു. അത്താഴം കഴിച്ചെന്നു വരുത്തി അയാള്‍ തന്റെ 'ഓഫീസ് റൂമിലേക്ക്' നടന്നു. ഒരുപാട് വാരികകളും, പുസ്തകങ്ങളും ഒരടുക്കും ചിട്ടയും ഇല്ലാതെ സൂക്ഷിച്ചിട്ടുള്ള ഒരു വലിയ മുറിയായിരുന്നു അത്. ഒരു നോവലിന്റെ അടുത്ത അദ്ധ്യായം നാളെ തീര്‍ത്തു കൊടുക്കാം എന്ന് എഡിറ്ററോട് വാക്ക് കൊടുത്തതാണ്... പക്ഷെ എഴുതാനിരുന്നപ്പോള്‍ വല്ലാതെ ഒരു ശൂന്യത.. മനസ്സ് പിടിവിട്ടു സഞ്ചരിക്കുന്നു. ലെറ്റര്‍ പാഡും പേനയും പിടിച്ചു കുറെ നേരം അങ്ങനെ ഇരുന്നു. മടുത്തപ്പോള്‍ ബെഡ് റൂമിലെത്തി.. പ്രിയതമ ലോറി സ്ടാര്ട്ട് ചെയ്തിരുന്നു. കറങ്ങുന്ന ഫാനും നോക്കി കുറെ നേരം കിടന്നു. എപ്പോഴോ ഉറങ്ങി..
അല്പ സമയം കഴിഞ്ഞു.. അഗാധമായ ആ ഉറക്കത്തില്‍ ഫല്ഗുണന കണ്ടു, രണ്ടു കൈകള്‍ തന്റെ നേര്‍ക്ക് നീണ്ടു വരുന്നു. കഴുത്ത് ലകഷ്യമാക്കിയാണ് അതിന്റെ വരവ്. അയാള്‍ക്ക് തടയാന്‍ കഴിയുന്നതിനു മുന്‍പ് തന്നെ ആ വിരലുകള്‍ കഴുത്തില്‍ മുറുകി.. ശ്വാസം കിട്ടാതെ പിടയുമ്പോള്‍ അയാള്‍ കുറച്ചുകൂടി വ്യക്തമായി കണ്ടു നീണ്ട മുടിച്ചുരുളും, മനോഹരമായ കണ്ണുകളും.. പക്ഷെ ആ കണ്ണുകളില്‍ അഗ്നി എരിയുന്നുണ്ടായിരുന്നു. രക്തം പോലെ ചുവന്നു തുടുത്തിരുന്നു. "നീ ആരാണ്? എന്താണ് നിനക്ക് വേണ്ടത്?" അയാളില്‍ നിന്നും എങ്ങിനെയോ കുറച്ചു വാക്കുകള്‍ പുറത്തു വന്നു. "ഞാന്‍ ആതിര.. എനിക്ക് നിന്റെ ജീവന് വേണം.. എന്റെ ജീവിതം നശിപ്പിച്ചവനല്ലേ നീ.." വല്ലാത്ത ഒരു മുഴക്കത്തോടെ അവളില്‍ നിന്നും മറുപടി വന്നു. ഈശ്വരാ, ഇന്ന് വരെ അറിഞ്ഞോ അറിയാതെയോ താന്‍ ആരോടും ഒരു ദ്രോഹവും ചെയ്തിട്ടില്ലല്ലോ, പിന്നെ എന്താണ് ഈ കേള്‍ക്കുന്നത്.. ഇനി ചിലപ്പോള്‍ ഈ കക്ഷിക്ക് ആള് മാറിയതാണോ... അയാളുടെ മനസ്സ് വായിച്ചെന്ന പോലെ വീണ്ടും ആ ശബ്ദം മുഴങ്ങി.."നിങ്ങള്‍ക്കെന്നെ ഓര്‍മയില്ല അല്ലെ... അത്രയെളുപ്പം എന്നെ മറന്നു കളഞ്ഞു.. ഓര്‍ത്തു നോക്ക് കുറെ വര്‍ഷങ്ങള്‍ പിറകിലേക്ക്..." അയാള്‍ ഓര്‍മകളില്‍ മുങ്ങിതപ്പാന്‍ തുടങ്ങുന്നത് മുന്‍പ് അവള് തന്നെ പറഞ്ഞു തുടങ്ങി...
"ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച എന്നെ നല്ല വിദ്യാഭ്യാസം തന്നു വളര്‍ത്തി പിന്നെ എന്റെ ഇഷ്ടം പോലും നോക്കാതെ നഗരത്തിലെ കോളേജില്‍ അയച്ചു പഠിപ്പിച്ചു.. അവിടെ വച്ച് മുകുന്ദന് എന്ന സഹപാടിയുമായി പ്രണയതിലായതും, വീട്ടുകാരുടെ എതിര്‍പ്പിനെ അവഗണിച്ച് ഞങ്ങള്‍ രാജിസ്റെര്‍ വിവാഹം നടത്തിയതും എല്ലാം നിങ്ങളുടെ അറിവോട് കൂടിയല്ലേ. വളരെ സന്തോഷത്തോടെ ജീവിതം നയിച്ചിരുന്ന ഞങ്ങളുടെ ഇടയിലേക്ക് മുകുന്ദന്റെ അമ്മാവന്റെ മകളായ ഗായത്രിയെ തള്ളി വിട്ടതും നിങ്ങള്‍ തന്നെയല്ലേ. അവസാനം വിവാഹ മോചനം വാങ്ങിത്തന്നു നിങ്ങള്‍ എന്നെ കോടതിയില്‍ നിന്നും പുറത്തേക്കു കൊണ്ട് വരുമ്പോള്‍ മുകുന്ദന്റെയും, ഗായത്രിയുടെയും മുഖത്ത് തെളിഞ്ഞു നിന്നിരുന്ന ആനന്ദത്തിന് നിങ്ങളും സാക്ഷിയായിരുന്നല്ലോ. ജീവിതം മടുത്ത ഞാന്‍ അതമഹത്യക്കു ശ്രമിച്ചപ്പോള്‍ അവിടെയും നിങ്ങള്‍ എന്നെ രക്ഷിച്ചു. ഇനി പറയൂ ഇതെല്ലാം അനുഭവിക്കാന്‍ ഞാന്‍ എന്ത് തെറ്റ് ചെയ്തു.. വര്‍ഷങ്ങളായി എങ്ങനെ ജീവിക്കണമെന്ന് അറിയാതെ ഞാന്‍ അലയുന്നു. എന്താണ് ഇനി എന്റെ ഭാവി... ഇതൊന്നും തന്നെ ബാധിക്കുന്ന പ്രശ്നം അല്ല എന്ന ഭാവത്തില്‍ കുടുംഭവുമായി നിങ്ങള്‍ സസുഖം വാഴുന്നു. ഇതിനൊരു പരിഹാരം ഉണ്ടാക്കാതെ നിങ്ങളെ ഞാന്‍ സമാധാനമായി ജീവിക്കാന്‍ സമ്മതിക്കില്ല. ... ഇത് സത്യം..." കഴുത്തിലെ പിടി അയഞ്ഞു.. ഫല്ഗുനന് അലറിവിളിച്ചു ചാടിയെഴുന്നേറ്റു. ചുറ്റും അന്ധകാരം.. പെട്ടന്ന് മുറിയില്‍ ലൈറ്റ് തെളിഞ്ഞു.. "നിങ്ങള്ക്കിതെന്തു പറ്റി മനുഷ്യാ..ബാക്കിയുള്ളവരെക്കൂടി ഉറങ്ങാന്‍ സമ്മതിക്കില്ല.." പ്രിയതമക്ക് ഉറക്കം പോയതിലുള്ള ദേഷ്യം.. താനിവിടെ ജീവിതത്തിനും, മരണത്തിനുമിടക്കുള്ള നൂല്‍പ്പാലത്തില്‍ സഞ്ചരിച്ചുകൊണ്ടിരുന്ന കാര്യം വല്ലതും അവള്‍ക്കറിയാമോ.. മൌനമാണ് ഏറ്റവും നല്ല മറുപടി എന്നരിയാമായിരുന്നതുകൊണ്ട് വേഗം ലൈറ്റ് ഓഫ് ചെയ്തു കിടന്നു. ഉറക്കം വരുന്നില്ല. മനസ്സില്‍ ജ്വലിക്കുന്ന ആ കണ്ണുകള്‍..കൂടെ "ആതിര" എന്ന പേരും.. എത്ര ആലോചിച്ചിട്ടും ഒരു പിടിയും കിട്ടുന്നില്ല. തന്റെ ജീവിതത്തില്‍ അങ്ങനെ ഒരു യുവതിയെ പരിചയപ്പെട്ടിട്ട് പോലുമില്ല. പിന്നെ അവള് ആരാണ്... "ആതിര".. ഫല്ഗുനന് ഒന്ന് രണ്ടു വട്ടം ആ പേര് മനസ്സില്‍ ഉരുവിട്ടു പെട്ടന്ന് ഒരു മിന്നലിന്റെ വേഗതയില്‍ അയാള്‍ ചാടിയെഴുന്നേറ്റു. വല്ലാത്ത ഒരു ഭാവം ആ മുഖത്തുണ്ടായിരുന്നു. ഒരു കൊടുങ്കാറ്റിന്റെ വേഗതയില്‍ അയാള്‍ തന്റെ ഓഫീസ് മുറിയിലെത്തി.. പഴയ വാരികകളും, നോവലിന്റെ കൈയെഴുത്ത് കോപ്പികളും വച്ചിട്ടുള്ള അലമാര തുറന്ന് ഒരു വലിയ കടലാസ് കെട്ട് വലിച്ചു പുറത്തിട്ടു. തിരക്കിട്ട് പരത്തി അവസാനം അതില്‍ നിന്നും നിറം മങ്ങിയ ഒരു ചെറിയ കെട്ട് കൈയിലെടുത്തു. പൊടിപിടിച്ച ആ കെട്ട് അഴിച്ചെടുത്തു പടര്‍ന്നു തുടങ്ങിയ അക്ഷരങ്ങളിലുള്ള തലക്കെട്ട് വായിച്ചു.. "തിരുവാതിര".
വര്‍ഷങ്ങള്‍ക്കു മുന്‍പ് കേരള ജനത ആവേശത്തോടെയും, അതിലുപരി ആകാംഷയോടെയും വായിച്ചു രസിച്ച തന്റെ സൂപ്പര്‍ ഹിറ്റ് നോവല്‍. 40 അദ്ധ്യായങ്ങള്‍ ഉള്ള ആ നോവല്‍ ഒറ്റയിരിപ്പിനു ഫല്ഗുനന് വായിച്ചു തീര്‍ത്തു. ആതിരയും, മുകുന്ദനും, ഗായത്രിയുമെല്ലാം അയാളുടെ കണ്മുനപിലൂടെ വന്നു മറഞ്ഞു. ആ നോവല്‍ അവസാനിക്കുന്നത് ഇങ്ങനെയായിരുന്നു......
"............... കണ്ണ് തുറന്ന ആതിര കണ്ടത് ഡോക്ടറുടെ പുഞ്ചിരിക്കുന്ന മുഖമായിരുന്നു. ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല. ഈശ്വരന്റെ തീരുമാനമാണ് താന്‍ വേണ്ടും ജീവിതത്തിലേക്ക് തിരിച്ചു വന്നത്. ഇനി ഇതുപോലെയുള്ള ചിന്തകളൊന്നും മനസ്സില്‍ കൊണ്ടുനടക്കാതെ നല്ല കാര്യങ്ങള്‍ മാത്രം ചിന്തിക്കുക. എല്ലാ വിധ ഭാവുകങ്ങളും നേരുന്നു. ഡോക്ടര്‍ നടന്നു മറയുന്നത് ആതിര നിര്‍വികാരയായി നോക്കിനിന്നു......." (നോവല്‍ അവസാനിച്ചു)
ഫല്ഗുനന് കൈ തലയില്‍ താങ്ങി എന്ത് ചെയ്യണമെന്നു അറിയാതെ കുറെ നേരം തറയില്‍ ഇരുന്നു. അതെ താനാണ്, താന്‍ മാത്രമാണ് ആതിരയുടെ ജീവിതം നശിപ്പിച്ചത്. ആരാധകരുടെ അഭിനന്ദന കത്തുകള്‍ കണ്ടു അന്ധനായ താന്‍ അവളുടെ ജീവിതം കൊണ്ടാണല്ലോ പന്താടിയിരുന്നത് എന്ന് വേദനയോടെ അയാള്‍ ഓര്‍ത്തു. ആദ്യമായി അയാള്‍ക്ക് കുറ്റബോധം തോന്നി. ഇതിനൊരു പരിഹാരം താന്‍ തന്നെ കണ്ടേ തീരൂ. ഉറച്ച തീരുമാനത്തോടെ ഫല്ഗുനന് എഴുനേറ്റു കസേരയില്‍ ഇരുന്നു. ലെറ്റര്‍ പാഡും പേനയും കൈയിലെടുത്തു.. കട്ടിയുള്ള അക്ഷരത്തില്‍ ലെറ്റര്‍ പാഡില്‍ എഴുതി. "തിരുവാതിര - രണ്ടാം ഭാഗം" ഒട്ടും ആലോചിക്കാതെ അതിനു താഴെ ആദ്യത്തെ വരിയും എഴുതി.. "ഇന്ന് ആതിരയുടെ വിവാഹമാണ്".
ലെറ്റര്‍ പാഡ് മടക്കിവച്ച് ഒരു ദീര്‍ഖ നിശ്വാസത്തോടെ ബെഡ് റൂമിലെത്തി. അല്പം തണുത്ത വെള്ളം കുടിച്ചു ബെഡില്‍ കയറിക്കിടന്നു. അന്ന് വരെ അനുഭവിച്ചിട്ടില്ലാത്ത സമാധാനത്തോടെ ഫല്ഗുനന് കിടന്നുറങ്ങി.. ആ ഉറക്കത്തില്‍ അയാള്‍ കണ്ടു, തിളങ്ങുന്ന മനോഹരമായ ആ രണ്ടു കണ്ണുകള്‍... സ്നേഹവും, സന്തോഷവും, നന്ദിയും ഇടകലര്‍ന്ന ഒരു ഭാവമായിരുന്നു ആ കണ്ണുകളില്‍ അപ്പോള്‍ നിഴലിച്ചിരുന്നത്..