
എന്‍റെ ചെറുപ്പകാലം. ചെറുപ്പകാലത്തെ കുറിച്ച് ഓര്‍മ വരുമ്പോള്‍ മനസ്സില്‍ എപ്പോളും നിറഞ്ഞു നില്‍ക്കുന്നത് എന്‍റെ അമ്മയുടെ തറവാടാണ്. കാരണം ഒരു 10-12 വയസ്സ് വരെ ഞാനും എന്‍റെ സഹോദരിയും എന്‍റെ വീട്ടിലേക്കാള്‍ കൂടുതല്‍ ചിലവഴിചിട്ടുള്ളത് അവിടെയാണ്. തറവാടിന്റെ മുറ്റത്ത് ഒരു വലിയ പേരമരം ഉണ്ടായിരുന്നു. ആ മരത്തില്‍ സ്ഥിരമായി ഒരു ഊഞ്ഞാല്‍ ഉണ്ടാകും. പേരക്ക പഴുക്കുന്ന കാലമായാല്‍ ഒരു പാട് വവ്വാലുകള്‍ വരുമായിരുന്നു മരത്തില്‍. അതങ്ങനെ തലകീഴായി തൂങ്ങിക്കിടക്കും. വവ്വാലുകളെ അനുകരിച്ചു ഞാനും തലകീഴായി മരത്തില്‍ കാലു കൊളുത്തിയിട്ടു തൂങ്ങിക്കിടക്കുമായിരുന്നു.
ആയിടക്കു ഞങ്ങളുടെ തറവാട്ടിലെ ഒരു നിത്യ സന്ദര്‍ശകനായിരുന്നു "മൊരവന്‍ " എന്ന് പേരുള്ള ഒരു ആദിവാസി വൃദ്ധന്‍. ഒരു 75-80 വയസ്സ് പ്രായം വരും അദ്ധേഹത്തിന്. നരച്ച കുറ്റിമുടിയും , പകുതി അടഞ്ഞ കണ്ണുകളും ഉള്ള ഒരു മനുഷ്യന്‍. ഒരു വടിയും കുത്തിപ്പിടിച്ചു കൂനി കൂനി നടന്നു വരും.. ആ മനുഷ്യനു ഒരു പാട് പ്രത്യേകതകളുണ്ട്... ഒന്ന്, അയാള്‍ കഥകളുടെ ഒരു ഭാണ്ടാരമായിരുന്നു. അയാളുടെ ഭാഷയില്‍ ഞങ്ങള്‍ക്ക് മനസ്സിലാകുന്ന രീതിയില്‍ ഒരുപാട് കഥകള്‍ ഞങ്ങള്‍ക്ക് പറഞ്ഞു തരുമായിരുന്നു. മറ്റൊന്ന്, അയാള്‍ ചായ കുടിക്കുന്ന രീതി വളരെ രസകരമായിരുന്നു. നല്ല കടുപ്പത്തിലുള്ള കട്ടന്‍ ചായ, അതും പഞ്ചസാര ചേര്‍ക്കുന്നത് പുള്ളിക്ക് ഇഷ്ടമല്ല. എന്‍റെ വല്യമ്മച്ചി അയാള്‍ക്ക് ചായ കൊടുക്കുമ്പോള്‍ കൂടെ ഒരു കഷണം ശര്‍ക്കരയും കൊടുക്കും. നിലത്തു ചമ്രം പടിഞ്ഞിരുന്നു ആ ശര്‍ക്കര ചായയിലിട്ടു കുത്തിപ്പിടിക്കുന്ന വടിയുടെ മറ്റേ അറ്റം കൊണ്ട് ഇടിച്ചു കലക്കി ചായ കുടിക്കും. ഇടക്കൊക്കെ ഞാനും ഇതുപോലെ ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. എവിടെ നിന്നെങ്കിലും ഒരു കോല് സംഘടിപ്പിച്ചു ശര്‍ക്കര ചായയിലിട്ടു ഇടിച്ചു കലക്കി.... അപ്പോളെല്ലാം വടിയുമായി വല്യമ്മച്ചി എന്നെ വീടിനു ചുറ്റും ഓടിക്കുമായിരുന്നു. ഓര്‍ക്കുമ്പോള്‍ ഇന്നും ഒരുപാട് സന്തോഷവും, ഒപ്പം നൊമ്പരവും. തിരികെക്കിട്ടാന്‍ പലപ്പോഴും ഞാന്‍ ആഗ്രഹിച്ചിട്ടുള്ള ആ കുട്ടിക്കാലം..
ഈ "മൊരവന്റെ" കഥകളില്‍ എനിക്ക് ഓര്‍മ വന്ന രസകരമായ ഒന്നുണ്ട്. ഇത് അദ്ധേഹത്തിന്റെ സ്വന്തം അനുഭവമാനെന്നാണ് അയാള്‍ അവകാശപ്പെടുന്നത്.
"മൊരവന്റെ" നല്ല പ്രായത്തില്‍ അയാള്‍ക്ക് കാട്ടില്‍ പോയി തേനെടുക്കലായിരുന്നു പ്രധാന പണി. നല്ല തേനിച്ചക്കൂട് തപ്പി അയാള്‍ അങ്ങനെ കാട്ടിലൂടെ നടക്കും. പറ്റിയ ഒരെണ്ണം കണ്ടു കിട്ടിയാല്‍ വീണ്ടും രാത്രിയില്‍ ഒരു തീപ്പന്തം കൊളുത്തി ആ മരത്തില്‍ വലിഞ്ഞു കയറി ഈച്ചകളെ ഓടിച്ചു തേന്‍ കൂട് എടുക്കും. പിന്നെ അത് പിഴിഞ്ഞ് തേനെടുത്തു കുപ്പികളിലാക്കി ദൂരെ പട്ടണത്തില്‍ കൊണ്ട് പോയി വില്‍ക്കും.
ഒരിക്കല്‍ ഇതുപോലെ തേനിച്ചക്കൂട് തപ്പി നടക്കുകയായിരുന്നു അയാള്‍. ഒരു വലിയ മരത്തില്‍ പറ്റിയ ഒരു കൂട് കണ്ടെത്തി. മരത്തിനു നല്ല വണ്ണം ആയിരുന്നു. രാത്രി വരുമ്പോള്‍ കയറാന്‍ പറ്റുമോ എന്നറിയാന്‍ ഒരു പരീക്ഷണം നടത്തി നോക്കി അദ്ദേഹം. എങ്ങനെയെന്നറിയില്ല പെട്ടന്ന് തേനിച്ചക്കൂട്ടം ഇളകി. തേനിച്ച ഇളകി എന്ന് മനസ്സിലായതും "മൊരവന്‍" ഓടിയതും ഒരുമിച്ചായിരുന്നു. തേനിച്ചകള്‍ വിടുമോ... അവ കൂട്ടമായി പിന്നാലെ. കുറച്ചു ദൂരം ഓടിയ അയാള്‍ ഒരു പുഴക്കരയില്‍ എത്തി. ആ പുഴക്ക് അക്കരെ ഒരു ചെറിയ ഗ്രാമം ആണ് ഉള്ളത്. തേനിച്ച കുത്താന്‍ വന്നാല്‍ പുഴയില്‍ ചാടിയാല്‍ മതിയെന്ന് അനുഭവം കുറേ ഉള്ള നമ്മുടെ "മൊരവനു" അറിയാമായിരുന്നു. ഒന്ന് രണ്ടു കുത്ത് അതിനകം തന്നെ കിട്ടിയിരുന്ന "മൊരവന്‍" ഒന്നുമാലോചിച്ചില്ല പുഴയിലേക്ക് എടുത്തു ചാടി. പിന്നെ നടന്ന സംഭവം അയാള്‍ പോലും പ്രതീക്ഷിക്കാത്തതായിരുന്നു. അയാള്‍ പുഴയില്‍ ചാടിയതും പുഴയില്‍ നിന്നും പേടിച്ചു കരഞ്ഞുകൊണ്ട് 2-3 സ്ത്രീകള്‍ ഓടി കരയില്‍ കയറിയതും ഒരുമിച്ചായിരുന്നു. ഈച്ച വരുന്ന വെപ്രാളത്തില്‍ പുഴയില്‍ കുളിച്ചു കൊണ്ടിരുന്ന സ്ത്രീകളെ അയാള്‍ കണ്ടില്ല. എന്തിനധികം പറയുന്നു ഈച്ചകള്‍ക്ക് "മൊരവനെന്നോ" സ്ത്രീകളെന്നോ വ്യത്യാസമില്ലല്ലോ. തേനിച്ചകള്‍ മൊത്തമായി സ്ത്രീകളെ പൊതിഞ്ഞു. അവരുടെ കരച്ചില്‍ കേട്ടു ഓടിക്കൂടിയ ഗ്രാമവാസികള്‍ കണ്ട കാഴ്ച ഇതായിരുന്നു. സ്ത്രീകളുടെ ബന്ധുക്കള്‍ "മൊരവനെ" ശരിക്കും പെരുമാറി. അയാളുടെ വാക്കുകളില്‍ പറയുകയാണെങ്കില്‍ പിന്നീട് ഒരു വര്‍ഷത്തേക്ക് "മൊരവനു" തെനെടുക്കാന്‍ മരത്തില്‍ കയറാന്‍ പറ്റാത്ത അവസ്ഥയായിരുന്നു എന്നാണ്.
പിന്നീടെന്നോ അമ്മ പറഞ്ഞ് അറിഞ്ഞു. "മൊരവന്‍ " മരിച്ചുപോയി എന്ന്. പഴയകാല ഓര്‍മ്മകള്‍ മനസ്സിലേക്ക് വരുമ്പോള്‍ ആ മുഖവും ഓര്‍മ വരും. വളഞ്ഞു കൂടി നിലത്തിരുന്നു ചായക്കപ്പില്‍ കോലുകൊണ്ട് ശര്‍ക്കര ഇളക്കി , മൊത്തി മൊത്തി കുടിക്കുന്ന ആ വൃദ്ധന്റെ രൂപം.
1 comment:
മൊരവണ്ടെ കഥ അസ്സലായി..മൊരവനും തേനീച്ചകളും പെണ്ണൂങ്ങളുമൊക്കെ മനസ്സില്‍ വരുന്ന അവതരണം..
Post a Comment