ഒരുപാട് സുഹൃത്തുക്കള്‍ ഉള്ള എനിക്ക് ഇന്ന് ഒരു പുതിയ സുഹൃതിനെക്കൂടി കിട്ടി. പക്ഷെ അവളെക്കുറിച്ച് എനിക്ക് ഒന്നും അറിയില്ലായിരുന്നു. പേരോ, നാടോ ഒന്നും... എങ്കിലും ഒന്ന് മാത്രം ഞാന്‍ മനസ്സിലാക്കിയിരുന്നു, അവള്‍ അതിസുന്ദരിയായിരുന്നു. അവള്‍ അരികില്‍ വരുമ്പോള്‍ നിശാഗന്ധിയുടെ സുഗന്ധവും.. മറ്റാരിലും അന്നുവരെ ഞാന്‍ കാണാത്ത ഒരു ആകര്‍ഷണശക്തി ആ കണ്ണുകളില്‍ ഉണ്ടായിരുന്നു.. ഒരു തരം പിടിച്ചടുപ്പിക്കുന്ന കാന്തിക ശക്തി.. അവളുടെ സ്പര്‍ശനങ്ങള്‍ക്ക് മഞ്ഞിന്‍റെ തണുപ്പായിരുന്നു. നിശാഗന്ധിയുടെ സുഗന്ധമുള്ള അവളെ ഞാന്‍ "നിശ " എന്ന് വിളിക്കുന്നു.
ഞാന്‍ പോകുന്ന വഴികളിലെല്ലാം, ചെയ്യുന്ന ജോലികളിലെല്ലാം 'നിശ' യുടെ സാമീപ്യം അനുഭവപ്പെടുന്നപോലെ പലപ്പോഴും എനിക്ക് തോന്നി..
ഉറക്കം വരാത്ത രാത്രികളിലെല്ലാം നിശാഗന്ധിയുടെ സുഗന്ധം എന്‍റെ ചുറ്റും നൃത്തം വെക്കുന്നത് പോലെയും ....
ഒരിക്കല്‍ പോലും എന്നോട് സംസാരിച്ചിട്ടില്ലാത്ത അവള്‍ എന്നെ അവളുടെ നാട്ടിലേക്ക് ക്ഷണിച്ചത് എനിക്ക് ഒട്ടും വിശ്വസിക്കാനായില്ല. അങ്ങനെ ആദ്യമായി അവളുടെ ശബ്ദവും ഞാന്‍ അറിഞ്ഞു. മെല്ലെ വീശുന്ന കാറ്റിന്‍റെ സീല്‍ക്കാര ശബ്ദം പോലെ...
അവള്‍ പറഞ്ഞുതന്ന വഴികളിലൂടെ തുടിക്കുന്ന ഹൃദയവുമായി ഒരു കറുത്ത രാത്രിയില്‍ ഞാന്‍ അതിവേഗത്തില്‍ കാറോടിച്ചു.. പെട്ടന്ന് എവിടെനിന്നോ നിശാഗന്ധിപ്പൂക്കളുടെ സുഗന്ധം കാറിനുള്ളില്‍ പരന്നു. ആ സുഗന്ധം ഉള്ളിലേക്കാവാഹിച്ചു അറിയാതെ എന്‍റെ കണ്ണുകള്‍ പാതിയടഞ്ഞു. ആ ഒരു നിമിഷത്തില്‍ എന്‍റെ കാറിനു മുന്‍പിലേക്ക് അതിവേഗത്തില്‍ പാഞ്ഞു വന്ന ലോറിയുടെ ഇരമ്പുന്ന ശബ്ദം ഞാനറിഞ്ഞില്ല.
കണ്ണ് തുറക്കുമ്പോള്‍ ഞാന്‍ മറ്റൊരു ലോകത്തായിരുന്നു. പകച്ചു ചുറ്റും നോക്കിയ ഞാന്‍ കണ്ടു, എങ്ങും പൂനിലാവ് പരന്നിരിക്കുന്നു. ആ നിലാവിനിടയിലൂടെ വെണ്മേഘം പോലെയുള്ള വസ്ത്രങ്ങളും ധരിച്ചു എന്‍റെ പ്രിയ കൂട്ടുകാരി ഒഴുകിവരുന്നു. അവള്‍ അടുത്ത് വന്നു മഞ്ഞിന്‍റെ തണുപ്പുള്ള വിരലുകള്‍
എന്‍റെ വിരലുകളിലൂടെ കോര്‍ത്തുപിടിച്ചു.. ഞാന്‍ എന്നിലേക്കുതന്നെ സൂക്ഷിച്ചു നോക്കിയത് അപ്പോളാണ്. എന്‍റെ വസ്ത്രങ്ങളും വെണ്മേഘം പോലെ വെളുത്തിരിക്കുന്നു. എന്‍റെ കൈകള്‍ക്ക് മഞ്ഞിന്‍റെ തണുപ്പും... അപ്പോളും ആ നിശാഗന്ധിപ്പൂക്കളുടെ സുഗന്ധം എന്‍റെ ചുറ്റും ഉണ്ടായിരുന്നു.
1 comment:
ദൈവമേ..ചിന്തകള്‍ക്ക് ഇങ്ങനെയും തീ പിടിക്കുമോ?
നാട്ടില്‍ പോയ ഭാര്യക്ക് ഈ പോസ്റ്റിന്റെ ഒരു കോപ്പി വീട്ടില്‍ നേരിട്ട് കൊടുക്കാന്‍ വേണ്ട ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. നിശയുടെ ബാക്കി കാര്യങ്ങള്‍ ആ പാവം തീരുമാനിക്കട്ടെ.
ആ പാവത്തിന്റെയും ചിന്തകള്‍ക്ക് തീ പിടിക്കട്ടെ. അങ്ങനെ ഒരു പുതിയ ബ്ലോഗും, ബ്ലോഗറും വരട്ടെ....
അപ്പോള്‍ സത്യം പറ- ഈ നിശ ആള്‍ എങ്ങനെയുണ്ട്, കോണ്‍ടാക്‌ക്‍ട് ചെയ്യേണ്ട മേല്‍വിലാസം, ഫോണ്‍ നമ്പര്‍ സഹിതം ഒന്ന് മെസ്സേജ് ചെയ്തേക്കണെ.
പ്രതീക്ഷയോടെ,
സസ്നേഹം,
സെനു, പഴമ്പുരാണംസ്
Post a Comment