ഉച്ചയൂണിനു ശേഷം പതിവുള്ള മയക്കം ഒഴിവാക്കി ടിവി കാണാന്‍ തീരുമാനിച്ച ഞാന്‍ വളരെ അവിചാരിതമായാണ് ഒരു പരിപാടി ശ്രദ്ധിച്ചത്. പ്രശസ്തരായ കോമഡി താരങ്ങള്‍ വിധി കര്‍ത്താക്കളായ പരിപാടിയില്‍ തുടക്കത്തില്‍ എനിക്ക് കുറച്ചു താല്പര്യം തോന്നി. തുടര്‍ന്ന് അടുത്ത ദിവസങ്ങളിലും കുറച്ചു സമയം ഇതിനായി ചിലവഴിച്ച ഞാന്‍ ഇതുവരെ ആരും അവതരിപ്പിച്ചിട്ടില്ലാത്ത ചില റൌണ്ടുകള്‍ കാണാന്‍ ഇടയായി. സത്യന്‍ പാരഡി റൌണ്ട്, ജയന്‍ പാരഡി റൌണ്ട് തുടങ്ങിയവയാണ് പ്രധാനമായും ഇതില്‍ ഉണ്ടായിരുന്നത്. സത്യത്തില്‍ വളരെ അധികം വിഷമം തോന്നി. മിമിക്രിയും ഒരു കലയാണെന്നു വിശ്വസിക്കുന്ന എനിക്ക് അനുകരണം എന്ന പേരില്‍ കാട്ടികൂട്ടുന്ന ഈ കോപ്രായങ്ങളെ ഒരിക്കലും അംഗീകരിക്കാന്‍ തോന്നിയില്ല. സത്യന്‍, ജയന്‍, പ്രേംനസീര്‍ തുടങ്ങിയ അനുഗ്രഹീത കലാകാരന്മാര്‍ നല്‍കിയ മഹത്തായ സംഭാവനകള്‍, അതായിരുന്നു ഇന്നത്തെ മലയാള സിനിമയുടെ ആദ്യ ചവിട്ടു പടികള്‍.. കമ്പ്യൂട്ടറും, ടെക്നോളജിയും ഒന്നും ഇല്ലാതിരുന്ന കാലത്തും ആ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ടുതന്നെ ഒരുപാട് നല്ല സിനിമകള്‍ മലയാളത്തിനു നല്‍കാന്‍ അന്നത്തെ ഈ സൂപ്പര്‍ താരങ്ങള്‍ക്ക് കഴിഞ്ഞിരുന്നു എന്നതും മറക്കാന്‍ കഴിയാത്ത ഒരു സത്യം മാത്രം. സ്വന്തം കാരണവരുടെ തലയില്‍ ചവിട്ടി ഉയരങ്ങളിലേക്ക് കയറാന്‍ ശ്രമിക്കുന്ന ചെറുമക്കളുടെ ആവേശം പോലെയാണ് ഇതെല്ലാം കണ്ടപ്പോള്‍ എനിക്ക് തോന്നിയത്. മിമിക്രിയിലൂടെ ഈ താരങ്ങളെല്ലാം ഇപ്പോഴും ജീവിക്കുന്നു എന്ന് ചിലരെങ്കിലും ന്യായീകരിക്കാന്‍ ശ്രമിച്ചാലും എന്തിനു പരലോകത്തിരിക്കുന്ന ഈ പാവങ്ങളെ ഇങ്ങനെയുള്ള കൊപ്രായങ്ങളിലൂടെ വീണ്ടും കൊല്ലാകൊല ചെയ്യുന്നു.
(ജയനെ അനുകരിക്കുന്ന കലാകാരന്‍മാര്‍ ശബ്ദത്തിലും, കാഴ്ചയിലും യഥാര്‍ത്ഥ ജയന്റെ ഒരു കിലോമീറ്റര്‍ അടുത്തുകൂടെ വരെ പോയിട്ടില്ല എന്നുള്ളതാണ് മറ്റൊരു രസകരമായ വസ്തുത.)
മിമിക്രി എന്ന് കേള്‍ക്കുമ്പോള്‍തന്നെ ഇപ്പോള്‍ പല രാഷ്ട്രീയ നേതാക്കള്‍ക്കും സിനിമാ താരങ്ങള്‍ക്കും പേടിയാണ്, കാരണം ഈ "അനുകരണ കൊല" ഏതു രീതിയിലാണ് വരുന്നത് എന്ന് ഊഹിക്കാന്‍ സാക്ഷാല്‍ ഈശ്വരന് പോലും കഴിഞ്ഞെന്നു വരില്ല. മിമിക്രിയുടെ അമിതമായ സ്വാധീനം ഇന്നത്തെ ഒട്ടുമിക്ക മലയാള ചിത്രങ്ങളിലും കാണാന്‍ കഴിയുന്നു. തരം താണ കോമഡി രംഗങ്ങള്‍, അതും ഒരുപാടു വര്‍ഷമായി സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന സൂപ്പര്‍ താരങ്ങളില്‍ നിന്നു പോലും അനുഭവിക്കേണ്ടി വരുന്ന പ്രേക്ഷകന്‍ എങ്ങനെ സ്വന്തം പോക്കറ്റിലെ കാശു കളഞ്ഞ് രണ്ടര മണിക്കൂര്‍ തിയേറ്ററില്‍ പോയിരിക്കും. "സിനിമ കഴിഞ്ഞു പുറത്തിറങ്ങിയ തനിക്കു നേരെ പോയി തീവണ്ടിക്കു തല വെക്കാന്‍ തോന്നി" എന്ന് മലയാളത്തിലെ ഒരു സൂപ്പര്‍ താരത്തിന്റെ കോമഡി പ്രാധാന്യമുള്ള സിനിമ കണ്ടു പുറത്തിറങ്ങിയ ഒരു സുഹൃത്ത് പറഞ്ഞ വാക്കുകള്‍ എല്ലാവരെയും ഒരു നിമിഷം ചിന്തിപ്പിക്കും.
മലയാള സിനിമയിലെ പ്രഗല്‍ഭരായ പല നായകന്മാരും, സംവിധായകരും കടന്നു വന്നത് മിമിക്രി രംഗത്ത് നിന്നായിരുന്നു എന്നത് വിസ്മരിക്കാനാവില്ല എങ്കിലും മിമിക്രി പരിപാടി ടിവിയില്‍ കണ്ടാല്‍ ഉടനെ ചാനല്‍ മാറ്റുന്ന അവസ്ഥയിലേക്ക് പ്രേക്ഷകന്‍ മാറുന്നു എന്ന സത്യം ഇനിയെങ്കിലും ഇത്തരം പരിപാടിയുടെ സംഘാടകര്‍ മനസ്സിലാക്കിയാല്‍ എത്രയോ നന്നായിരുന്നു. വെള്ളിത്തിര എന്ന സ്വപ്നലോകം മുന്നില്‍ കണ്ടാണ് ഈ കോപ്രായങ്ങള്‍ കാട്ടികൂട്ടുന്നത് എന്നതാണ് മറ്റൊരു ദുഖകരമായ വസ്തുത. കോമഡി കാണിക്കുന്നത് മാത്രമാണ് മിമിക്രി എന്നാണ് പല കലാകാരന്മാരും ധരിച്ചു വച്ചിരിക്കുന്നത് എന്ന് തോന്നുന്നു. അതുകൊണ്ട് പ്രിയ കലാകാരന്മാരോട് ഒരു വാക്ക്. "ഇക്കിളിയിട്ടാല്‍ പോലും ചിരി വരാത്ത കണ്ടു മടുത്ത ഇത്തരം കോമഡികളില്‍ നിന്നും മാറി ചിന്തിക്കുമ്പോള്‍ പ്രേക്ഷകന്‍ വീണ്ടും മിമിക്രിയെ സ്നേഹിച്ചു തുടങ്ങും. തിരക്ക് പിടിച്ച, ടെന്‍ഷന്‍ നിറഞ്ഞ ജീവിതത്തില്‍, സീരിയലുകളും, റിയാലിറ്റി ഷോകളും കണ്ടു മടുത്ത മലയാളികള്‍ക്ക് അതൊരു കുളിര്കാറ്റാകും..
No comments:
Post a Comment