Saturday, November 29, 2008

ഒരു വട്ടം കൂടി........



പടിപ്പുര , മുറ്റം, പൂമുഖം, വരാന്ത, നടുമുറ്റം, കുളം ....... കെട്ടു മറന്ന ഒരുപാടു പദങ്ങള്‍.. ഒരു കാലത്തു നമ്മുടെയൊക്കെ ജീവിതത്തില്‍ ഒരു പാടു സ്വാധീനം ചെലുത്തിയിരിക്കുന്നു ഈ വാക്കുകളെല്ലാം. എന്നാല്‍ അനാഥമായ ഈ നടുമുറ്റം നമ്മെ മധുരമൂറുന്ന ഓര്‍മകളിലേക്ക് കൂട്ടി കൊണ്ടുപോകുന്നില്ലേ...

വിശാലമായ നടുമുറ്റം... പൂമുഖത്ത് ചാരുകസേരയില്‍ നാലുംകൂട്ടി മുറുക്കി ചുവപ്പിച്ചു അങ്ങനെ നീണ്ടു നിവര്‍ന്നു കിടക്കുന്ന കാരണവര്‍.. മുറ്റത്തും തൊടിയിലും ഓടിക്കളിച്ചും, ഊഞ്ഞാലാടിയും നടക്കുന്ന കുട്ടികള്‍.. അടുക്കളയില്‍ നിന്നും അവിയലിന്റെയും, സാമ്പാരിന്റെയും, കൊതി പിടിപ്പിക്കുന്ന ഗന്ധം.. ഒരുമിച്ചിരുന്ന ഉച്ച ഭക്ഷണം, പാട്ടും, ആട്ടവും, എങ്ങും ബഹളമയം... ആഘോഷ പ്രതീതി..

ഇന്നു എല്ലാം ഓര്‍മകളില്‍ മാത്രം.. കൂട്ടു കുടുംബം അണു് കുടുംബങ്ങള്‍ക്ക് വഴി മാറിയപ്പോള്‍ നമുക്കു നഷ്ടമായത് ഒരു പാട്. ഒത്തു ചേരലും, ആഘോഷങ്ങളും, കഥകളും, പാട്ടുകളും എല്ലാം ചാനലുകളില്‍ ഒതുങ്ങി.. മുത്തശനും, മുത്തശിയും വൃദ്ധ മന്ധിരങ്ങളിലേക്ക് പറിച്ചു നടപ്പെട്ടപ്പോള്‍ കൊച്ചുമക്കള്‍ ഫ്ലാറ്റുകളില്‍ കൂട് വെക്കുന്നു. പേരകുട്ടികള്‍ കംബ്യുട്ടരില്‍ ആശംസകളും, സൌഹൃദങ്ങളും പങ്കു വെക്കുന്നു. ഊഞ്ഞാല്‍ എന്തെന്നും, കുളം എന്തെന്നും അറിയാത്ത യൂറോപ്യന്‍ സംസ്കാരം അടിചെല്‍പ്പിക്കപെടുന്ന പുതിയ തലമുറ...

കഥകളും, കവിതകളും, നാടന്‍ പാട്ടുകളും, കടങ്കഥകളും മോഴിയെണ്ട നാവുകളില്‍ ഹാരി പോര്ടരും, സ്പൈഡര്‍ മാനും , ടോം ആന്‍ഡ് ജെറിയും നിറയുന്നു. ഈ യാത്ര തുടരുമ്പോള്‍ നമുക്കു നഷ്ടമാകുന്നതെന്ത്. നമ്മളെല്ലാം വാനോളം ഉയര്‍ത്തിപ്പിടിച്ച അല്ലെന്കില്‍ ഇപ്പോളും ഉയര്‍ത്തിപ്പിടിക്കുന്ന നമ്മുടെ ഭാരത സംസ്കാരം.. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ സംസ്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സംസ്കാരം.. മനപ്പൂര്‍വമല്ലെങ്കിലും ഞാനും, നിങ്ങളുമെല്ലാം ഇതിന്റെയൊരു ഭാഗമാവുകയല്ലേ. അറിയാതെ നമ്മുടെ യാത്രയും അങ്ങോട്ട് തന്നെയല്ലേ... എങ്കിലും മനസ്സില്‍ ഒരാഗ്രഹം കേടാവിളക്കുപോലെ ഇപ്പോഴും ജ്വലിച്ചു നില്ക്കുന്നു... ഒരിക്കല്‍ കൂടി ആ പൂമുഖത്ത്... ആ നടു് മുറ്റത്ത്‌....................

Wednesday, November 26, 2008

ഓര്‍മയുടെ താളുകള്‍ മറിക്കുമ്പോള്‍ ...

ഒരു സുഹൃത്തിന്റെ കാറില്‍ സല്മാനിയയില്‍ നിന്നും കാനു ഗാര്‍ഡന്‍ ലേക്ക് വരുന്ന വഴിയായിരുന്നു. സല്‍മാനിയ ഹോസ്പിറ്റലിനു മുന്‍പിലെ സിഗ്നലില്‍ പച്ച വെളിച്ചം കാത്തു കിടക്കുമ്പോഴാണ് ആ സംഭവം നടന്നത്. അവിടെ ബസ്സ് സ്റ്റോപ്പില്‍ കണ്ട ഒരു മുഖം എനിക്ക് വളരെ പരിചിതമായി തോന്നി. മധ്യ വയസ്സുള്ള ഒരു സ്ത്രീയായിരുന്നു അത്. ഓര്‍മകളുടെ അടിത്തട്ടിലേക്ക് ഊളിയിട്ടപ്പോള്‍ എന്‍റെ പരിചയം മെല്ലെ കൂടി കൂടി വന്നു.

സിഗ്നലില്‍ പച്ച വെളിച്ചം കത്തുന്നതും കാര്‍ മുന്നോട്ടു നീങ്ങുന്നതും ഞാനറിഞ്ഞു.. പെട്ടന്നാണ് ഒരു മിന്നല്‍ പോലെ എനിക്കാ മുഖം പിടികിട്ടിയത്... അപ്പോഴേക്കും കാര്‍ കുറച്ചു ദൂരം മുന്നോട്ടു നീങ്ങിയിരുന്നു. ഉടനെ ഞാന്‍ സുഹൃത്തിനോട് കാര്‍ നിറുത്താന്‍ പറഞ്ഞു.. കാര്‍ നിന്നതും പുറത്തേക്ക് ചാടിയിറങ്ങിയ ഞാന്‍ അവനോടു "പിന്നെ കാണാം" എന്ന് പറഞ്ഞു ഒരു ഓട്ടമായിരുന്നു. അവന്‍ അന്തംവിട്ടു എന്നെ നോക്കുന്നത് ഞാന്‍ കണ്ടില്ല എന്ന് നടിച്ചു. ഒരു രണ്ടു മിനിട്ട്. അതിനുള്ളില്‍ ഞാന്‍ സിഗ്നലിനു അടുത്തെത്തി. ആ സ്ത്രീ അവിടെതന്നെ നില്‍പ്പുണ്ടായിരുന്നു. ഞാന്‍ അവരുടെ അടുത്തേക്ക് നടന്നു. അതെ അവര്‍ തന്നെ. അതേ മുഖം.. കുറച്ചു തടി കൂടിയിട്ടുണ്ട്. മുടി അല്പം നരച്ചിരിക്കുന്നു. കണ്ണിനടിയില്‍ കറുപ്പ് രാശി.

"മേരിചെച്ചിയല്ലേ?" അല്പം സങ്കോച്ചതോടെയും അതിലുപരി ആകാംഷയോടെയും ഞാന്‍ ചോദിച്ചു. അവര്‍ എന്‍റെ നേരെ സൂക്ഷിച്ചു നോക്കി. മറുപടി ഒന്നും പറഞ്ഞില്ല. അല്‍പനേരം മിണ്ടാതെ നിന്നെന്കിലും ആകാംഷ അടക്കാനാവാതെ വീണ്ടും ചോദ്യം ആവര്‍ത്തിച്ചു. ഇത്തവണ അവര്‍ കുറച്ചുകൂടി രൂക്ഷമായി എന്നെ നോക്കി. കൂടെ ഒരു ചോദ്യവും "നിങ്ങളാരാ"? ഞാന്‍ പേരു പറഞ്ഞു. കൂടെ എന്‍റെ സ്ഥലപ്പേരും. അത് കേട്ടപ്പോള്‍ ആ കണ്ണുകളില്‍ ഒരു തിളക്കം മിന്നി മറഞ്ഞോ. എന്നിട്ടും അവര്ക്കു എന്നെ അത്രയ്ക്ക് മനസ്സിലായില്ല എന്ന് എനിക്ക് തോന്നി. ഞാന്‍ വിശദമായി എന്നെ പരിചയപ്പെടുത്തി. അച്ഛനമ്മമാരുടെ പേരും ഞാന്‍ താമസിച്ചിരുന്ന സ്ഥലവും കൂടി പറഞ്ഞപ്പോള്‍ അവര്‍ അത്ഭുതം നിറഞ്ഞ കണ്ണുകളോടെ എന്നെ നോക്കി. അവര്ക്കു തീരെ വിശ്വാസം വരാതതുപോലെ. "ദൈവമേ അന്നത്തെ ആ കൊച്ചു ചെറുക്കനാണോ ഈ നില്ക്കുന്നത്?" വിശേഷങ്ങളൊക്കെ ചോദിച്ച കൂട്ടത്തില്‍ അവര്‍ ഏതോ ഒരു അറബിയുടെ വീട്ടില്‍ house maid ആയി ജോലി നോക്കുകയാണെന്നും ഇവിടെ വന്നിട്ട് അഞ്ചു വര്‍ഷം ആയെന്നും അറിയാന്‍ കഴിഞ്ഞു . അടുത്തമാസം ഇവിടെനിന്നും ജോലി ഉപേക്ഷിച്ചു പോവുകയാണെന്നും മകളുടെ വിവാഹം രണ്ടു മാസത്തിനുള്ളില്‍ ഉണ്ടാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

എന്‍റെ ചിന്തകള്‍ പതുക്കെ പുറകോട്ടു സഞ്ചരിക്കുകയായിരുന്നു. ഒരു 18-19 വര്‍ഷം പുറകിലേക്ക്. ഞാന്‍ അന്ന് നാലിലോ അന്ഞിലോ പഠിക്കുകയായിരുന്നു. ആയിടക്കാണ് ഞങ്ങളുടെ അടുത്ത വീട്ടില്‍ ഒരു കുടുംബം വാടകക്ക് താമസിക്കാന്‍ എത്തുന്നത്‌. വാഴക്കുല കച്ചവടം നടത്തുന്ന പോക്കര്‍ എന്ന ആളുടെതാണ് ആ വാടക വീട്. വാടക വീട് എന്ന് പറഞ്ഞാല്‍ ഒരു മുറിയും അടുക്കളയും മാത്രമുള്ള പുല്ലു മേഞ്ഞ ഒരു കൊച്ചു പുര. അവിടെ ഏത് താമസക്കാര്‍ വന്നാലും ഒരു മാസത്തില്‍ കൂടുതല്‍ താമസിക്കില്ല എന്ന് എല്ലാവരും കളിയായി പറയുമായിരുന്നു. അമ്മയും അച്ഛനും നാല് വയസ്സുള്ള ഒരു പെണ്‍കുട്ടിയും അടങ്ങിയതായിരുന്നു ഈ കുടുംബം. സിനിമയിലൊക്കെ കാണുന്ന ബാലതാരങ്ങളെ വെല്ലുന്ന ഒമാനത്തമായിരുന്നു ആ കുഞ്ഞു മുഖത്ത്. ആ കുഞ്ഞിന്റെ ചിരിയും കളിയും കുസൃതികളും കൊണ്ടു വളരെ പെട്ടന്ന് ആ കുടുംബം എല്ലാവരുടെയും പ്രിയപ്പെട്ടവരായി മാറി. ആ കുട്ടിയുടെ അച്ഛന്‍ "ബാലന്‍" എന്ന പേരുള്ള അയാളെ വളരെ കുറച്ചു മാത്രമെ ഞങ്ങളെല്ലാം കണ്ടിട്ടുള്ളു. ദൂരെ ഒരിടത്ത് ബിസിനെസ്സ് ആണെന്ന് ചോദിക്കുന്നവരോട് അയാള്‍ പറയും. . ഒരു വലിയ കുടുംബത്തിലെ അങ്ങമായിരുന്നു മേരി എന്ന ആ സ്ത്രീ. അവരുടെ ഡ്രൈവറായിരുന്നു ബാലന്‍. മേരിയെ കോളേജില്‍ കൊണ്ടുപോയി വിടുന്നതും , കൂട്ടികൊണ്ട് വരുന്നതുമെല്ലാം ഡ്രൈവര്‍ ബാലന്‍ ആയിരുന്നു. കൌമാരത്തില്‍ എല്ലാവര്ക്കും സംഭവിക്കുന്ന ഒന്നാണല്ലോ പ്രണയം. അത് ഇവിടെയും വില്ലനായി. അവസാനം വീട്ടുകാരുടെ എതിര്‍പ്പിനെ വക വെക്കാതെ അവര്‍ വിവാഹിതരായി. ജോലി നഷ്ടപ്പെട്ട ബാലനും, വീട്ടില്‍ നിന്നും ആട്ടിയിരക്കാപ്പെട്ട മേരിയും അങ്ങനെ ആ നാട്ടില്‍ നിന്നും യാത്ര പറഞ്ഞു. അവരുടെ ജീവിത കഥ ആ പ്രായത്തില്‍ എനിക്ക് അറിയാന്‍ കഴിഞ്ഞത് ഇത്രയുമൊക്കെയാണ്.

ഒരു ദിവസം രാത്രി ഒരു മൂന്നു മണിയായിക്കാണും , വലിയ ഒച്ചയും ബഹളവും കേട്ടാണ്‌ ഞാന്‍ ഉണര്‍ന്നത്. അടുത്ത് എവിടെ നിന്നോ ആണ്. എല്ലാവരും മുറ്റത്തിറങ്ങി, കൂടെ ഞാനും. പോക്കരിന്റെ വാടക വീടിനു മുന്‍പില്‍ പോലീസ് ജീപ്പ്. എന്‍റെ ഉള്ളില്‍ വല്ലാത്ത ഒരു ഭയം നിറഞ്ഞു. ആരൊക്കെയോ പറയുന്നതു കേട്ടു അവര്‍ വന്നത് ബാലനെ അന്വേഷിചാനെന്നു. പിന്നീട് പോലീസില്‍ നിന്നുമാണ് അറിഞ്ഞത് "കോടാലി ബാലന്" ചന്ദന കള്ളകടതാണ് ജോലി എന്ന്. ദൂരെ കാടിനോട്‌ ചേര്‍ന്നുള്ള ഗ്രാമത്തിലെ എജന്റുമാരില്‍ നിന്നും ചന്ദനം വാങ്ങി അടുത്തുള്ള ഫാക്ടറിയില്‍ എത്തിക്കുകയായിരുന്നു ബാലന്റെ ജോലി.
കൂടെ നല്ല പ്രതിഫലവും. പോലീസിന്റെ ചോദ്യത്തിനു മുന്‍പില്‍ ആ പാവം സ്ത്രീ കരയുന്നതും അവരുടെ സാരിത്തുമ്പില്‍ പിടിച്ചിരുന്ന കുഞ്ഞികൈകള്‍ വിറക്കുന്നതും ഞാന്‍ കണ്ടു. അരണ്ട വെളിച്ചത്തില്‍ കാണാമായിരുന്നു ആ കൊച്ചു കണ്ണുകളിലെ നിറഞ്ഞു നില്‍ക്കുന്ന ഭയം.

പിന്നീട് പല രാത്രികളിലും ഇത് ആവര്‍ത്തിച്ചു. എന്നാല്‍ ഒരിക്കല്‍ പോലും ബാലനെ അവര്ക്കു പിടികിട്ടിയില്ല. ഒരിക്കല്‍ ഞങ്ങളുടെ ഗ്രാമം ഉണര്‍ന്നത് കോടാലി ബാലന്റെ മരണവാര്‍ത്ത കേട്ടാണ്‌. രാത്രി കാട്ടിലൂടെയുള്ള യാത്രയില്‍ എന്തോ അപകടം പറ്റിയതായിരുന്നു. അങ്ങനെ അനാധരായിതീര്‍ന്ന ആ അമ്മയും മകളും ബാലന്റെ നാട്ടിലേക്ക് യാത്രയായി.. ഞങ്ങള്‍ എല്ലാവരുടെയും മനസ്സില്‍ ഒരുപാടു ദുഖം ബാക്കിവച്ചുകണ്ട്.. പിന്നീടൊരിക്കലും അവര്‍ തിരിച്ചുവന്നില്ല. കാലത്തിന്റെ സഞ്ചാരം വളരെ വേഗത്തിലായതിനാല്‍ എല്ലാവരും അവരെ മറന്നു. ഞാനും.

"ഞാന്‍ പോവുകയാണ്. ബസ് വന്നു" പെട്ടന്നുള്ള ആ ശബ്ദം എന്നെ ചിന്തയില്‍ നിന്നും ഉണര്‍ത്തി. "മകള്‍"? എന്‍റെ ചോദ്യത്തിനു മറുപടിയായി അവര്‍ പറഞ്ഞു " ലീന ടീച്ചറായി ജോലി ചെയ്യുന്നു. നാട്ടില്‍ ഒരു ഹോസ്റലില്‍ ആണ് താമസം. അവളെ നല്ലോരിടത്ത് വിവാഹം ചെയ്തയാക്കണം എന്ന ആഗ്രഹവുമായാണ് ഞാന്‍ ഇവിടെ വന്നത്. എന്‍റെ അവസ്ഥ എന്‍റെ മകള്‍ക്കുണ്ടാകരുത്. ഓരോ വര്ഷവും കരുതും ഗള്‍ഫ്‌ ജീവിതം മതിയാക്കി തിരിച്ചു പോകണമെന്ന്. നീണ്ടു പോയ ആ തീരുമാനം ഇപ്പോള്‍ അഞ്ചു വര്‍ഷത്തില്‍ എത്തി നില്ക്കുന്നു. ഇനി ഒരു മാസം കൂടി. പിന്നെ എങ്ങിനെ ജീവിക്കും എവിടെ ജീവിക്കും ഒന്നും എനിക്കറിയില്ല. മകള്‍ മാത്രമാണ് ഇപ്പോള്‍ എന്‍റെ മനസ്സില്‍‌ ". ആ കണ്ണുകള്‍ നിറയുന്നത് ഞാന്‍ കണ്ടു. "പോകുന്നതിനു മുന്‍പ് ദൈവം അനുവദിച്ചാല്‍ വീണ്ടും കാണാം" എന്ന് പറഞ്ഞു അവര്‍ ബസ്സില്‍ കയറി.

എന്നാല്‍ പിന്നീട് ഞാന്‍ അവരെ കണ്ടിട്ടില്ല. അവര്‍ പറഞ്ഞതു സത്യമാണെങ്കില്‍ ഒരു മാസത്തിനു ശേഷം അവര്‍ തരിച്ചു പോയിക്കാണും. സ്വന്തം മണ്ണിലേക്ക്. എനിക്കവരോട് സത്യത്തില്‍ ബഹുമാനം തോന്നുന്നു. ജീവിതത്തിന്റെ കറുത്ത മുഖങ്ങളില്‍ തളരാതെ തന്‍റെ ലകഷ്യ പ്രാപ്തിക്കായി കഷ്ടപ്പെട്ട് , മകള്‍ക്കായി മാത്രം ജീവിച്ച സ്ത്രീ... എവിടെയായിരുന്നാലും അവര്‍ സന്തോഷമായി തന്നെ ജീവിക്കട്ടെ, ഇനിയുള്ള കാലമെങ്കിലും.

Sunday, November 23, 2008

സൌഹൃദം


സൌഹൃദം... മനുഷ്യജീവിതത്തിലെ ഏറ്റവും അമൂല്യമായത്..
ഒരിക്കലും തമ്മില്‍ കണ്ടിട്ടില്ലാത്ത, അല്ലെങ്കില്‍ ഒരിക്കലും തമ്മില്‍ ഒന്ന് സംസാരിക്കുക പോലും ചെയ്തിട്ടില്ലാത്ത രണ്ടുപേര്‍... എങ്കിലും ഈ ഒന്നുമറിവില്ലയ്മയിലും സൌഹൃദം മാത്രം വേറിട്ട്‌ നില്‍ക്കുന്നു... ജാതി മത, ദേശ ഭാഷ, ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ.. ബസ്സില്‍ ഓടിക്കിതച്ചു അടുത്ത സീറ്റില്‍ വന്നിരിക്കുന്ന ഒരാള്‍, അല്ലെങ്കില്‍ നല്ല മഴയില്‍ നനഞ്ഞു പോകുമ്പോള്‍ ഒരു കുട തന്നു സഹായിക്കുന്ന ആള്‍, അങ്ങനെ പലരും ജീവിത യാത്രയില്‍ നമ്മുടെ ആത്മാര്‍ത്ഥ സുഹൃത്തുക്കളായി മാറുന്നു... ദുഖങ്ങളില്‍ തോളില്‍ തല ചായ്ച്ചു വിതുമ്പുവാന്‍, സന്തോഷങ്ങളില്‍ പരസ്പരം പറഞ്ഞു പൊട്ടിച്ചിരിക്കാന്‍ ഒരു സുഹൃത്ത്‌ ... അത് ഒരു മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ്...
ചിലര്‍ക്ക് മാത്രം കിട്ടുന്ന ഏറ്റവും വലിയ ഭാഗ്യം...

നഷ്ടപ്രതാപത്തിന്‍റെ ഓര്‍മകളില്‍ ...

ഇത് വിധിയാണ്.. അല്ലെങ്കില്‍ കാലത്തിനൊത്ത് ചലിക്കാന്‍ കഴിയാത്തവന്‍റെ നിസ്സഹായാവസ്ഥ... ഇത്തരമോരവസ്ഥയെപ്പറ്റി മുന്‍പ് എപ്പോഴെങ്കിലും ചിന്തിച്ചിരുന്നോ ... കുറച്ചൊക്കെ ഞാനും അഹങ്കരിച്ചിരുന്നു... സത്യം... അല്ലെങ്കില്‍ പാവം പേനകളെയും, പെന്സിലുകളെയും കളിയാക്കിയതിന് കിട്ടിയ ശിക്ഷയാകാം.. ഒരുപക്ഷെ അവര്‍ മനസ്സറിഞ്ഞു ശപിച്ചതാകാം..അവരുടെ നിലയ്ക്കും വിലയ്ക്കും ഇപ്പോഴും കുറവൊന്നും ഇല്ലല്ലോ.. മനുഷ്യന്‍റെ ഹൃദയത്തിനോട് ചേര്‍ന്ന് പോക്കറ്റിലല്ലേ അവരുടെ സ്ഥാനം.. ഞാനോ... ഒരിക്കല്‍ മനുഷ്യന്‍റെ ഹൃദയത്തില്‍ ഇടമുണ്ടായിരുന്ന ഞാന്‍ ഇന്ന് വലിച്ചെറിയപ്പെട്ടു ഒരു മൂലയില്‍ പൊടിയണിഞ്ഞു, ചലനം നിലച്ച് , കടലാസുകളിലേക്ക് ആഞ്ഞു പതിച്ചിരുന്ന ബലമുള്ള പല്ലുകള്‍ കൊഴിഞ്ഞ് ........... മനസ്സിലേക്ക് ഒരുപാട് ഓര്‍മ്മകള്‍ കടന്നു വരുന്നു... സിനിമയിലെ ഫ്ലാഷ് ബാക്ക് പോലെ...
എത്രയോ സുന്ദരിമാരുടെ മൃദു വിരല്‍ സ്പര്‍ശം ഞാന്‍ അറിഞ്ഞിട്ടുണ്ട്...ഇപ്പോഴും മാറാതെ നില്‍ക്കുന്നു, ചന്ദനതിന്‍റെയും , കസ്തൂരി മഞ്ഞളിന്റെയും സുഗന്ധം... എന്‍റെ പതനത്തിനു കാരണമായ, അല്ലെങ്കില്‍ പതനത്തില്‍ സന്തോഷിച്ച "കംപ്യൂട്ടര്‍" എന്ന ആ വിദേശി ചിരിച്ച ആ ചിരി ഇപ്പോഴും കാതുകളില്‍ മുഴങ്ങുന്നു... പഴുത്തയില വീഴുമ്പോള്‍ പച്ചിലക്കുണ്ടാകുന്ന അതെ ചിരി...
എന്‍റെ സ്ഥാനം അവന്‍ തട്ടിയെടുക്കുമ്പോള്‍ സത്യത്തില്‍ ഞാന്‍ ഒരുപാട് പുറകോട്ടു ചിന്തിച്ചുപോയി... ഇത് തന്നെയായിരുന്നില്ലേ ഒരു കാലത്തെ എന്‍റെയും അഹംഭാവം... ഇവനറിയുന്നില്ലല്ലോ ഇതിലും കേമന്‍ വരുമ്പോള്‍ മനുഷ്യന്‍ ഇവനെയും വലിച്ചെറിയും എന്ന സത്യം... മനുഷ്യമനസ്സ് , അത് എനിക്കറിയുന്ന പോലെ പുതിയ തലമുറയ്ക്ക് അറിയില്ലല്ലോ.. കാത്തിരുന്നു കാണുക തന്നെ... ഈശ്വരന്‍ അതിനുള്ള ആയുസ്സ് ഇനിയും നീട്ടിതന്നാല്‍.. എന്തായാലും ഒരു കാര്യത്തില്‍ തര്‍ക്കമില്ല...ഇനിയൊരു തിരിച്ചുവരവ് അസാധ്യം...

എന്നെ ഇനിയും നിങ്ങള്‍ക്ക് മനസ്സിലായില്ലേ സുഹൃത്തുക്കളെ...
നിങ്ങളുടെ മനസ്സില്‍ നിന്ന് പോലും എന്നെ തൂത്തെറിഞ്ഞു എന്നതിന് ഇതില്‍പ്പരം വേറെ തെളിവെന്തിന്....
ഇനിയും മരിക്കാത്ത ഓര്‍മകളുമായ് .......
നിങ്ങളുടെ സ്വന്തമായിരുന്ന ...
ടൈപ്പ് റൈറ്റര്‍.

Saturday, November 22, 2008

Prevent Child abuse..


ബാലപീഡനം ... പ്രത്യേകിച്ച് പെണ്‍കുട്ടികളോട്... പലപ്പോഴും നാം പത്രമാധ്യമങ്ങളിലൂടെ കാണുന്നു ഞെട്ടിക്കുന്ന ഇത്തരം വാര്‍ത്തകള്‍.. അതും 100% സാക്ഷരത നേടിയ (അല്ലെങ്കില്‍ അങ്ങനെ വിശേഷിപ്പിക്കുന്ന) നമ്മുടെ കൊച്ചു കേരളത്തിലാണ് ഇത് കൂടുതല്‍ എന്ന് കേള്‍ക്കുമ്പോള്‍ ആ ഞെട്ടല്‍ അധികമാകുന്നു... എന്താണിതിനു കാരണം... അണുകുടുംബത്തിന്‍റെ വേഗതയേറിയ ജീവിത സാഹചര്യങ്ങളില്‍ ബന്ധങ്ങളുടെ വില പുതിയ തലമുറയ്ക്ക് അറിയാതെ പോകുന്നതാകാം ഒരു കാരണം... കൂടെ എന്തിനും ഏതിനും പാശ്ചാത്യരെ അനുകരിക്കുന്ന നമ്മുടെ മനോഭാവവും.. പുരോഗതി എന്നാ പേരിലുള്ള ഈ യാത്ര എവിടേക്ക്... എവിടെയാകും ഇതിനോരവസാനം... ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു...

കുശവന്മാര്‍



കുശവന്മാര്‍..അല്ലെങ്കില്‍ കുംബാളന്മാര്‍.. ഒരിക്കല്‍ നമ്മുടെയെല്ലാം ജീവിതത്തില്‍ ഇവര്‍ക്കുള്ള സ്ഥാനം വളരെ വലുതായിരുന്നു.. ഭക്ഷണം പാകം ചെയ്തു കഴിക്കുന്ന ശീലം മനുഷ്യന്‍ എന്ന് തുടങ്ങിയോ അന്ന് മുതല്‍.... മണ്‍പാത്രങ്ങള്‍ ജീവിതത്തില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒരു ഘടകമായ്‌ മാറിയ ആ കാലം.. മനുഷ്യന്‍ ഇന്ന് ആധുനികതയുടെ നെറുകയില്‍ നില്‍ക്കുന്നു..സാന്കേതിക വളര്‍ച്ച അവനെ അവിടെവരെ കൊണ്ടെത്തിച്ചിരിക്കുന്നു. ഈ ഓട്ടത്തിനിടയില്‍ പഴയതെല്ലാം പലപ്പോഴും വിസ്മരിക്കപ്പെടുന്നു.. ചെടിച്ചട്ടിപോലും ആധുനികവല്‍ക്കരിക്കപെട്ടപ്പോള്‍ മണ്‍പാത്ര നിര്‍മാണം ജീവിതമാക്കിയ കുറേ വയറുകള്‍ ഇരുളില്‍ പകച്ചു നില്‍ക്കുന്നു.. ചളി പുരണ്ട ആ കൈകള്‍ വിറക്കുന്നു, തന്‍റെ കുഞ്ഞുങ്ങളുടെ ഒരു നേരത്തെ വിശപ്പടക്കാനാവാതെ.. പാത്രം മെനയുന്ന ആ കൈകള്‍ പക്ഷെ ജീവിതം മെനയുമ്പോള്‍ തളരുന്നു. താഴെ വീണ മണ്‍പാത്രങ്ങള്‍ പോലെ ഉടയുന്ന ജീവിതങ്ങള്‍.. എത്രനാള്‍ സമൂഹം ഇവര്‍ക്ക് നേരെ കണ്ണടക്കും..ഈ ജീവിതങ്ങള്‍ അവസാനിക്കും വരെയോ??

Stop Child labour


കൊച്ചുകുട്ടികളെകൊണ്ട് ജോലി ചെയ്യിപ്പിക്കുന്ന കാഴ്ച ഇന്ന് സര്‍വസാധാരണമായിരിക്കുന്നു. അല്ലെങ്കില്‍ മനപൂര്‍വ്വം നമ്മള്‍ അത് കണ്ടില്ല എന്ന് നടിക്കുന്നു.. കുട്ടികള്‍ ചിത്രശലഭങ്ങളെപ്പോലെയാണെന്ന് പാടുന്ന നാം അവയെക്കൊണ്ടു കല്ലെടുപ്പിക്കുന്നു.. ചായക്കൂട്ടുകള്‍ പടരേണ്ട കൈകളില്‍ ഓയിലും, ഗ്രീസും പരക്കുന്നു... പേന പിടിക്കേണ്ട ആ കുഞ്ഞു കൈവിരലുകള്‍ എച്ചില്‍ പാത്രങ്ങള്‍ കഴുകുന്നു...അവന്‍റെ തിളങ്ങുന്ന കൊച്ചുകണ്ണുകള്‍ ഹോട്ടലുകളിലെ അടുക്കളപ്പുകയില്‍ കലങ്ങുന്നു.. പാഠപുസ്തകങ്ങളും, ചിത്ര കഥകളും അവന്‌ അന്യമാകുന്നു. വിശപ്പിന്‍റെ വിളി മാത്രം അവന്‍റെ കാതുകളില്‍ മുഴങ്ങുന്നു... ആ വിശപ്പിന്‍റെ ആഴത്തെ മുതലെടുക്കുന്ന മുതലാളിത്തസംസ്കാരവും.. ആവശ്യത്തിനും അനാവശ്യത്തിനും കൊടിപിടിക്കുന്ന നമ്മുടെ സംഘടനകള്‍ എല്ലാം എന്തെ കണ്ണടക്കുന്നു? ഒന്ന് മറക്കാതിരിക്കുക... ഇത് നമ്മുടെ ഭാവി തലമുറ...

മഴ!!!!!



മഴ... ദൈവസൃഷ്ടിയിലെ ഏറ്റവും മനോഹരമായ ഒന്ന്... മഴയെ സ്നേഹികാത്തവരായ് ആരുണ്ട്‌... കവികള്‍ ഏറ്റവും കുടുതല്‍ പാടിയിട്ടുള്ളതും മഴയെപറ്റിയാണല്ലോ ..... വരണ്ടുണങ്ങിയ മണ്ണില്‍ വീഴുന്ന മഴത്തുള്ളികളെ ഭുമി ഇരുകൈകളും നീട്ടി മറോടണക്കുന്ന കാഴ്ച .. എല്ലാ ദുഖവും മറന്നു ഞാന്‍ ഒരുപാടു നോക്കി നിന്നിട്ടുണ്ട്... ഇപ്പോഴും മനസ്സിലേക്ക് പതുക്കെ കടന്നു കയറുന്നു, നനഞ്ഞ മണ്ണിന്‍റെ ഗന്ധം.. ഒരുതരത്തില്‍ പറഞ്ഞാല്‍ മഴ ഒരു കഴുകി വെടിപ്പാക്കലാണ് ... മനസ്സില്‍ ഉരുണ്ടുകുടുന്ന കാര്‍മേഘങ്ങളെ പെയ്തു തീര്‍ക്കുന്ന ഒന്ന് ... പെയ്തൊഴിയുന്ന മാനം പോലെ... മഴക്കുവേണ്ടി ദാഹിക്കുന്ന, മഴയില്‍ എല്ലാം മറന്നു ഭുമിയുടെ അറ്റം വരെ നടക്കാന്‍ കൊതിക്കുന്ന എന്നെപ്പോലുള്ള ഒരുപാട് പ്രവാസിജീവിതങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നു, ഇത്തരം ചില മഴച്ചിത്രങ്ങള്‍... അവര്‍ക്കായ് സമര്‍പ്പിക്കുന്നു...

തപാല്‍ പെട്ടിയുടെ ദുഖം...


എന്‍റെ പേര് തപാല്‍ പെട്ടി. പുതിയ തലമുറയ്ക്ക് ഒരു പക്ഷെ എന്നെ അറിയില്ലായിരിക്കും.. (അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. ഇന്‍റര്‍നെറ്റിന്റെയും , മൊബൈല്‍ ഫോണിന്റെയും ലോകത്ത് എന്നെപ്പോലുള്ളവരെ അറിയാന്‍ അവര്‍ക്കെവിടെ സമയം) നിങ്ങള്‍ക്കറിയാമോ കുട്ടികളെ ഒരു കാലത്ത് ഞാന്‍ ആരായിരുന്നുവെന്ന്... നാലും കൂടിയ കവലയില്‍ ഞാന്‍ അങ്ങനെ ഞെളിഞ്ഞു കിടക്കുമായിരുന്നു... ഒരുപാട് തരുണീമണികളുടെ ചുംബനമടങ്ങിയ കത്തുകള്‍ ഞാന്‍ ഏറ്റുവാങ്ങിയിട്ടുണ്ട്.. മറുപടികത്തുമായ് പോകുമ്പോള്‍ നന്ദിയോടെ ഒരു നോട്ടം നല്‍കാനും അവര്‍ മറക്കാറില്ല.. മാത്രമല്ല ഇടയ്ക്കിടെ എന്നെ വൃത്തിയാക്കി ചെമ്പട്ട് പുതപ്പിക്കാനും അധികാരികള്‍ വ്യഗ്രത കാണിച്ചിരുന്നു... പക്ഷെ ഇന്നത്തെ എന്‍റെ അവസ്ഥ നോക്കൂ... അനാധനായ്... ആരും തിരിഞ്ഞുനോക്കാനില്ലാതെ... ഹൃദയം പറിച്ചെടുത്ത വേദനയുമായ്‌... സാന്കേതിക വിദ്യയുടെ വളര്‍ച്ചയെ ഞാന്‍ ഒരിക്കലും കുറ്റപ്പെടുത്തുന്നില്ല... ഏതൊരു പൌരനേയും പോലെ ഞാനും അതില്‍ അഭിമാനിക്കുന്നു... എങ്കിലും......... ഒഴുക്കിനൊത്ത് നീന്താന്‍ കഴിയാത്തത് എന്‍റെ വിധിയെന്ന് കരുതി സമാധാനിച്ച് അങ്ങനെ ജീവിതം തള്ളി നീക്കുന്നു.. ഇനിയും എത്ര നാള്‍.. ഇവിടെ ഇങ്ങനെ...

കഥ: ഓര്‍മയില്‍ ഒരു ഞായറാഴ്ച...



ആദ്യ ദിവസം

കാറ്റത്ത്‌ പാറിപ്പറക്കുന്ന ചെമ്പ് കലര്‍ന്ന മുടിയിഴകള്‍...എന്നെ ആദ്യം അവളിലേക്ക്‌ ആകര്‍ഷിച്ചത് അതായിരുന്നു.. ചെമ്പന്‍ മുടിയിഴകള്‍ എന്നും എന്‍റെ ദൌര്‍ബല്യമായിരുന്നല്ലോ... ഹിന്ദി താരങ്ങളെ അനുകരിച്ചു മുടിയില്‍ ബ്രൌണ്‍ ചായം പുരട്ടി കോളേജില്‍ വിലസിയിരുന്ന ആ കാലം ഇന്നും ഓര്‍ക്കാറുണ്ട്.. അന്ന് അച്ഛന്‍ നല്‍കിയിരുന്ന കനത്ത ശകാരം ഇന്നും കാതുകളില്‍ മുഴങ്ങുന്നു... ശരി നമ്മള്‍ എവിടെയാണ് പറഞ്ഞു നിറുത്തിയത്...അതെ ചെമ്പ് കലര്‍ന്ന മുടിയിഴകള്‍.. എത്ര നേരം അങ്ങിനെ നിന്നു എന്നറിയില്ല.. അവള്‍ അടുത്ത ബസ്സില്‍ കയറിപ്പോകുന്നത്‌ വരെ ഞാന്‍ ആ നില്‍പ്പ് തുടര്‍ന്നു.. പിന്നെ പതുക്കെ ഞാനും നഗരത്തിന്‍റെ തിരക്കിലെക്കിറങ്ങി...

രണ്ടാം ദിവസം

ഒരുപാട് കാത്തുനില്‍ക്കേണ്ടി വന്നില്ല ആ മുടിയിഴകള്‍ എന്‍റെ കണ്ണില്‍പ്പെടാന്‍... പതിവുപോലെ ബസ്സില്‍ കയറുമ്പോള്‍ പക്ഷെ ഇത്തവണ ഒരു പുഞ്ചിരി കൂടി സമ്മാനിക്കാന്‍ അവള്‍ മറന്നില്ല. ഒരു നിമിഷം... ഞാന്‍ എന്നെത്തന്നെ മറന്നുപോയി.. മൊബൈല്‍ ഫോണിന്‍റെ റിങ്ങിംഗ് ശബ്ദമാണ് എന്നെ ഉണര്‍ത്തിയത്... ഓഫീസില്‍ നിന്നുമാണ്.. "on the way" എന്ന ഒറ്റ മറുപടിയില്‍ സംസാരം ഒതുക്കി... ഇനി എത്ര തിരക്കിട്ടോടിയാലും കൃത്യ സമയത്ത് ഓഫീസില്‍ എത്താനാവില്ല. ബോസിന്‍റെ കൂര്‍ത്ത നോട്ടം ഒരു good morning ലൂടെ അവഗണിച്ച് ഞാന്‍ സീറ്റില്‍ ചെന്നിരുന്നു... കുന്നുകൂടിയ ഫയലുകള്‍ എന്നെ നോക്കി കളിയാക്കി ചിരിക്കുന്നു... എങ്കിലും ആ ഫയലുകള്‍ക്കുള്ളിലും മനോഹരമായ മറ്റൊരു മന്ദഹാസം തതിക്കളിക്കുന്നതുപോലെ എനിക്ക് തോന്നി..

മൂന്നാം ദിവസം

അലാറം ശബ്ദത്തിന് പോലും ഒരു സംഗീതം കൈവന്നപോലെ... കുളിച്ചൊരുങ്ങി ബ്രേക്ക്ഫാസ്റ്റ് കഴിച്ചെന്നു വരുത്തി ഒരോട്ടമായിരുന്നു ബസ് സ്റ്റോപ്പിലേക്ക്. വരാന്തയില്‍ അമ്മ അന്തം വിട്ടുനില്‍ക്കുന്നത് ആ ഓട്ടതിനിടയിലും ഞാന്‍ ശ്രദ്ധിച്ചു.. മകനിലുണ്ടായ ഈ സമയനിഷ്ടത അമ്മയെ അത്ഭുതപ്പെടുതിയിരിക്കും ...ഉറപ്പ്.. വളരെനേരത്തെ കാത്തുനില്പിനോടുവില്‍ വീണ്ടും ആ പുഞ്ചിരി.. പിന്നീടുള്ള പല ദിവസങ്ങളിലും ഇതാവര്‍ത്തിച്ചു... എന്‍റെ ദിനചര്യകളില്‍ മുന്‍പില്ലാതിരുന്ന ഒരു അടുക്കും ചിട്ടയും കൈവന്നു... ജീവിതത്തില്‍ ഒരു പുതിയ ഉന്‍മേഷം ലഭിച്ചതുപോലെ.. അതോടൊപ്പം അമ്മയുടെ അത്ഭുതവും നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വന്നു...

ഒരാഴ്ചക്ക് ശേഷമുള്ള ഒരു ദിവസം..

പരിചയപ്പെടണം എന്ന ഉറച്ച തീരുമാനത്തോടെയാണ്‌ ഞാന്‍ അന്ന് ബസ് സ്ടോപ്പിലെതിയത്... ദൂരെ കണ്ടു ഒരു ഇളം നീലച്ചുരിധാറില്‍ അവള്‍.. എന്‍റെ മനസ്സ് അറിഞിട്ടെന്നവണ്ണം അവള്‍ പെട്ടന്ന് എന്‍റെ അടുക്കലേക്കു നടന്നടുത്തു... എന്‍റെ കൈകാലുകളില്‍ ചെറിയ ഒരു വിറയല്‍ പടര്‍ന്നു കയറിതുടങ്ങിയിരുന്നു... പക്ഷെ അവളില്‍ നിന്നും പതിവ് പുഞ്ചിരി.. "എന്താണ് പേര്"? ഞാന്‍ ചോദിക്കാന്‍ ശ്രമിച്ചെങ്കിലും ശബ്ദം പുറത്തുവന്നില്ല. അത് മനസ്സിലാക്കിയെന്നവണ്ണം അവള്‍ പരിചയപ്പെടുത്തി... "ഞാന്‍ രാധിക".. ഞാന്‍ എന്‍റെ പേരും എങ്ങനെയോ പറഞ്ഞൊപ്പിച്ചു.. ദൂരെ നിന്നും അവള്‍ക്കുള്ള ബസ് വരുന്നത് കണ്ടു... "മൊബൈല്‍ നമ്പര്‍ തരുമോ"? അടുത്ത ചോദ്യം... ഞാന്‍ പറഞ്ഞു കൊടുത്ത നമ്പര്‍ അവള്‍ മൊബൈലില്‍ സേവ് ചെയ്തിട്ട് ബസിനടുതെക്ക് നടക്കുമ്പോള്‍ "ഞായറാഴ്ച വിളിക്കാം" എന്ന് കൂടി പറയാന്‍ മറന്നില്ല. ആ വാക്കുകള്‍ ഒരു പനിനീര്‍ മഴ പോലെയാണ് എന്നില്‍ വന്നു പതിച്ചത്...

പിറ്റേന്ന് ശനിയാഴ്ച... മറ്റൊരു ഹര്‍ത്താല്‍ അവധി കൂടി... ഓണവും, വിഷുവും, ക്രിസ്തുമസും പോലെ ഹര്‍ത്താലും നമ്മുടെ ജീവിതത്തിലെ ഒരു അഭിവാജ്യ ഘടകമായ്‌ മാറിയെങ്കിലും ജീവിതത്തില്‍ ആദ്യമായ് ഹര്‍ത്താലിനെ ശപിച്ചത്‌ അന്നാണ്. വീട്ടില്‍ തന്നെ ചടഞ്ഞു കൂടിയിരുന്നു... വൈകുന്നേരത്തെ സ്ഥിരം വോളിബോള്‍ കളിയും അന്ന് വേണ്ടെന്നു വച്ചു... ആ രാത്രി എനിക്കൊരു കാളരാത്രി ആയിരുന്നു.. നടന്നും, കിടന്നും എങ്ങിനെയോ നേരം വെളുപ്പിച്ചു... പകല്‍ മുന്നോട്ട് പോകാതതുപോലെ... കുറേ നേരം TV കണ്ടിരുന്നു. ചാനലുകളില്‍ നിന്നും ചാനലുകളിലേക്ക് ഓടുംബോളും മനസ്സും, കണ്ണും മൊബൈല്‍ ഫോണിലായിരുന്നു. ഒന്നിലും ശ്രദ്ധിക്കാന്‍ കഴിയുന്നില്ല. മനസ്സ് പിടിവിട്ടു പാറി നടക്കുന്ന പോലെ... ഇതുവരെ അനുഭവിക്കാത്ത നിര്‍വചിക്കാനാവാത്ത എന്തോ ഒന്ന്. എന്‍റെ ചിന്തകള്‍ക്ക് വിരാമമിട്ടുകൊണ്ട് പെട്ടന്ന് മൊബൈല്‍ ശബ്ദിച്ചു.. പരിചിതമല്ലാത്ത നമ്പര്‍... "ഞാന്‍ രാധികയാണ്".. ഒരിക്കല്‍ മാത്രമേ കേട്ടിട്ടുള്ളൂ എങ്കിലും മനസ്സിന്റെ ആഴത്തില്‍ പതിഞ്ഞ ആ ശബ്ദം.. "3 മണിക്ക് ഫ്രീ ആയിരിക്കുമോ? ഞാന്‍ അങ്ങോട്ടൊന്നു വന്നാലോ എന്ന് വിചാരിക്കുന്നു..." തുള്ളിച്ചാടുന്ന മനസ്സിനെ ഒരുവിധം അടക്കിക്കൊണ്ടു ഞാന്‍ എന്‍റെ വിലാസം പറഞ്ഞുകൊടുത്തു...

പിന്നീടുള്ള ആ കാത്തിരിപ്പ്‌, നിമിഷങ്ങള്‍ മണികൂറുകളാകുന്നു. പലവട്ടം ചോദിച്ച അമ്മയോട് ഒരു സുഹൃത്ത്‌ കാണാന്‍ വരുന്നു എന്ന് മാത്രം പറഞ്ഞു.. മകന്റെ സുഹൃത്തിനെ സ്വീകരിക്കാന്‍ അമ്മയും ഒരുക്കം തുടങ്ങി... 3 മണിയായി..... 3.05..... 3.10.....ഇരിക്കാനും നടക്കാനും കഴിയാത്ത അവസ്ഥ... TV ഓണ്‍ ചെയ്തുവച്ചു.. എന്‍റെ ഇഷ്ട താരവുമായുള്ള ഇന്റര്‍വ്യൂ ഏഷ്യാനെറ്റില്‍.. ശ്രദ്ധിക്കാന്‍ കഴിയുന്നില്ല...അതിലും പ്രിയപ്പെട്ടതായി മറ്റെന്തോ ആയിരുന്നു എന്നിലപ്പോള്‍.. കാളിംഗ് ബെല്ലിന്‍റെ ശബ്ദം ഒരു ഞെട്ടലോടെയാണ് ഞാന്‍ കേട്ടത്.. നിമിഷങ്ങള്‍ക്കുള്ളില്‍ വാതില്‍ തുറന്നു.. ആദ്യം കണ്ടത് കാറ്റില്‍ പറക്കുന്ന ചെമ്പിച്ച ആ മുടിയിഴകള്‍.. അകത്തേക്ക് സ്വാഗതം ചെയ്യുമ്പോളാണ് കൂടെയുള്ള സുമുഗനായ ആ ചെറുപ്പക്കാരനെ ഞാന്‍ ശ്രദ്ധിച്ചത്.. രണ്ടുപേരും സോഫയിലിരുന്നപ്പോളെക്കും തണുത്ത ഓറഞ്ച് ജൂസുമായ് അമ്മ.. അവള്‍ അമ്മയോട് എന്തോ കുശലം ചോദിച്ചു, പിന്നെ എന്‍റെ നേരെ തിരിഞ്ഞു.. "അയ്യോ പരിചയപ്പെടുത്താന്‍ മറന്നു.. ഇത് സുമേഷ് ".. അവള്‍ കൂടെയുണ്ടായിരുന്ന ആ ചെറുപ്പക്കാരനെ എനിക്ക് പരിചയപ്പെടുത്തി... " എന്‍റെ ഹസ്സാണ് . ഒരു പ്രൈവറ്റ് കമ്പനിയില്‍ വര്‍ക്ക് ചെയ്യുന്നു ".. മുഴുവന്‍ കേള്‍ക്കാന്‍ എനിക്ക് സാധിച്ചില്ല.. രണ്ടു ചെവിയിലൂടെയും ആണിയടിച്ചു കയറുന്ന പോലുള്ള ഒരു വേദന.. കണ്ണില്‍ ഇരുട്ട് കയറിയോ..ഞാന്‍ സെറ്റിയില്‍ മുറുകെപ്പിടിച്ചു...മങ്ങിയ കാഴ്ചയിലും ഞാന്‍ കണ്ടു, അവള്‍ ബാഗില്‍നിന്നും കുറച്ചു പേപ്പര്‍ എടുത്തു ടീപ്പോയില്‍ വെക്കുന്നു. .. കൂടെ ആമുഖം പോലെ ഇതും " ഇത് ഏറ്റവും പുതിയതും വിശ്വസനീയവുമായ ഒരു മണി സേവിംഗ് സ്കീമാണ് . ഒരു ലക്ഷം രൂപ ഡിപ്പോസിറ്റ് ചെയ്‌താല്‍ ഒരു വര്‍ഷത്തിനുള്ളില്‍ മറ്റാരും നല്‍കാത്ത നല്ലൊരു interest ഞങ്ങള്‍ ഉറപ്പു തരുന്നു. ആപ്ലികേഷന്‍ ഫോമും മറ്റു പേപ്പറുകളും ഞാന്‍ കൊണ്ടുവന്നിട്ടുണ്ട്.. പേരും വിലാസവും എഴുതി ഒരൊപ്പിട്ടാല്‍ മാത്രം മതി... നമ്മള്‍ നല്ല സുഹൃത്തുക്കളായ സ്ഥിതിക്ക് മിനിമം ഒരു 2 ലക്ഷമെങ്കിലും ഡിപ്പോസിറ്റ ചെയ്യുമെന്നാണ് എന്‍റെ വിശ്വാസം.. ഈ 2 ലക്ഷം കൂടി ചേര്‍ത്താല്‍ എന്‍റെ ടാര്‍ഗെറ്റ് പൂര്‍ത്തിയാകും.. തൊണ്ട വരളുന്നത്‌ ഞാനറിയുന്നുണ്ടായിരുന്നു എങ്കിലും അവള്‍ക്ക് വിലാസം പറഞ്ഞുകൊടുത്തതും, അവള്‍ പറഞ്ഞുതന്ന സ്ഥലങ്ങളിലെല്ലാം ഒപ്പിട്ടതും യാന്ത്രികമായിരുന്നു..

ആകെയുണ്ടായിരുന്ന സംബാധ്യത്തില്‍ നിന്നും നല്ലൊരു തുക ചെക്കായി കൊടുക്കുമ്പോള്‍ കൈ വിറച്ചോ...അറിയില്ല.... എന്നാല്‍ ഒന്ന് മാത്രം അറിയാമായിരുന്നു. സേവിംഗ് സ്കീമുകളില്‍ വിശ്വാസം ഇല്ലാതിരുന്ന ഞാനും അവസാനം.... ഓറഞ്ച് ജ്യൂസിനു നല്ല സ്വാദാണെന്ന് പറഞ്ഞതും , വീണ്ടും കാണാം എന്ന് ആരോടെന്നില്ലാതെ പറഞ്ഞു അവര്‍ യാത്രയായതും ഒരു സ്വപ്നത്തിലെന്നപോലെ ഞാന്‍ നോക്കിനിന്നു...കണ്ടു ഭയന്ന ഒരു ദുസ്വപ്നം പോലെ...