Wednesday, September 1, 2010

ചുട്ട കോഴി

2006 ലെ വേനല്‍... ഞാന്‍ ബഹറിനില്‍ എത്തിയിട്ട് ഏതാനും മാസങ്ങള്‍ മാത്രമേ ആയിരുന്നുള്ളു. ബാച്ചിലര്‍ ജീവിതം അടിച്ചുപൊളിച്ച് ആഘോഷിച്ചു ജീവിക്കുന്ന സമയം.. മിക്കവാറും വൈകുന്നേരം എട്ടു മണി വരെ ഓഫീസില്‍ ആയിരിക്കും. അത് കഴിഞ്ഞാല്‍ പിന്നെ ഒരോട്ടമാണ്. ആ ഓട്ടം ചെന്ന് നില്‍ക്കുന്നത് സല്മാനിയയിലുള്ള ശ്രീനിവാസ് പുട്ട് ഹോട്ടലിന്‍റെ മുന്നിലും.. അന്നും ഇന്നും കുറഞ്ഞ വിലക്ക് കിട്ടുന്ന ഒരു ഐറ്റം ചപ്പാത്തി ആയതുകൊണ്ട് രാത്രി ഭക്ഷണം സ്ഥിരം ചപ്പാത്തി ആയിരിക്കും.. ഓരോ ദിവസവും ഞങ്ങളെ അലട്ടുന്ന പ്രശ്നം എന്ത് കറി ഉണ്ടാക്കും എന്നതാണ് .. എങ്കിലും വലിയ കുഴപ്പം കൂടാതെ അങ്ങനെ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.

അന്ന് പതിവിലും നേരം വൈകിയാണ് ഓഫീസില്‍ നിന്നും ഇറങ്ങിയത്‌. പതിവുപോലെ സല്‍മാനിയ ലകഷ്യമാക്കി സവാരി ആരംഭിച്ചു.. മനസ്സില്‍ വീണ്ടും കറി ചിന്ത തന്നെ.. ഒപ്പം ആമാശയത്തില്‍ വിശപ്പിന്റെ ചെണ്ട മേളം.. ചിന്തകള്‍ കാട് കയറി പരിസരം മറന്നു അങ്ങനെ നടക്കുമ്പോള്‍ പെട്ടന്ന് ആരോ വിളിക്കുന്ന പോലെ ഒരു തോന്നല്‍. കറിക്ക് അല്‍പ സമയം അവധി കൊടുത്തു ചുറ്റും നോക്കുമ്പോള്‍ എന്‍റെ ചുരുക്കം ചില സുഹൃത്തുക്കളില്‍ ഒരാള്‍ സിഗ്നലില്‍ പച്ച വെളിച്ചം കാത്ത് കാറില്‍ ഇരിക്കുന്നു. "നീ എങ്ങോട്ടാ?" ഉച്ചത്തിലുള്ള ചോദ്യം.. ഉത്തരം പറയുന്നതിന് മുന്‍പ് അടുത്ത ചോദ്യം "ഫ്രീ ആണെങ്കില്‍ കാറില്‍ കയറ്" ... ഞാന്‍ ഡോര്‍ തുറന്ന് കയറി, അവന്‍ കാറ് മുന്നോട്ടെടുത്തു. "എന്താ പരിപാടി?".. എന്‍റെ ചോദ്യത്തിനു അവന്‍ പറഞ്ഞ മറുപടി ഹൃദയത്തില്‍ കുളിര്‍ മഴ പെയ്യിച്ചു. "പുതിയ ഹൗസ് മെയിഡ് ഇന്നലെ നാട്ടില്‍ നിന്നു വന്നേയുള്ളൂ. അതുകൊണ്ട് വീട്ടില്‍ ഭക്ഷണം ഒന്നും ഉണ്ടാക്കിയില്ല. ഉച്ചക്ക് വന്നപ്പോള്‍ രണ്ടു മൂന്ന് ഗ്രില്‍ ചിക്കന്‍ വാങ്ങി ഫ്രിഡ്ജില്‍ കൊണ്ടു പോയി വച്ചിട്ടുണ്ട്.. നമുക്ക് അവനെയൊന്നു അവസാനിപ്പിക്കാം.." അവന്റെ ഭാര്യക്കാണെങ്കില്‍ ഗ്രില്‍ ചിക്കനോട് വലിയ താല്പര്യ ഇല്ല എന്ന സത്യം അറിയാവുന്ന ഞാന്‍ മനസ്സില്‍ ആനന്ദ നൃത്തം ചവിട്ടി. "രോഗി ഇചിച്ചതും ചുട്ട കോഴി, വൈദ്യന്‍ കല്പിച്ചതും ചുട്ട കോഴി" എന്നപോലെയായി എന്‍റെ അവസ്ഥ. രാവിലെ എഴുന്നേറ്റു വന്നപ്പോള്‍ കണി കണ്ട റൂം മേറ്റ്‌ സുരേഷിന്റെ മോന്തയെ മനസ്സില്‍ സ്തുതിച്ചു ഞാന്‍ ഒന്നിളകിയിരുന്നു.

വീടെത്തി. സുഹൃത്ത്‌ കാര്‍ പാര്‍ക്ക് ചെയ്യുന്നത് വരെ എങ്ങിനെയോ ക്ഷമയോടെ കാത്ത് നിന്നു. സുഹൃത്തിന്റെ ഭാര്യയുടെ കുഷലാന്വേഷണത്തിന് മറുപടി പറയുമ്പോള്‍ എന്‍റെ കണ്ണുകള്‍ അടുക്കളയിലെ ഫ്രിട്ജിനു ചുറ്റും വട്ടമിട്ടു പറക്കുകയായിരുന്നു. പുതിയ ഹൗസ് മെയിഡ് കൊണ്ടു വന്നു തന്ന ജ്യൂസ് ഒറ്റവലിക്ക് അകത്താക്കി അന്ന നാളം ചുട്ട കോഴിക്കായി തയാറാക്കി വച്ചു. അവസാനം കാത്തിരുന്ന മുഹൂര്‍ത്തം ആഗതമായി. "നമുക്ക് ഭക്ഷണം കഴിച്ചാലോ..??" സുഹൃത്തിന്റെ ശബ്ദം ഇത്രയും കാലം കേട്ടതിലും മനോഹരമായി ആ സമയത്ത് എനിക്ക് തോന്നി. കൈ കഴുകി എന്നു വരുത്തി മേശയുടെ അടുത്തേക്ക് പറന്നു ചെന്നിരുന്നു. കോഴിയുടെ കാലു കടിച്ചു വലിക്കുന്ന മനോഹര ദൃശ്യം ഒരു സിനിമയിലെന്ന പോലെ മനസ്സില്‍ തെളിഞ്ഞു.. "ചേച്ചി ആ ഫ്രിഡ്ജില്‍ ചിക്കന്‍ ഇരിപ്പുണ്ട്. ഇങ്ങോട്ടെടുതോ." കൈ കഴുകിക്കൊണ്ട് സുഹൃത്ത്‌ പറഞ്ഞു.. "എന്നാ ചിക്കെനാ?" ചേച്ചി സ്വത സിദ്ധമായ കോട്ടയം ശൈലിയില്‍ ചോദിച്ചു.. "ഞാന്‍ ഉച്ചക്ക് വാങ്ങി കൊണ്ടുവന്നു ഫ്രിഡ്ജില്‍ വച്ചിരുന്നു. ചേച്ചി കണ്ടില്ലേ..?" സുഹൃത്തിന്റെ ക്ഷമ കേട്ടു... എന്റെയും.. "ഓ അതോ... അത് അപ്പടീം കരിഞ്ഞതല്ലായിരുന്നോ കുഞ്ഞേ.. ഞാന്‍ എടുത്തു ദാണ്ടേ വേസ്റ്റ് കൊട്ടയിലോട്ടിട്ടു." ഒരു വെടിയുണ്ട പോലെ ആ ഉത്തരം എന്‍റെ നേരെ ചീറി വരുന്നത് ഞാന്‍ കണ്ടു.. എന്‍റെ ആമാശയതിലൂടെ ഒരു തീവണ്ടി കടന്നു പോയി .. "എവിടെയാ ചേച്ചി ആ വേസ്റ്റ് കൊട്ട" എന്ന ചോദ്യം നാവിന്‍ തുമ്പ് വരെ വന്നെങ്കിലും വിശപ്പിനേക്കാള്‍ വില ആത്മാഭിമാനത്തിനാണ് എന്ന തിരിച്ചറിവ് ആ സമയത്തുപോലും എനിക്കുണ്ടായി. സുഹൃത്തിന്റെ മുഖത്ത് രക്തമയം ഇല്ലാതാകുന്നത് ഞാന്‍ കണ്ടു. ഭാര്യ "ഒരു കാള്‍ വരുന്നുണ്ട് " എന്നു പറഞ്ഞു അടുത്ത മുറിയിലേക്ക് ഓടി രക്ഷപെട്ടു. എങ്കിലും അഭിമാനത്തോടെ തല ഉയര്‍ത്തിപ്പിടിച്ചു നിന്ന ആ ചേച്ചിയെ ഈ ജന്മം ഞങ്ങള്‍ക്ക് മറക്കാനാവില്ല.

Monday, August 9, 2010

അനുകരണ കല എന്ന 'കൊല'

ഉച്ചയൂണിനു ശേഷം പതിവുള്ള മയക്കം ഒഴിവാക്കി ടിവി കാണാന്‍ തീരുമാനിച്ച ഞാന്‍ വളരെ അവിചാരിതമായാണ് ഒരു പരിപാടി ശ്രദ്ധിച്ചത്. പ്രശസ്തരായ കോമഡി താരങ്ങള്‍ വിധി കര്‍ത്താക്കളായ പരിപാടിയില്‍ തുടക്കത്തില്‍ എനിക്ക് കുറച്ചു താല്പര്യം തോന്നി. തുടര്‍ന്ന് അടുത്ത ദിവസങ്ങളിലും കുറച്ചു സമയം ഇതിനായി ചിലവഴിച്ച ഞാന്‍ ഇതുവരെ ആരും അവതരിപ്പിച്ചിട്ടില്ലാത്ത ചില റൌണ്ടുകള്‍ കാണാന്‍ ഇടയായി. സത്യന്‍ പാരഡി റൌണ്ട്, ജയന്‍ പാരഡി റൌണ്ട് തുടങ്ങിയവയാണ് പ്രധാനമായും ഇതില്‍ ഉണ്ടായിരുന്നത്. സത്യത്തില്‍ വളരെ അധികം വിഷമം തോന്നി. മിമിക്രിയും ഒരു കലയാണെന്നു വിശ്വസിക്കുന്ന എനിക്ക് അനുകരണം എന്ന പേരില്‍ കാട്ടികൂട്ടുന്ന ഈ കോപ്രായങ്ങളെ ഒരിക്കലും അംഗീകരിക്കാന്‍ തോന്നിയില്ല. സത്യന്‍, ജയന്‍, പ്രേംനസീര്‍ തുടങ്ങിയ അനുഗ്രഹീത കലാകാരന്മാര്‍ നല്‍കിയ മഹത്തായ സംഭാവനകള്‍, അതായിരുന്നു ഇന്നത്തെ മലയാള സിനിമയുടെ ആദ്യ ചവിട്ടു പടികള്‍.. കമ്പ്യൂട്ടറും, ടെക്നോളജിയും ഒന്നും ഇല്ലാതിരുന്ന കാലത്തും ആ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ടുതന്നെ ഒരുപാട് നല്ല സിനിമകള്‍ മലയാളത്തിനു നല്‍കാന്‍ അന്നത്തെ ഈ സൂപ്പര്‍ താരങ്ങള്‍ക്ക് കഴിഞ്ഞിരുന്നു എന്നതും മറക്കാന്‍ കഴിയാത്ത ഒരു സത്യം മാത്രം. സ്വന്തം കാരണവരുടെ തലയില്‍ ചവിട്ടി ഉയരങ്ങളിലേക്ക് കയറാന്‍ ശ്രമിക്കുന്ന ചെറുമക്കളുടെ ആവേശം പോലെയാണ് ഇതെല്ലാം കണ്ടപ്പോള്‍ എനിക്ക് തോന്നിയത്. മിമിക്രിയിലൂടെ ഈ താരങ്ങളെല്ലാം ഇപ്പോഴും ജീവിക്കുന്നു എന്ന് ചിലരെങ്കിലും ന്യായീകരിക്കാന്‍ ശ്രമിച്ചാലും എന്തിനു പരലോകത്തിരിക്കുന്ന ഈ പാവങ്ങളെ ഇങ്ങനെയുള്ള കൊപ്രായങ്ങളിലൂടെ വീണ്ടും കൊല്ലാകൊല ചെയ്യുന്നു.
(ജയനെ അനുകരിക്കുന്ന കലാകാരന്‍മാര്‍ ശബ്ദത്തിലും, കാഴ്ചയിലും യഥാര്‍ത്ഥ ജയന്റെ ഒരു കിലോമീറ്റര്‍ അടുത്തുകൂടെ വരെ പോയിട്ടില്ല എന്നുള്ളതാണ് മറ്റൊരു രസകരമായ വസ്തുത.)

മിമിക്രി എന്ന് കേള്‍ക്കുമ്പോള്‍തന്നെ ഇപ്പോള്‍ പല രാഷ്ട്രീയ നേതാക്കള്‍ക്കും സിനിമാ താരങ്ങള്‍ക്കും പേടിയാണ്, കാരണം ഈ "അനുകരണ കൊല" ഏതു രീതിയിലാണ് വരുന്നത് എന്ന് ഊഹിക്കാന്‍ സാക്ഷാല്‍ ഈശ്വരന് പോലും കഴിഞ്ഞെന്നു വരില്ല. മിമിക്രിയുടെ അമിതമായ സ്വാധീനം ഇന്നത്തെ ഒട്ടുമിക്ക മലയാള ചിത്രങ്ങളിലും കാണാന്‍ കഴിയുന്നു. തരം താണ കോമഡി രംഗങ്ങള്‍, അതും ഒരുപാടു വര്‍ഷമായി സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന സൂപ്പര്‍ താരങ്ങളില്‍ നിന്നു പോലും അനുഭവിക്കേണ്ടി വരുന്ന പ്രേക്ഷകന്‍ എങ്ങനെ സ്വന്തം പോക്കറ്റിലെ കാശു കളഞ്ഞ് രണ്ടര മണിക്കൂര്‍ തിയേറ്ററില്‍ പോയിരിക്കും. "സിനിമ കഴിഞ്ഞു പുറത്തിറങ്ങിയ തനിക്കു നേരെ പോയി തീവണ്ടിക്കു തല വെക്കാന്‍ തോന്നി" എന്ന് മലയാളത്തിലെ ഒരു സൂപ്പര്‍ താരത്തിന്റെ കോമഡി പ്രാധാന്യമുള്ള സിനിമ കണ്ടു പുറത്തിറങ്ങിയ ഒരു സുഹൃത്ത്‌ പറഞ്ഞ വാക്കുകള്‍ എല്ലാവരെയും ഒരു നിമിഷം ചിന്തിപ്പിക്കും.

മലയാള സിനിമയിലെ പ്രഗല്‍ഭരായ പല നായകന്മാരും, സംവിധായകരും കടന്നു വന്നത് മിമിക്രി രംഗത്ത് നിന്നായിരുന്നു എന്നത് വിസ്മരിക്കാനാവില്ല എങ്കിലും മിമിക്രി പരിപാടി ടിവിയില്‍ കണ്ടാല്‍ ഉടനെ ചാനല്‍ മാറ്റുന്ന അവസ്ഥയിലേക്ക് പ്രേക്ഷകന്‍ മാറുന്നു എന്ന സത്യം ഇനിയെങ്കിലും ഇത്തരം പരിപാടിയുടെ സംഘാടകര്‍ മനസ്സിലാക്കിയാല്‍ എത്രയോ നന്നായിരുന്നു. വെള്ളിത്തിര എന്ന സ്വപ്നലോകം മുന്നില്‍ കണ്ടാണ്‌ ഈ കോപ്രായങ്ങള്‍ കാട്ടികൂട്ടുന്നത് എന്നതാണ് മറ്റൊരു ദുഖകരമായ വസ്തുത. കോമഡി കാണിക്കുന്നത് മാത്രമാണ് മിമിക്രി എന്നാണ് പല കലാകാരന്മാരും ധരിച്ചു വച്ചിരിക്കുന്നത് എന്ന് തോന്നുന്നു. അതുകൊണ്ട് പ്രിയ കലാകാരന്മാരോട് ഒരു വാക്ക്. "ഇക്കിളിയിട്ടാല്‍ പോലും ചിരി വരാത്ത കണ്ടു മടുത്ത ഇത്തരം കോമഡികളില്‍ നിന്നും മാറി ചിന്തിക്കുമ്പോള്‍ പ്രേക്ഷകന്‍ വീണ്ടും മിമിക്രിയെ സ്നേഹിച്ചു തുടങ്ങും. തിരക്ക് പിടിച്ച, ടെന്‍ഷന്‍ നിറഞ്ഞ ജീവിതത്തില്‍, സീരിയലുകളും, റിയാലിറ്റി ഷോകളും കണ്ടു മടുത്ത മലയാളികള്‍ക്ക് അതൊരു കുളിര്കാറ്റാകും..

Thursday, December 24, 2009

മദ്യവിമുക്ത കേരളം.

കവലയില്‍ മദ്യവിരുദ്ധസംഘടനയുടെ യോഗം നടക്കുകയാണ്... യോഗത്തില്‍ അതി ഗംഭീരമായി പ്രസംഗിക്കുന്നത് നമ്മുടെ തൊമ്മിച്ചന്‍.. വലിയൊരു തറവാടിയായ വറുഗീസ് മാപ്പിളയുടെ രണ്ടാമത്തെ പുത്രനാണ് തൊമ്മിച്ചന്‍.. ആള് സമ്പന്നനാണ്, ജനസമ്മതനാണ് , മാന്യനാണ്, പിന്നെ ഒരു വിധത്തിലുള്ള എല്ലാ പുരോഗമന പരിപാടികളിലും തൊമ്മിച്ചന്‍ മുന്‍പിലുണ്ടാകും.. നാട്ടില്‍ എല്ലാവര്ക്കും വേണ്ടപ്പെട്ടവന്‍ എന്ന് തന്നെ പറയാം.

"മദ്യം ഇന്നത്തെ തലമുറയുടെ ഏറ്റവും വലിയ ശാപമാണ്. മദ്യം കുടുംബ ബന്ധങ്ങളെ തകര്‍ക്കുന്നു, ഒരുപാട് സ്ത്രീകളെ ആത്മഹത്യയിലേക്ക് നയിക്കുന്നത് കുടുംബനാഥന്റെ മദ്യപാനമാണ്. മദ്യവിമുക്തമായ കേരളം എന്നതാണ് എന്‍റെ സ്വപ്നം. അത്ന് വേണ്ടി നമുക്കൊരുമിച്ചു പോരാടാം... " അന്തരീക്ഷത്തിലേക്ക് മുഷ്ടി ചുരുട്ടി ഇടിച്ചുകൊണ്ട് തൊമ്മിച്ചന്‍ പ്രസംഗം അവസാനിപ്പിച്ചു. തൊമ്മിച്ചന്റെ ആവേശം അണികളിലേക്കും പടര്‍ന്നു. അവരും തൊമ്മിച്ചനെ അനുകരിച്ചു.. കണ്ടു നിന്ന ജനങ്ങളും ആവേശത്തോടെ കരഘോഷം മുഴക്കി. "വളരെ ആവേശോജ്വലമായ പ്രസംഗം ".. കേള്‍വിക്കാര്‍ പരസ്പരം പറഞ്ഞു. ഇതുപോലൊരു നേതാവിനെ കിട്ടിയതില്‍ അണികളും അഭിമാനം കൊണ്ടു..

ആവേശം അടക്കാനാവാതെ അണികളില്‍ ഒരാള്‍ നമ്മുടെ തൊമ്മിച്ചനെ യോഗപന്തലിനു പുറകിലേക്ക് വിളിച്ചു കൊണ്ടു പോകുന്നു. എന്തോ വലിയ രഹസ്യം ചോദിക്കുന്നത് പോലെ മെല്ലെ ചോദിക്കുന്നു "ഇത്രയും മനോഹരമായ ഒരു പ്രസംഗം ഞാന്‍ ഇതു വരെ കേട്ടിട്ടില്ല. എങ്ങിനെ സാധിക്കുന്നു ഇത്? എവിടെനിന്നും കിട്ടുന്നു ഇത്രയും ആവേശം?" ഒന്ന് ചുറ്റും നോക്കി തൊമ്മിച്ചന്‍ തന്‍റെ ഖദര്‍ ജുബ്ബയുടെ ഒരു വശം മെല്ലെ ഉയര്‍ത്തി അരയില്‍ തിരുകി വച്ചിരുന്ന ഒരു കുപ്പി പുറത്തെടുക്കുന്നു. "ഈ അരകുപ്പിയില്‍ നിന്നും രണ്ടെണ്ണം അടിച്ചിട്ട് കയറിയാല്‍ ഞാനല്ല വടിയായ തന്‍റെ വല്യപ്പൂപ്പന്‍ വരെ ഇതിലും ആവേശത്തോടെ പ്രസംഗിക്കും. ഒന്ന് നോക്കുന്നോ? " അണി ഇടിവെട്ട് കൊണ്ടപോലെ നില്‍ക്കുമ്പോള്‍ തൊമ്മിച്ചന്‍ ചിരിച്ചു കൊണ്ടു നടന്നു മറഞ്ഞു.. അടുത്ത പ്രസംഗ വേദിയുടെ ആവേശമാകാന്‍....

Monday, December 21, 2009

വയനാടന്‍ കഥകള്‍..


വയനാട് ജില്ലയിലെ ഒരു കൊച്ചു ഗ്രാമത്തിലായിരുന്നു ഞാന്‍ ജനിച്ചു വളര്‍ന്നത്‌.. ഒരുപാട് നിഷ്കളങ്കരായ കര്‍ഷകരെകൊണ്ട് നിറഞ്ഞതാണ്‌ ഞങ്ങളുടെ ഈ സ്വന്തം ജില്ല. ഒരു വിധം ജനങ്ങള്‍ മുഴുവന്‍ കേരളത്തിലെ മറ്റു ജില്ലകളില്‍ നിന്നും കുടിയേറിയവരാനെങ്കിലും ആദിവാസികള്‍ എന്ന ആ ഒരു വിഭാഗം മാത്രം വയനാട്ടില്‍ ജനിച്ചവരെന്നു അവകാശപ്പെടുന്നു. ഉത്സവം, പള്ളിപ്പെരുന്നാള്‍ തുടങ്ങിയ പരിപാടികളില്‍ സജീവ സാന്നിധ്യമായ ഇവര്‍ ഉത്സവതലെന്നെ സകുടുംബം തലയില്‍ പായയും, പുതപ്പുമായി പോകുന്ന കാഴ്ച അതീവ രസകരമാണ്. "വീണിടം വിഷ്ണു ലോകം" എന്ന പ്രയോഗം ഏറ്റവും അനുയോഗ്യം ഇവിടെയാണ്‌.
ഉത്സവപ്പറമ്പില്‍ പായ വിരിച്ചു അരികില്‍ മുറുക്കാന്‍ പൊതിയുമായി അനന്ത ശയനം നടത്തുന്ന ആദിവാസി അപ്പൂപ്പന്മാരുടെ സാന്നിധ്യം ഉത്സവങ്ങള്‍ക്കും ഒരു ഹരമായിരുന്നു എന്നതാണ് സത്യം..
ശരി ഞാന്‍ കഥയിലേക്ക് വരാം. കഥയല്ല ഇത് ഒരു നടന്ന സംഭവം തന്നെയാണ്. ഒരുപാട് വര്‍ഷങ്ങള്‍ക്കു മുന്‍പാണ്‌. മേല്‍പ്പറഞ്ഞ കക്ഷികളൊക്കെയുള്ള ഈ കൊച്ചു വയനാട്ടിലേക്ക് ആദ്യമായി "കാര്‍ണിവല്‍" വരുന്നു. ആകാശ ഊഞ്ഞാലുകളും, മരണക്കിണര്‍, സൈക്കിള്‍ അഭ്യാസം, മാജിക് തുടങ്ങിയ സാഹസിക ഇനങ്ങളും അടങ്ങിയ ഒരു വലിയ സംഗം. "കാര്‍ണിവല്‍" എന്ന് പറഞ്ഞാല്‍ എന്താണെന്ന് ഒരുവിധം വയനാട്ടുകാര്‍ക്കൊന്നും അന്ന് അറിയില്ലായിരുന്നു. എങ്കിലും ഈ വക സാധന സാമഗ്രികള്‍ കാര്‍ണിവല്‍ നടക്കുന്ന മൈതാനത്ത് ഫിറ്റ്‌ ചെയ്തു തുടങ്ങിയപ്പോഴേ ജനക്കൂട്ടം വളഞ്ഞിരുന്നു. അങ്ങനെ രണ്ടു ദിവസത്തെ തയാരെടുപ്പിനു ശേഷം കാര്‍ണിവല്‍ തുടങ്ങി.. ജനങ്ങള്‍ കൂട്ടമായി കാര്‍ണിവല്‍ മൈതാനത്ത് ചുറ്റിത്തിരിയാന്‍ തുടങ്ങി.. ആദിവാസികളുടെ കാര്യം പ്രത്യേകം പറയേണ്ടല്ലോ ... ഉത്സവപ്പറബിനെക്കാള്‍ കുറച്ചുകൂടി സൗകര്യം കാര്‍ണിവല്‍ മൈതനമാനെന്നു അവര്‍ക്ക് വേഗം പിടികിട്ടി.
എങ്കിലും ആകാശ ഊഞ്ഞാല്‍ നാട്ടിയിരിക്കുന്ന ഭാഗത്ത്‌ മാത്രം കാര്യമായ തിരക്കൊന്നും കാണുന്നുണ്ടായിരുന്നില്ല. കാരണം മറ്റൊന്നുമല്ല, ആകാശം മുട്ടെ വട്ടത്തില്‍ കറങ്ങുന്ന ആ സാധനത്തില്‍ കയറിയിരിക്കാന്‍ ധൈര്യമുള്ള ഒരാള്‍ പോലും ആ ചുറ്റുവട്ടത്തുണ്ടായിരുന്നില്ല. പലരും വന്നു അതിന്‍റെ ചുറ്റും ഒന്ന് വലം വച്ച് പോയെങ്കിലും ആരും അതില്‍ കയറിയില്ല. ഊഞ്ഞാല്‍ കറക്കുന്ന ചേട്ടന്‍ (അയാള്‍ ഒരു അതി സാഹസികന്‍ ആണല്ലോ എന്ന് ഞാനും ചിന്തിച്ചുപോയി) ജനങ്ങളെ ആകര്‍ഷിക്കാനും പിന്നെ അതിലെ പറന്നു നടക്കുന്ന പെണ്‍കിളികളുടെ മുന്‍പില്‍ ഒന്ന് ഷൈന്‍ ചെയ്യാനും വേണ്ടി ഇടയ്ക്കു ഊഞ്ഞാല്‍ ചുമ്മാ കറക്കി വിടുന്നുമുണ്ടായിരുന്നു. എന്നിട്ടും ഊഞ്ഞാല്‍ കറക്കി ചേട്ടന്‍റെ എനര്‍ജി പോയതല്ലാതെ ഒരാള്‍ പോലും അതില്‍ കയറിയില്ല. അതിന്‍റെ ചുവട്ടില്‍ നിന്ന് മേലേക്ക് നോക്കിയാല്‍ ജീവനില്‍ പേടിയുള്ള ആരും അതില്‍ കയറില്ല എന്ന് എനിക്കന്നു തോന്നിയിരുന്നു.
അങ്ങനെയിരിക്കുംബോളാണ് ആ പരിസരത്തേക്കു നമ്മുടെ "മൂസാക്ക" കടന് വരുന്നത്... മൂസാക്കയെപ്പറ്റി ഞാനൊന്നും പറഞ്ഞില്ല അല്ലെ. അദ്ദേഹം അറിയപ്പെടുന്നത് "ഗള്‍ഫ്‌ മൂസ" എന്നാണു. ഒരുപാട് വര്‍ഷമായി അദ്ദേഹം ദുബായിലാണ്. അവിടെ ഷെയ്ക്കിന്റെ സ്വന്തം ആളാണ്‌ എന്നൊക്കെയാണ് നാട്ടിലെ സംസാരം. മൂസാക്ക നടന്നു വരുന്നത് കണ്ടാല്‍ ആരും ഒന്ന് നോക്കിപ്പോകും. എപ്പോളും നല്ല വെളുത്ത വസ്ത്രങ്ങളാണ് കക്ഷിയുടെ വേഷം. പിന്നെ നല്ല ഫോറിന്‍ അത്തറിന്റെ മണവും. കവലയില്‍ കുറ്റിബീടി വലിച്ചിരിക്കുന്ന ചെറുപ്പക്കാര്‍ക്കെല്ലാം മൂസാക്ക ഫോറിന്‍ സിഗരട്റ്റ് വിതരണം ചെയ്യാറുണ്ട്.. "ബടായി മൂസാക്ക" എന്നും ആളുകള്‍ വിളിക്കാറുള്ളത് മൂസാക്ക കേട്ടില്ല എന്ന് നടിക്കാറാണ് പതിവ്. മൂസാക്കക്ക് ഞങ്ങളുടെ അറിവില്‍ മൂന്നു ബീവിമാരുണ്ട്. ഓരോ തവണ അദ്ദേഹം ലീവിന് വരുമ്പോളും ഓരോ കല്യാണം കഴിക്കും എന്ന് ജനസംസാരം.. ഇങ്ങനെയുള്ള എല്ലാ ഗുണങ്ങലാളും സമ്പന്നനായ നമ്മുടെ സ്വന്തം മൂസാക്കയാണ് കാര്‍ണിവല്‍ മൈതാനത്തേക്ക്‌ നടന്നു വരുന്നത്. ഇത്തവണ വെള്ള വസ്ത്രം മാത്രമല്ല ഒരു കൂളിംഗ് ഗ്ലാസ്സ് കൂടി ഫിറ്റ്‌ ചെയ്തിട്ടുണ്ട്.. മൊത്തത്തില്‍ ഒരു പുയ്യാപ്ല (പുതു മണവാളന്‍) സ്റ്റൈല്‍. അന്ധേഹം മെല്ല ഊഞ്ഞാലിന്റെ അടുത്തെത്തി. ചുറ്റും നോക്കി. "ഇതിലും പത്തിരട്ടി വലുപ്പമുള്ള ഊഞ്ഞാലില്‍ ഞാനെത്ര തവണ കയറിയിരിക്കുന്നു" എന്ന് സ്വയം എന്നാല്‍ മറ്റുള്ളവര്‍ കേള്‍ക്കെ പറഞ്ഞു കൊണ്ട് കയറിയിരുന്നു. നമ്മുടെ ഊഞ്ഞാല്‍ ചേട്ടന്‍റെ മുഖത്ത് വല്ലാത്ത ഒരു സന്തോഷം അലയടിച്ചു. അയാള്‍ കുറച്ചു കൂടി ഉഷാറായി മറ്റുള്ളവരെക്കൂടി കയറാന്‍ ക്ഷണിച്ചു.. സഹായത്തിനു നമ്മുടെ മൂസാക്കയും.. "ഒന്നും പേടിക്കാനില്ല.. ഇതിലും വലുതില്‍ ഞാനെത്ര കയറിയിരിക്കുന്നു." ഒന്ന് രണ്ടു പേര്‍ കൂടി ധൈര്യപൂര്‍വ്വം കയറി... ചേട്ടന്‍ വീണ്ടും ഉഷാറായി. ഇതെല്ലം കണ്ടു മറ്റുള്ളവര്‍ക്കും അല്പസ്വല്പം ധൈര്യം വന്നു തുടങ്ങി... കുറച്ചുപേര്‍ കൂടി കയറി. അപ്പോള്‍ അതാ വരുന്നു നമ്മുടെ കഥാനായകനും, നായികയും.. നായകനെ നമുക്ക് "കറപ്പന്‍" എന്നും നായികയെ "ചീര" എന്നും വിളിക്കാം (രണ്ടു പേരും ആദിവാസി നവദമ്പതികള്‍ ആണെന്നതാണ് പ്രത്യേകത) . വന്നപാടെ കറപ്പന്‍ ഒന്ന് ചുറ്റും നോക്കി ഒരു ചെറു പുഞ്ചിരിയോടെ തന്‍റെ പ്രിയതമയുടെ കൈപിടിച്ച് ആകാശ ഊഞ്ഞാലില്‍ കയറിയിരുന്നു. പിന്നെയും കുറച്ചുപേര്‍ കൂടി കയറിയതോടെ ഊഞ്ഞാല്‍ പ്രവര്‍ത്തനയോഗ്യമായി. അതങ്ങനെ വട്ടത്തില്‍ ചുറ്റാന്‍ തുടങ്ങി. വേഗത കൂടിയതും മൂസാക്ക ഒഴികെയുള്ള ബാക്കി യാത്രക്കാരില്‍ നിന്നെല്ലാം നിലവിളി ഉയര്‍ന്നു. പെട്ടന്നാണ് അത് സംഭവിച്ചത്.. മൂസാക്കയുടെ വെളുവെളുത്ത കുപ്പായത്തില്‍ എവിടെ നിന്നോ ചൂടുള്ള വെള്ളം വന്നു വീണു. ഓരോ തവണയും മൂസാക്ക ഇരിക്കുന്ന ഭാഗം താഴെ എത്തു മ്പോളായിരുന്നു മുകളില്‍ നിന്നും ഈ ജലധാര. മൂന്ന് നാല് റൌണ്ട് കറക്കത്തിനു ശേഷം ഊഞ്ഞാല്‍ നിന്നു. എല്ലാവരും ആശ്വാസത്തോടെ താഴെയിറങ്ങി. നനഞ്ഞ വസ്ത്രങ്ങളുമായി നമ്മുടെ മൂസാക്കയും. കൂടി നിന്ന ആളുകളെല്ലാം മൂസാക്കയെ നോക്കി കളിയാക്കി ചിരിക്കുമ്പോള്‍ മൂസാക്കയെ കുളിപ്പിച്ച ജലധാരയുടെ "സ്രോതസ്സുകളായ" കറപ്പനും, ചീരയും ഇതൊന്നും അറിയാത്തപോലെ കൈകോര്‍ത്തു പിടിച്ചു നടന്നു മറഞ്ഞു..

Thursday, November 5, 2009

അവളും ഞാനും ......

ഞാന്‍ അവളുടെ ബെഡ് റൂമിലായിരുന്നു. പതുപതുത്ത ബെഡില്‍ അവള്‍ ഇരുന്നു. അടുത്ത് മുട്ടിയുരുമ്മി ഞാനും. സ്നേഹത്തോടെ അവള്‍ എന്‍റെ തലയെടുത്ത് അവളുടെ മടിയില്‍ വച്ചു. പിന്നെ മനോഹരമായ കൈവിരലുകള്‍ കൊണ്ട് എന്‍റെ തലയില്‍ തലോടി.. പിന്നെ മെല്ലെ മുഖം കുനിച്ചു എന്‍റെ നെറ്റിയില്‍ മൃദുവായി ചുംബിച്ചു. ഏതോ ആനന്ദ നിര്‍വൃതിയില്‍ ഞാന്‍ അങ്ങനെ കിടക്കുമ്പോള്‍ പെട്ടന്നാണ് അവളുടെ അമ്മ മുറിയിലേക്ക് ഒരു കൊടുംകാറ്റ് പോലെ കടന്നു വന്നത്.. ഞങ്ങള്‍ രണ്ടു പേരും ചാടിയെഴുന്നേറ്റു. അടുത്ത നിമിഷം തുറന്നിട്ട വാതിലിലൂടെ ഞാന്‍ പുറത്തേക്കു കുതിച്ചു.. അപ്പോള്‍ പിറകില്‍ നിന്നും അമ്മ അവളെ ശകാരിക്കുന്നത് കേള്‍ക്കാമായിരുന്നു.. "ഞാന്‍ പല തവണ നിന്‍റെ അടുത്ത് പറഞ്ഞിട്ടുണ്ട്, പൂച്ചയെ എടുത്തു കിടക്കയില്‍ ഇരുത്തരുത് എന്ന്.. മര്യാദക്ക് വേഗം സ്കൂളില്‍ പോകാന്‍ നോക്കെടീ.."...

Sunday, October 11, 2009

രാത്രിയെ പേടിച്ച ഫല്‍ഗുനന്‍ ....

ഫല്‍ഗുനന്‍ മരണ വെപ്രാളത്തോടെ കിടക്കയില്‍ കിടന്നു പിടഞ്ഞു.. ശ്വാസം കിട്ടാതെ കണ്ണുകള്‍ പുറത്തേക്കു തള്ളി. അലറി വിളിക്കാന്‍ ശ്രമിച്ചു.. പക്ഷെ ശബ്ദം പുറത്തു വന്നില്ല. ആരോ കഴുത്തില്‍ അമര്‍ത്തി പിടിച്ചിരിക്കുന്നു. ഇതായിരിക്കാം തന്റെ അവസാനം എന്ന് മനസ്സില്‍ തീരുമാനിച്ച ആ നിമിഷത്തില്‍ പിടി അയഞ്ഞു.. പിടി വിട്ടതും അടുത്ത നിമിഷത്തില്‍ അയാള്‍ ചാടിയെഴുന്നേറ്റു ലൈറ്റ് ഓണ്‍ ചെയ്തു.. കുറച്ചു നേരത്തേക്ക് അയാള്‍ക്ക്‌ പരിസരബോധം കിട്ടിയില്ല. സ്വപ്നം കണ്ടതോ അതോ സത്യമോ.. ചുറ്റും നോക്കി. പ്രിയതമ നല്ല ഉറക്കത്തിലാണ്. ആരാണപ്പോള്‍ തന്റെ കഴുത്തില്‍ കുത്തിപ്പിടിച്ചത്.. ഇനി ഭാര്യ വല്ല കടും കൈയും ചെയ്യാന്‍ ശ്രമിച്ചതാണോ... ഹേയ്യ്... അതാവില്ല. ലോറി കയറ്റം കയറുന്ന ശബ്ദത്തിലുള്ള കൂര്‍ക്കം വലി കേട്ടാലറിയാം അവളുടെ ഉറക്കത്തിന്റെ തീവ്രത. വര്‍ഷങ്ങളായി താന്‍ എന്നും കേള്‍ക്കുന്നതല്ലേ. എങ്കില്‍ പിന്നെ അതാരാണ്.. ഒരെത്തും പിടിയും കിട്ടുന്നില്ല. ഫല്‍ഗുനന്‍ എഴുന്നേറ്റു ഫ്രിഡ്ജ്‌ തുറന്നു കുറച്ചു വെള്ളം എടുത്തു കുടിച്ചു.. വീണ്ടും കിടന്നെങ്കിലും ഉറങ്ങാന്‍ കഴിഞ്ഞില്ല. തിരിഞ്ഞും മറിഞ്ഞും കിടന്നു നേരം വെളുപ്പിച്ചു. "എന്താണ് മുഖത്തൊരു വാട്ടം?" ഉറക്കച്ചടവുകൊണ്ട് ചീര്‍ത്ത കണ്ണുകളില്‍ നോക്കി ഭാര്യ ചോദിച്ചത് കേട്ടില്ല എന്ന് നടിച്ചു.. ഓഫീസില്‍ ചെന്നെങ്കിലും ജോലിയില്‍ തീരെ ശ്രദ്ധിക്കാന്‍ പറ്റിയില്ല. ചെയ്യുന്ന കാര്യങ്ങളിലെല്ലാം എന്തോ ഒരു പാകപ്പിഴ പോലെ.

ഫല്ഗുനനെപ്പറ്റി ഞാന്‍ ഒന്നുകൂടി വിശധീകരിക്കാം. അറിയപ്പെടുന്ന ഒരു നോവലിസ്റ്റാണ് ഈ കക്ഷി.. കേരളത്തില്‍ ചൂടപ്പം പോലെ വിറ്റുപോകുന്ന മൂന്നോ നാലോ വാരികകളില്‍ ഫല്‍ഗുനന്‍ സ്ഥിരമായി നോവലുകള്‍ എഴുതുന്നു. ചുരുക്കി പറഞ്ഞാല്‍ ഒരു പൈങ്കിളി സാഹിത്യകാരന്‍. ഫല്‍ഗുനന്റെ നോവലുകള്‍ ഉള്ളതുകൊണ്ട് മാത്രമാണ് ചില വാരികകള്‍ വെളിച്ചം കാണുന്നത് എന്നത് പരസ്യമായ സത്യം.. ഭാര്യയും രണ്ടു സന്താനങ്ങളും അടങ്ങുന്നതാണ് കുടുംബം. ഭാര്യക്ക് ഈവക സാഹിത്യത്തിലൊന്നും താല്പര്യമില്ലെന്കിലും തന്‍റെ മഹിളാ സമാജ വേദികളില്‍ നോവലിസ്റ്റിന്റെ ഭാര്യ എന്നറിയപ്പെടാന്‍ വല്ലാത്ത താല്പര്യമാണ്.

തലേ ദിവസത്തെ പേടിപ്പെടുത്തുന്ന രാവിന് ശേഷം വീണ്ടും ഫല്‍ഗുനന്റെ മുന്‍പിലേക്ക് മറ്റൊരു രാത്രി കൂടി കടന്നു വന്നു. അത്താഴം കഴിച്ചെന്നു വരുത്തി അയാള്‍ തന്‍റെ 'ഓഫീസ് റൂമിലേക്ക്‌' നടന്നു. ഒരുപാട് വാരികകളും, പുസ്തകങ്ങളും ഒരടുക്കും ചിട്ടയും ഇല്ലാതെ സൂക്ഷിച്ചിട്ടുള്ള ഒരു വലിയ മുറിയായിരുന്നു അത്. ഒരു നോവലിന്റെ അടുത്ത അദ്ധ്യായം നാളെ തീര്‍ത്തു കൊടുക്കാം എന്ന് എഡിറ്ററോട് വാക്ക് കൊടുത്തതാണ്... പക്ഷെ എഴുതാനിരുന്നപ്പോള്‍ വല്ലാതെ ഒരു ശൂന്യത.. മനസ്സ് പിടിവിട്ടു സഞ്ചരിക്കുന്നു. ലെറ്റര്‍ പാഡും പേനയും പിടിച്ചു കുറെ നേരം അങ്ങനെ ഇരുന്നു. മടുത്തപ്പോള്‍ ബെഡ് റൂമിലെത്തി.. പ്രിയതമ ലോറി സ്ടാര്ട്ട് ചെയ്തിരുന്നു. കറങ്ങുന്ന ഫാനും നോക്കി കുറെ നേരം കിടന്നു. എപ്പോഴോ ഉറങ്ങി..
അല്‍പ സമയം കഴിഞ്ഞു.. അഗാധമായ ആ ഉറക്കത്തില്‍ ഫല്ഗുണന കണ്ടു, രണ്ടു കൈകള്‍ തന്‍റെ നേര്‍ക്ക്‌ നീണ്ടു വരുന്നു. കഴുത്ത് ലകഷ്യമാക്കിയാണ് അതിന്‍റെ വരവ്. അയാള്‍ക്ക്‌ തടയാന്‍ കഴിയുന്നതിനു മുന്‍പ് തന്നെ ആ വിരലുകള്‍ കഴുത്തില്‍ മുറുകി.. ശ്വാസം കിട്ടാതെ പിടയുമ്പോള്‍ അയാള്‍ കുറച്ചുകൂടി വ്യക്തമായി കണ്ടു നീണ്ട മുടിച്ചുരുളും, മനോഹരമായ കണ്ണുകളും.. പക്ഷെ ആ കണ്ണുകളില്‍ അഗ്നി എരിയുന്നുണ്ടായിരുന്നു. രക്തം പോലെ ചുവന്നു തുടുത്തിരുന്നു. "നീ ആരാണ്? എന്താണ് നിനക്ക് വേണ്ടത്?" അയാളില്‍ നിന്നും എങ്ങിനെയോ കുറച്ചു വാക്കുകള്‍ പുറത്തു വന്നു. "ഞാന്‍ ആതിര.. എനിക്ക് നിന്റെ ജീവന്‍ വേണം.. എന്‍റെ ജീവിതം നശിപ്പിച്ചവനല്ലേ നീ.." വല്ലാത്ത ഒരു മുഴക്കത്തോടെ അവളില്‍ നിന്നും മറുപടി വന്നു. ഈശ്വരാ, ഇന്ന് വരെ അറിഞ്ഞോ അറിയാതെയോ താന്‍ ആരോടും ഒരു ദ്രോഹവും ചെയ്തിട്ടില്ലല്ലോ, പിന്നെ എന്താണ് ഈ കേള്‍ക്കുന്നത്.. ഇനി ചിലപ്പോള്‍ ഈ കക്ഷിക്ക് ആള് മാറിയതാണോ... അയാളുടെ മനസ്സ് വായിച്ചെന്ന പോലെ വീണ്ടും ആ ശബ്ദം മുഴങ്ങി.."നിങ്ങള്‍ക്കെന്നെ ഓര്‍മയില്ല അല്ലെ... അത്രയെളുപ്പം എന്നെ മറന്നു കളഞ്ഞു.. ഓര്‍ത്തു നോക്ക് കുറെ വര്‍ഷങ്ങള്‍ പിറകിലേക്ക്..." അയാള്‍ ഓര്‍മകളില്‍ മുങ്ങിതപ്പാന്‍ തുടങ്ങുന്നത് മുന്‍പ് അവള്‍ തന്നെ പറഞ്ഞു തുടങ്ങി...

"ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച എന്നെ നല്ല വിദ്യാഭ്യാസം തന്നു വളര്‍ത്തി പിന്നെ എന്‍റെ ഇഷ്ടം പോലും നോക്കാതെ നഗരത്തിലെ കോളേജില്‍ അയച്ചു പഠിപ്പിച്ചു.. അവിടെ വച്ച് മുകുന്ദന്‍ എന്ന സഹപാടിയുമായി പ്രണയതിലായതും, വീട്ടുകാരുടെ എതിര്‍പ്പിനെ അവഗണിച്ച് ഞങ്ങള്‍ രാജിസ്റെര്‍ വിവാഹം നടത്തിയതും എല്ലാം നിങ്ങളുടെ അറിവോട് കൂടിയല്ലേ. വളരെ സന്തോഷത്തോടെ ജീവിതം നയിച്ചിരുന്ന ഞങ്ങളുടെ ഇടയിലേക്ക് മുകുന്ദന്റെ അമ്മാവന്റെ മകളായ ഗായത്രിയെ തള്ളി വിട്ടതും നിങ്ങള്‍ തന്നെയല്ലേ. അവസാനം വിവാഹ മോചനം വാങ്ങിത്തന്നു നിങ്ങള്‍ എന്നെ കോടതിയില്‍ നിന്നും പുറത്തേക്കു കൊണ്ട് വരുമ്പോള്‍ മുകുന്ദന്റെയും, ഗായത്രിയുടെയും മുഖത്ത് തെളിഞ്ഞു നിന്നിരുന്ന ആനന്ദത്തിന് നിങ്ങളും സാക്ഷിയായിരുന്നല്ലോ. ജീവിതം മടുത്ത ഞാന്‍ അതമഹത്യക്കു ശ്രമിച്ചപ്പോള്‍ അവിടെയും നിങ്ങള്‍ എന്നെ രക്ഷിച്ചു. ഇനി പറയൂ ഇതെല്ലാം അനുഭവിക്കാന്‍ ഞാന്‍ എന്ത് തെറ്റ് ചെയ്തു.. വര്‍ഷങ്ങളായി എങ്ങനെ ജീവിക്കണമെന്ന് അറിയാതെ ഞാന്‍ അലയുന്നു. എന്താണ് ഇനി എന്‍റെ ഭാവി... ഇതൊന്നും തന്നെ ബാധിക്കുന്ന പ്രശ്നം അല്ല എന്ന ഭാവത്തില്‍ കുടുംഭവുമായി നിങ്ങള്‍ സസുഖം വാഴുന്നു. ഇതിനൊരു പരിഹാരം ഉണ്ടാക്കാതെ നിങ്ങളെ ഞാന്‍ സമാധാനമായി ജീവിക്കാന്‍ സമ്മതിക്കില്ല. ... ഇത് സത്യം..." കഴുത്തിലെ പിടി അയഞ്ഞു.. ഫല്‍ഗുനന്‍ അലറിവിളിച്ചു ചാടിയെഴുന്നേറ്റു. ചുറ്റും അന്ധകാരം.. പെട്ടന്ന് മുറിയില്‍ ലൈറ്റ് തെളിഞ്ഞു.. "നിങ്ങള്‍ക്കിതെന്തു പറ്റി മനുഷ്യാ..ബാക്കിയുള്ളവരെക്കൂടി ഉറങ്ങാന്‍ സമ്മതിക്കില്ല.." പ്രിയതമക്ക് ഉറക്കം പോയതിലുള്ള ദേഷ്യം.. താനിവിടെ ജീവിതത്തിനും, മരണത്തിനുമിടക്കുള്ള നൂല്‍പ്പാലത്തില്‍ സഞ്ചരിച്ചുകൊണ്ടിരുന്ന കാര്യം വല്ലതും അവള്‍ക്കറിയാമോ.. മൌനമാണ് ഏറ്റവും നല്ല മറുപടി എന്നരിയാമായിരുന്നതുകൊണ്ട് വേഗം ലൈറ്റ് ഓഫ്‌ ചെയ്തു കിടന്നു. ഉറക്കം വരുന്നില്ല. മനസ്സില്‍ ജ്വലിക്കുന്ന ആ കണ്ണുകള്‍..കൂടെ "ആതിര" എന്ന പേരും.. എത്ര ആലോചിച്ചിട്ടും ഒരു പിടിയും കിട്ടുന്നില്ല. തന്‍റെ ജീവിതത്തില്‍ അങ്ങനെ ഒരു യുവതിയെ പരിചയപ്പെട്ടിട്ട് പോലുമില്ല. പിന്നെ അവള്‍ ആരാണ്... "ആതിര".. ഫല്‍ഗുനന്‍ ഒന്ന് രണ്ടു വട്ടം ആ പേര് മനസ്സില്‍ ഉരുവിട്ടു പെട്ടന്ന് ഒരു മിന്നലിന്റെ വേഗതയില്‍ അയാള്‍ ചാടിയെഴുന്നേറ്റു. വല്ലാത്ത ഒരു ഭാവം ആ മുഖത്തുണ്ടായിരുന്നു. ഒരു കൊടുങ്കാറ്റിന്റെ വേഗതയില്‍ അയാള്‍ തന്‍റെ ഓഫീസ് മുറിയിലെത്തി.. പഴയ വാരികകളും, നോവലിന്റെ കൈയെഴുത്ത് കോപ്പികളും വച്ചിട്ടുള്ള അലമാര തുറന്ന് ഒരു വലിയ കടലാസ് കെട്ട് വലിച്ചു പുറത്തിട്ടു. തിരക്കിട്ട് പരത്തി അവസാനം അതില്‍ നിന്നും നിറം മങ്ങിയ ഒരു ചെറിയ കെട്ട് കൈയിലെടുത്തു. പൊടിപിടിച്ച ആ കെട്ട് അഴിച്ചെടുത്തു പടര്‍ന്നു തുടങ്ങിയ അക്ഷരങ്ങളിലുള്ള തലക്കെട്ട്‌ വായിച്ചു.. "തിരുവാതിര".

വര്‍ഷങ്ങള്‍ക്കു മുന്‍പ് കേരള ജനത ആവേശത്തോടെയും, അതിലുപരി ആകാംഷയോടെയും വായിച്ചു രസിച്ച തന്‍റെ സൂപ്പര്‍ ഹിറ്റ് നോവല്‍. 40 അദ്ധ്യായങ്ങള്‍ ഉള്ള ആ നോവല്‍ ഒറ്റയിരിപ്പിനു ഫല്‍ഗുനന്‍ വായിച്ചു തീര്‍ത്തു. ആതിരയും, മുകുന്ദനും, ഗായത്രിയുമെല്ലാം അയാളുടെ കണ്മുനപിലൂടെ വന്നു മറഞ്ഞു. ആ നോവല്‍ അവസാനിക്കുന്നത് ഇങ്ങനെയായിരുന്നു......
"............... കണ്ണ് തുറന്ന ആതിര കണ്ടത് ഡോക്ടറുടെ പുഞ്ചിരിക്കുന്ന മുഖമായിരുന്നു. ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല. ഈശ്വരന്റെ തീരുമാനമാണ് താന്‍ വേണ്ടും ജീവിതത്തിലേക്ക് തിരിച്ചു വന്നത്. ഇനി ഇതുപോലെയുള്ള ചിന്തകളൊന്നും മനസ്സില്‍ കൊണ്ടുനടക്കാതെ നല്ല കാര്യങ്ങള്‍ മാത്രം ചിന്തിക്കുക. എല്ലാ വിധ ഭാവുകങ്ങളും നേരുന്നു. ഡോക്ടര്‍ നടന്നു മറയുന്നത് ആതിര നിര്‍വികാരയായി നോക്കിനിന്നു......." (നോവല്‍ അവസാനിച്ചു)

ഫല്‍ഗുനന്‍ കൈ തലയില്‍ താങ്ങി എന്ത് ചെയ്യണമെന്നു അറിയാതെ കുറെ നേരം തറയില്‍ ഇരുന്നു. അതെ താനാണ്, താന്‍ മാത്രമാണ് ആതിരയുടെ ജീവിതം നശിപ്പിച്ചത്‌. ആരാധകരുടെ അഭിനന്ദന കത്തുകള്‍ കണ്ടു അന്ധനായ താന്‍ അവളുടെ ജീവിതം കൊണ്ടാണല്ലോ പന്താടിയിരുന്നത് എന്ന് വേദനയോടെ അയാള്‍ ഓര്‍ത്തു. ആദ്യമായി അയാള്‍ക്ക്‌ കുറ്റബോധം തോന്നി. ഇതിനൊരു പരിഹാരം താന്‍ തന്നെ കണ്ടേ തീരൂ. ഉറച്ച തീരുമാനത്തോടെ ഫല്‍ഗുനന്‍ എഴുനേറ്റു കസേരയില്‍ ഇരുന്നു. ലെറ്റര്‍ പാഡും പേനയും കൈയിലെടുത്തു.. കട്ടിയുള്ള അക്ഷരത്തില്‍ ലെറ്റര്‍ പാഡില്‍ എഴുതി. "തിരുവാതിര - രണ്ടാം ഭാഗം" ഒട്ടും ആലോചിക്കാതെ അതിനു താഴെ ആദ്യത്തെ വരിയും എഴുതി.. "ഇന്ന് ആതിരയുടെ വിവാഹമാണ്".
ലെറ്റര്‍ പാഡ് മടക്കിവച്ച് ഒരു ദീര്‍ഖ നിശ്വാസത്തോടെ ബെഡ് റൂമിലെത്തി. അല്പം തണുത്ത വെള്ളം കുടിച്ചു ബെഡില്‍ കയറിക്കിടന്നു. അന്ന് വരെ അനുഭവിച്ചിട്ടില്ലാത്ത സമാധാനത്തോടെ ഫല്‍ഗുനന്‍ കിടന്നുറങ്ങി.. ആ ഉറക്കത്തില്‍ അയാള്‍ കണ്ടു, തിളങ്ങുന്ന മനോഹരമായ ആ രണ്ടു കണ്ണുകള്‍... സ്നേഹവും, സന്തോഷവും, നന്ദിയും ഇടകലര്‍ന്ന ഒരു ഭാവമായിരുന്നു ആ കണ്ണുകളില്‍ അപ്പോള്‍ നിഴലിച്ചിരുന്നത്..

Saturday, September 5, 2009

നിശാഗന്ധിപ്പൂക്കള്‍

ഒരുപാട് സുഹൃത്തുക്കള്‍ ഉള്ള എനിക്ക് ഇന്ന് ഒരു പുതിയ സുഹൃതിനെക്കൂടി കിട്ടി. പക്ഷെ അവളെക്കുറിച്ച് എനിക്ക് ഒന്നും അറിയില്ലായിരുന്നു. പേരോ, നാടോ ഒന്നും... എങ്കിലും ഒന്ന് മാത്രം ഞാന്‍ മനസ്സിലാക്കിയിരുന്നു, അവള്‍ അതിസുന്ദരിയായിരുന്നു. അവള്‍ അരികില്‍ വരുമ്പോള്‍ നിശാഗന്ധിയുടെ സുഗന്ധവും.. മറ്റാരിലും അന്നുവരെ ഞാന്‍ കാണാത്ത ഒരു ആകര്‍ഷണശക്തി ആ കണ്ണുകളില്‍ ഉണ്ടായിരുന്നു.. ഒരു തരം പിടിച്ചടുപ്പിക്കുന്ന കാന്തിക ശക്തി.. അവളുടെ സ്പര്‍ശനങ്ങള്‍ക്ക് മഞ്ഞിന്‍റെ തണുപ്പായിരുന്നു. നിശാഗന്ധിയുടെ സുഗന്ധമുള്ള അവളെ ഞാന്‍ "നിശ " എന്ന് വിളിക്കുന്നു.

ഞാന്‍ പോകുന്ന വഴികളിലെല്ലാം, ചെയ്യുന്ന ജോലികളിലെല്ലാം 'നിശ' യുടെ സാമീപ്യം അനുഭവപ്പെടുന്നപോലെ പലപ്പോഴും എനിക്ക് തോന്നി..
ഉറക്കം വരാത്ത രാത്രികളിലെല്ലാം നിശാഗന്ധിയുടെ സുഗന്ധം എന്‍റെ ചുറ്റും നൃത്തം വെക്കുന്നത് പോലെയും ....

ഒരിക്കല്‍ പോലും എന്നോട് സംസാരിച്ചിട്ടില്ലാത്ത അവള്‍ എന്നെ അവളുടെ നാട്ടിലേക്ക് ക്ഷണിച്ചത് എനിക്ക് ഒട്ടും വിശ്വസിക്കാനായില്ല. അങ്ങനെ ആദ്യമായി അവളുടെ ശബ്ദവും ഞാന്‍ അറിഞ്ഞു. മെല്ലെ വീശുന്ന കാറ്റിന്‍റെ സീല്‍ക്കാര ശബ്ദം പോലെ...

അവള്‍ പറഞ്ഞുതന്ന വഴികളിലൂടെ തുടിക്കുന്ന ഹൃദയവുമായി ഒരു കറുത്ത രാത്രിയില്‍ ഞാന്‍ അതിവേഗത്തില്‍ കാറോടിച്ചു.. പെട്ടന്ന് എവിടെനിന്നോ നിശാഗന്ധിപ്പൂക്കളുടെ സുഗന്ധം കാറിനുള്ളില്‍ പരന്നു. ആ സുഗന്ധം ഉള്ളിലേക്കാവാഹിച്ചു അറിയാതെ എന്‍റെ കണ്ണുകള്‍ പാതിയടഞ്ഞു. ആ ഒരു നിമിഷത്തില്‍ എന്‍റെ കാറിനു മുന്‍പിലേക്ക് അതിവേഗത്തില്‍ പാഞ്ഞു വന്ന ലോറിയുടെ ഇരമ്പുന്ന ശബ്ദം ഞാനറിഞ്ഞില്ല.

കണ്ണ് തുറക്കുമ്പോള്‍ ഞാന്‍ മറ്റൊരു ലോകത്തായിരുന്നു. പകച്ചു ചുറ്റും നോക്കിയ ഞാന്‍ കണ്ടു, എങ്ങും പൂനിലാവ്‌ പരന്നിരിക്കുന്നു. ആ നിലാവിനിടയിലൂടെ വെണ്മേഘം പോലെയുള്ള വസ്ത്രങ്ങളും ധരിച്ചു എന്‍റെ പ്രിയ കൂട്ടുകാരി ഒഴുകിവരുന്നു. അവള്‍ അടുത്ത് വന്നു മഞ്ഞിന്‍റെ തണുപ്പുള്ള വിരലുകള്‍
എന്‍റെ വിരലുകളിലൂടെ കോര്‍ത്തുപിടിച്ചു.. ഞാന്‍ എന്നിലേക്കുതന്നെ സൂക്ഷിച്ചു നോക്കിയത് അപ്പോളാണ്. എന്‍റെ വസ്ത്രങ്ങളും വെണ്മേഘം പോലെ വെളുത്തിരിക്കുന്നു. എന്‍റെ കൈകള്‍ക്ക് മഞ്ഞിന്‍റെ തണുപ്പും... അപ്പോളും ആ നിശാഗന്ധിപ്പൂക്കളുടെ സുഗന്ധം എന്‍റെ ചുറ്റും ഉണ്ടായിരുന്നു.