ഒരു സുഹൃത്തിന്റെ കാറില്‍ സല്മാനിയയില് നിന്നും കാനു ഗാര്ഡന് ലേക്ക് വരുന്ന വഴിയായിരുന്നു. സല്‍മാനിയ ഹോസ്പിറ്റലിനു മുന്പിലെ സിഗ്നലില്‍ പച്ച വെളിച്ചം കാത്തു കിടക്കുമ്പോഴാണ് ആ സംഭവം നടന്നത്. അവിടെ ബസ്സ് സ്റ്റോപ്പില്‍ കണ്ട ഒരു മുഖം എനിക്ക് വളരെ പരിചിതമായി തോന്നി. മധ്യ വയസ്സുള്ള ഒരു സ്ത്രീയായിരുന്നു അത്. ഓര്‍മകളുടെ അടിത്തട്ടിലേക്ക് ഊളിയിട്ടപ്പോള്‍ എന്റെ പരിചയം മെല്ലെ കൂടി കൂടി വന്നു.
സിഗ്നലില്‍ പച്ച വെളിച്ചം കത്തുന്നതും കാര്‍ മുന്നോട്ടു നീങ്ങുന്നതും ഞാനറിഞ്ഞു.. പെട്ടന്നാണ് ഒരു മിന്നല്‍ പോലെ എനിക്കാ മുഖം പിടികിട്ടിയത്... അപ്പോഴേക്കും കാര്‍ കുറച്ചു ദൂരം മുന്നോട്ടു നീങ്ങിയിരുന്നു. ഉടനെ ഞാന്‍ സുഹൃത്തിനോട് കാര്‍ നിറുത്താന്‍ പറഞ്ഞു.. കാര്‍ നിന്നതും പുറത്തേക്ക് ചാടിയിറങ്ങിയ ഞാന്‍ അവനോടു "പിന്നെ കാണാം" എന്ന് പറഞ്ഞു ഒരു ഓട്ടമായിരുന്നു. അവന് അന്തംവിട്ടു എന്നെ നോക്കുന്നത് ഞാന്‍ കണ്ടില്ല എന്ന് നടിച്ചു. ഒരു രണ്ടു മിനിട്ട്. അതിനുള്ളില്‍ ഞാന്‍ സിഗ്നലിനു അടുത്തെത്തി. ആ സ്ത്രീ അവിടെതന്നെ നില്‍പ്പുണ്ടായിരുന്നു. ഞാന്‍ അവരുടെ അടുത്തേക്ക് നടന്നു. അതെ അവര്‍ തന്നെ. അതേ മുഖം.. കുറച്ചു തടി കൂടിയിട്ടുണ്ട്. മുടി അല്പം നരച്ചിരിക്കുന്നു. കണ്ണിനടിയില്‍ കറുപ്പ് രാശി.
"മേരിചെച്ചിയല്ലേ?" അല്പം സങ്കോച്ചതോടെയും അതിലുപരി ആകാംഷയോടെയും ഞാന്‍ ചോദിച്ചു. അവര്‍ എന്റെ നേരെ സൂക്ഷിച്ചു നോക്കി. മറുപടി ഒന്നും പറഞ്ഞില്ല. അല്പനേരം മിണ്ടാതെ നിന്നെന്കിലും ആകാംഷ അടക്കാനാവാതെ വീണ്ടും ചോദ്യം ആവര്‍ത്തിച്ചു. ഇത്തവണ അവര്‍ കുറച്ചുകൂടി രൂക്ഷമായി എന്നെ നോക്കി. കൂടെ ഒരു ചോദ്യവും "നിങ്ങളാരാ"? ഞാന്‍ പേരു പറഞ്ഞു. കൂടെ എന്റെ സ്ഥലപ്പേരും. അത് കേട്ടപ്പോള്‍ ആ കണ്ണുകളില്‍ ഒരു തിളക്കം മിന്നി മറഞ്ഞോ. എന്നിട്ടും അവര്‍ക്കു എന്നെ അത്രയ്ക്ക് മനസ്സിലായില്ല എന്ന് എനിക്ക് തോന്നി. ഞാന്‍ വിശദമായി എന്നെ പരിചയപ്പെടുത്തി. അച്ഛനമ്മമാരുടെ പേരും ഞാന്‍ താമസിച്ചിരുന്ന സ്ഥലവും കൂടി പറഞ്ഞപ്പോള്‍ അവര്‍ അത്ഭുതം നിറഞ്ഞ കണ്ണുകളോടെ എന്നെ നോക്കി. അവര്‍ക്കു തീരെ വിശ്വാസം വരാതതുപോലെ. "ദൈവമേ അന്നത്തെ ആ കൊച്ചു ചെറുക്കനാണോ ഈ നില്‍ക്കുന്നത്?" വിശേഷങ്ങളൊക്കെ ചോദിച്ച കൂട്ടത്തില്‍ അവര്‍ ഏതോ ഒരു അറബിയുടെ വീട്ടില്‍ house maid ആയി ജോലി നോക്കുകയാണെന്നും ഇവിടെ വന്നിട്ട് അഞ്ചു വര്‍ഷം ആയെന്നും അറിയാന്‍ കഴിഞ്ഞു . അടുത്തമാസം ഇവിടെനിന്നും ജോലി ഉപേക്ഷിച്ചു പോവുകയാണെന്നും മകളുടെ വിവാഹം രണ്ടു മാസത്തിനുള്ളില്‍ ഉണ്ടാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
എന്റെ ചിന്തകള്‍ പതുക്കെ പുറകോട്ടു സഞ്ചരിക്കുകയായിരുന്നു. ഒരു 18-19 വര്‍ഷം പുറകിലേക്ക്. ഞാന്‍ അന്ന് നാലിലോ അന്ഞിലോ പഠിക്കുകയായിരുന്നു. ആയിടക്കാണ് ഞങ്ങളുടെ അടുത്ത വീട്ടില്‍ ഒരു കുടുംബം വാടകക്ക് താമസിക്കാന്‍ എത്തുന്നത്. വാഴക്കുല കച്ചവടം നടത്തുന്ന പോക്കര് എന്ന ആളുടെതാണ് ആ വാടക വീട്. വാടക വീട് എന്ന് പറഞ്ഞാല്‍ ഒരു മുറിയും അടുക്കളയും മാത്രമുള്ള പുല്ലു മേഞ്ഞ ഒരു കൊച്ചു പുര. അവിടെ ഏത് താമസക്കാര്‍ വന്നാലും ഒരു മാസത്തില്‍ കൂടുതല്‍ താമസിക്കില്ല എന്ന് എല്ലാവരും കളിയായി പറയുമായിരുന്നു. അമ്മയും അച്ഛനും നാല് വയസ്സുള്ള ഒരു പെണ്‍കുട്ടിയും അടങ്ങിയതായിരുന്നു ഈ കുടുംബം. സിനിമയിലൊക്കെ കാണുന്ന ബാലതാരങ്ങളെ വെല്ലുന്ന ഒമാനത്തമായിരുന്നു ആ കുഞ്ഞു മുഖത്ത്. ആ കുഞ്ഞിന്റെ ചിരിയും കളിയും കുസൃതികളും കൊണ്ടു വളരെ പെട്ടന്ന് ആ കുടുംബം എല്ലാവരുടെയും പ്രിയപ്പെട്ടവരായി മാറി. ആ കുട്ടിയുടെ അച്ഛന് "ബാലന്" എന്ന പേരുള്ള അയാളെ വളരെ കുറച്ചു മാത്രമെ ഞങ്ങളെല്ലാം കണ്ടിട്ടുള്ളു. ദൂരെ ഒരിടത്ത് ബിസിനെസ്സ് ആണെന്ന് ചോദിക്കുന്നവരോട് അയാള്‍ പറയും. . ഒരു വലിയ കുടുംബത്തിലെ അങ്ങമായിരുന്നു മേരി എന്ന ആ സ്ത്രീ. അവരുടെ ഡ്രൈവറായിരുന്നു ബാലന്. മേരിയെ കോളേജില്‍ കൊണ്ടുപോയി വിടുന്നതും , കൂട്ടികൊണ്ട് വരുന്നതുമെല്ലാം ഡ്രൈവര്‍ ബാലന് ആയിരുന്നു. കൌമാരത്തില്‍ എല്ലാവര്ക്കും സംഭവിക്കുന്ന ഒന്നാണല്ലോ പ്രണയം. അത് ഇവിടെയും വില്ലനായി. അവസാനം വീട്ടുകാരുടെ എതിര്‍പ്പിനെ വക വെക്കാതെ അവര്‍ വിവാഹിതരായി. ജോലി നഷ്ടപ്പെട്ട ബാലനും, വീട്ടില്‍ നിന്നും ആട്ടിയിരക്കാപ്പെട്ട മേരിയും അങ്ങനെ ആ നാട്ടില്‍ നിന്നും യാത്ര പറഞ്ഞു. അവരുടെ ജീവിത കഥ ആ പ്രായത്തില്‍ എനിക്ക് അറിയാന്‍ കഴിഞ്ഞത് ഇത്രയുമൊക്കെയാണ്.
ഒരു ദിവസം രാത്രി ഒരു മൂന്നു മണിയായിക്കാണും , വലിയ ഒച്ചയും ബഹളവും കേട്ടാണ് ഞാന്‍ ഉണര്‍ന്നത്. അടുത്ത് എവിടെ നിന്നോ ആണ്. എല്ലാവരും മുറ്റത്തിറങ്ങി, കൂടെ ഞാനും. പോക്കരിന്റെ വാടക വീടിനു മുന്പില് പോലീസ് ജീപ്പ്. എന്റെ ഉള്ളില്‍ വല്ലാത്ത ഒരു ഭയം നിറഞ്ഞു. ആരൊക്കെയോ പറയുന്നതു കേട്ടു അവര്‍ വന്നത് ബാലനെ അന്വേഷിചാനെന്നു. പിന്നീട് പോലീസില്‍ നിന്നുമാണ് അറിഞ്ഞത് "കോടാലി ബാലന്" ചന്ദന കള്ളകടതാണ് ജോലി എന്ന്. ദൂരെ കാടിനോട് ചേര്‍ന്നുള്ള ഗ്രാമത്തിലെ എജന്റുമാരില്‍ നിന്നും ചന്ദനം വാങ്ങി അടുത്തുള്ള ഫാക്ടറിയില്‍ എത്തിക്കുകയായിരുന്നു ബാലന്റെ ജോലി.
കൂടെ നല്ല പ്രതിഫലവും. പോലീസിന്റെ ചോദ്യത്തിനു മുന്പില് ആ പാവം സ്ത്രീ കരയുന്നതും അവരുടെ സാരിത്തുമ്പില്‍ പിടിച്ചിരുന്ന കുഞ്ഞികൈകള്‍ വിറക്കുന്നതും ഞാന്‍ കണ്ടു. അരണ്ട വെളിച്ചത്തില്‍ കാണാമായിരുന്നു ആ കൊച്ചു കണ്ണുകളിലെ നിറഞ്ഞു നില്ക്കുന്ന ഭയം.
പിന്നീട് പല രാത്രികളിലും ഇത് ആവര്‍ത്തിച്ചു. എന്നാല്‍ ഒരിക്കല്‍ പോലും ബാലനെ അവര്‍ക്കു പിടികിട്ടിയില്ല. ഒരിക്കല്‍ ഞങ്ങളുടെ ഗ്രാമം ഉണര്‍ന്നത് കോടാലി ബാലന്റെ മരണവാര്‍ത്ത കേട്ടാണ്. രാത്രി കാട്ടിലൂടെയുള്ള യാത്രയില്‍ എന്തോ അപകടം പറ്റിയതായിരുന്നു. അങ്ങനെ അനാധരായിതീര്‍ന്ന ആ അമ്മയും മകളും ബാലന്റെ നാട്ടിലേക്ക് യാത്രയായി.. ഞങ്ങള്‍ എല്ലാവരുടെയും മനസ്സില്‍ ഒരുപാടു ദുഖം ബാക്കിവച്ചുകണ്ട്.. പിന്നീടൊരിക്കലും അവര്‍ തിരിച്ചുവന്നില്ല. കാലത്തിന്റെ സഞ്ചാരം വളരെ വേഗത്തിലായതിനാല്‍ എല്ലാവരും അവരെ മറന്നു. ഞാനും.
"ഞാന്‍ പോവുകയാണ്. ബസ് വന്നു" പെട്ടന്നുള്ള ആ ശബ്ദം എന്നെ ചിന്തയില്‍ നിന്നും ഉണര്‍ത്തി. "മകള്‍"? എന്റെ ചോദ്യത്തിനു മറുപടിയായി അവര്‍ പറഞ്ഞു " ലീന ടീച്ചറായി ജോലി ചെയ്യുന്നു. നാട്ടില്‍ ഒരു ഹോസ്റലില്‍ ആണ് താമസം. അവളെ നല്ലോരിടത്ത് വിവാഹം ചെയ്തയാക്കണം എന്ന ആഗ്രഹവുമായാണ് ഞാന്‍ ഇവിടെ വന്നത്. എന്റെ അവസ്ഥ എന്റെ മകള്‍ക്കുണ്ടാകരുത്. ഓരോ വര്‍ഷവും കരുതും ഗള്‍ഫ് ജീവിതം മതിയാക്കി തിരിച്ചു പോകണമെന്ന്. നീണ്ടു പോയ ആ തീരുമാനം ഇപ്പോള്‍ അഞ്ചു വര്‍ഷത്തില്‍ എത്തി നില്ക്കുന്നു. ഇനി ഒരു മാസം കൂടി. പിന്നെ എങ്ങിനെ ജീവിക്കും എവിടെ ജീവിക്കും ഒന്നും എനിക്കറിയില്ല. മകള്‍ മാത്രമാണ് ഇപ്പോള്‍ എന്റെ മനസ്സില്‍ ". ആ കണ്ണുകള്‍ നിറയുന്നത് ഞാന്‍ കണ്ടു. "പോകുന്നതിനു മുന്‍പ് ദൈവം അനുവദിച്ചാല്‍ വീണ്ടും കാണാം" എന്ന് പറഞ്ഞു അവര്‍ ബസ്സില്‍ കയറി.
എന്നാല്‍ പിന്നീട് ഞാന്‍ അവരെ കണ്ടിട്ടില്ല. അവര്‍ പറഞ്ഞതു സത്യമാണെങ്കില്‍ ഒരു മാസത്തിനു ശേഷം അവര്‍ തരിച്ചു പോയിക്കാണും. സ്വന്തം മണ്ണിലേക്ക്. എനിക്കവരോട് സത്യത്തില്‍ ബഹുമാനം തോന്നുന്നു. ജീവിതത്തിന്റെ കറുത്ത മുഖങ്ങളില്‍ തളരാതെ തന്റെ ലകഷ്യ പ്രാപ്തിക്കായി കഷ്ടപ്പെട്ട് , മകള്‍ക്കായി മാത്രം ജീവിച്ച സ്ത്രീ... എവിടെയായിരുന്നാലും അവര്‍ സന്തോഷമായി തന്നെ ജീവിക്കട്ടെ, ഇനിയുള്ള കാലമെങ്കിലും.