
ആദ്യ ദിവസം
കാറ്റത്ത് പാറിപ്പറക്കുന്ന ചെമ്പ് കലര്‍ന്ന മുടിയിഴകള്‍...എന്നെ ആദ്യം അവളിലേക്ക് ആകര്‍ഷിച്ചത് അതായിരുന്നു.. ചെമ്പന്‍ മുടിയിഴകള്‍ എന്നും എന്‍റെ ദൌര്‍ബല്യമായിരുന്നല്ലോ... ഹിന്ദി താരങ്ങളെ അനുകരിച്ചു മുടിയില്‍ ബ്രൌണ്‍ ചായം പുരട്ടി കോളേജില്‍ വിലസിയിരുന്ന ആ കാലം ഇന്നും ഓര്‍ക്കാറുണ്ട്.. അന്ന് അച്ഛന്‍ നല്‍കിയിരുന്ന കനത്ത ശകാരം ഇന്നും കാതുകളില്‍ മുഴങ്ങുന്നു... ശരി നമ്മള്‍ എവിടെയാണ് പറഞ്ഞു നിറുത്തിയത്...അതെ ചെമ്പ് കലര്‍ന്ന മുടിയിഴകള്‍.. എത്ര നേരം അങ്ങിനെ നിന്നു എന്നറിയില്ല.. അവള്‍ അടുത്ത ബസ്സില്‍ കയറിപ്പോകുന്നത് വരെ ഞാന്‍ ആ നില്‍പ്പ് തുടര്‍ന്നു.. പിന്നെ പതുക്കെ ഞാനും നഗരത്തിന്‍റെ തിരക്കിലെക്കിറങ്ങി...
രണ്ടാം ദിവസം
ഒരുപാട് കാത്തുനില്‍ക്കേണ്ടി വന്നില്ല ആ മുടിയിഴകള്‍ എന്‍റെ കണ്ണില്‍പ്പെടാന്‍... പതിവുപോലെ ബസ്സില്‍ കയറുമ്പോള്‍ പക്ഷെ ഇത്തവണ ഒരു പുഞ്ചിരി കൂടി സമ്മാനിക്കാന്‍ അവള്‍ മറന്നില്ല. ഒരു നിമിഷം... ഞാന്‍ എന്നെത്തന്നെ മറന്നുപോയി.. മൊബൈല്‍ ഫോണിന്‍റെ റിങ്ങിംഗ് ശബ്ദമാണ് എന്നെ ഉണര്‍ത്തിയത്... ഓഫീസില്‍ നിന്നുമാണ്.. "on the way" എന്ന ഒറ്റ മറുപടിയില്‍ സംസാരം ഒതുക്കി... ഇനി എത്ര തിരക്കിട്ടോടിയാലും കൃത്യ സമയത്ത് ഓഫീസില്‍ എത്താനാവില്ല. ബോസിന്‍റെ കൂര്‍ത്ത നോട്ടം ഒരു good morning ലൂടെ അവഗണിച്ച് ഞാന്‍ സീറ്റില്‍ ചെന്നിരുന്നു... കുന്നുകൂടിയ ഫയലുകള്‍ എന്നെ നോക്കി കളിയാക്കി ചിരിക്കുന്നു... എങ്കിലും ആ ഫയലുകള്‍ക്കുള്ളിലും മനോഹരമായ മറ്റൊരു മന്ദഹാസം തതിക്കളിക്കുന്നതുപോലെ എനിക്ക് തോന്നി..
മൂന്നാം ദിവസം
അലാറം ശബ്ദത്തിന് പോലും ഒരു സംഗീതം കൈവന്നപോലെ... കുളിച്ചൊരുങ്ങി ബ്രേക്ക്ഫാസ്റ്റ് കഴിച്ചെന്നു വരുത്തി ഒരോട്ടമായിരുന്നു ബസ് സ്റ്റോപ്പിലേക്ക്. വരാന്തയില്‍ അമ്മ അന്തം വിട്ടുനില്‍ക്കുന്നത് ആ ഓട്ടതിനിടയിലും ഞാന്‍ ശ്രദ്ധിച്ചു.. മകനിലുണ്ടായ ഈ സമയനിഷ്ടത അമ്മയെ അത്ഭുതപ്പെടുതിയിരിക്കും ...ഉറപ്പ്.. വളരെനേരത്തെ കാത്തുനില്പിനോടുവില്‍ വീണ്ടും ആ പുഞ്ചിരി.. പിന്നീടുള്ള പല ദിവസങ്ങളിലും ഇതാവര്‍ത്തിച്ചു... എന്‍റെ ദിനചര്യകളില്‍ മുന്‍പില്ലാതിരുന്ന ഒരു അടുക്കും ചിട്ടയും കൈവന്നു... ജീവിതത്തില്‍ ഒരു പുതിയ ഉന്‍മേഷം ലഭിച്ചതുപോലെ.. അതോടൊപ്പം അമ്മയുടെ അത്ഭുതവും നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വന്നു...
ഒരാഴ്ചക്ക് ശേഷമുള്ള ഒരു ദിവസം..
പരിചയപ്പെടണം എന്ന ഉറച്ച തീരുമാനത്തോടെയാണ് ഞാന്‍ അന്ന് ബസ് സ്ടോപ്പിലെതിയത്... ദൂരെ കണ്ടു ഒരു ഇളം നീലച്ചുരിധാറില്‍ അവള്‍.. എന്‍റെ മനസ്സ് അറിഞിട്ടെന്നവണ്ണം അവള്‍ പെട്ടന്ന് എന്‍റെ അടുക്കലേക്കു നടന്നടുത്തു... എന്‍റെ കൈകാലുകളില്‍ ചെറിയ ഒരു വിറയല്‍ പടര്‍ന്നു കയറിതുടങ്ങിയിരുന്നു... പക്ഷെ അവളില്‍ നിന്നും പതിവ് പുഞ്ചിരി.. "എന്താണ് പേര്"? ഞാന്‍ ചോദിക്കാന്‍ ശ്രമിച്ചെങ്കിലും ശബ്ദം പുറത്തുവന്നില്ല. അത് മനസ്സിലാക്കിയെന്നവണ്ണം അവള്‍ പരിചയപ്പെടുത്തി... "ഞാന്‍ രാധിക".. ഞാന്‍ എന്‍റെ പേരും എങ്ങനെയോ പറഞ്ഞൊപ്പിച്ചു.. ദൂരെ നിന്നും അവള്‍ക്കുള്ള ബസ് വരുന്നത് കണ്ടു... "മൊബൈല്‍ നമ്പര്‍ തരുമോ"? അടുത്ത ചോദ്യം... ഞാന്‍ പറഞ്ഞു കൊടുത്ത നമ്പര്‍ അവള്‍ മൊബൈലില്‍ സേവ് ചെയ്തിട്ട് ബസിനടുതെക്ക് നടക്കുമ്പോള്‍ "ഞായറാഴ്ച വിളിക്കാം" എന്ന് കൂടി പറയാന്‍ മറന്നില്ല. ആ വാക്കുകള്‍ ഒരു പനിനീര്‍ മഴ പോലെയാണ് എന്നില്‍ വന്നു പതിച്ചത്...
പിറ്റേന്ന് ശനിയാഴ്ച... മറ്റൊരു ഹര്‍ത്താല്‍ അവധി കൂടി... ഓണവും, വിഷുവും, ക്രിസ്തുമസും പോലെ ഹര്‍ത്താലും നമ്മുടെ ജീവിതത്തിലെ ഒരു അഭിവാജ്യ ഘടകമായ് മാറിയെങ്കിലും ജീവിതത്തില്‍ ആദ്യമായ് ഹര്‍ത്താലിനെ ശപിച്ചത് അന്നാണ്. വീട്ടില്‍ തന്നെ ചടഞ്ഞു കൂടിയിരുന്നു... വൈകുന്നേരത്തെ സ്ഥിരം വോളിബോള്‍ കളിയും അന്ന് വേണ്ടെന്നു വച്ചു... ആ രാത്രി എനിക്കൊരു കാളരാത്രി ആയിരുന്നു.. നടന്നും, കിടന്നും എങ്ങിനെയോ നേരം വെളുപ്പിച്ചു... പകല്‍ മുന്നോട്ട് പോകാതതുപോലെ... കുറേ നേരം TV കണ്ടിരുന്നു. ചാനലുകളില്‍ നിന്നും ചാനലുകളിലേക്ക് ഓടുംബോളും മനസ്സും, കണ്ണും മൊബൈല്‍ ഫോണിലായിരുന്നു. ഒന്നിലും ശ്രദ്ധിക്കാന്‍ കഴിയുന്നില്ല. മനസ്സ് പിടിവിട്ടു പാറി നടക്കുന്ന പോലെ... ഇതുവരെ അനുഭവിക്കാത്ത നിര്‍വചിക്കാനാവാത്ത എന്തോ ഒന്ന്. എന്‍റെ ചിന്തകള്‍ക്ക് വിരാമമിട്ടുകൊണ്ട് പെട്ടന്ന് മൊബൈല്‍ ശബ്ദിച്ചു.. പരിചിതമല്ലാത്ത നമ്പര്‍... "ഞാന്‍ രാധികയാണ്".. ഒരിക്കല്‍ മാത്രമേ കേട്ടിട്ടുള്ളൂ എങ്കിലും മനസ്സിന്റെ ആഴത്തില്‍ പതിഞ്ഞ ആ ശബ്ദം.. "3 മണിക്ക് ഫ്രീ ആയിരിക്കുമോ? ഞാന്‍ അങ്ങോട്ടൊന്നു വന്നാലോ എന്ന് വിചാരിക്കുന്നു..." തുള്ളിച്ചാടുന്ന മനസ്സിനെ ഒരുവിധം അടക്കിക്കൊണ്ടു ഞാന്‍ എന്‍റെ വിലാസം പറഞ്ഞുകൊടുത്തു...
പിന്നീടുള്ള ആ കാത്തിരിപ്പ്, നിമിഷങ്ങള്‍ മണികൂറുകളാകുന്നു. പലവട്ടം ചോദിച്ച അമ്മയോട് ഒരു സുഹൃത്ത് കാണാന്‍ വരുന്നു എന്ന് മാത്രം പറഞ്ഞു.. മകന്റെ സുഹൃത്തിനെ സ്വീകരിക്കാന്‍ അമ്മയും ഒരുക്കം തുടങ്ങി... 3 മണിയായി..... 3.05..... 3.10.....ഇരിക്കാനും നടക്കാനും കഴിയാത്ത അവസ്ഥ... TV ഓണ്‍ ചെയ്തുവച്ചു.. എന്‍റെ ഇഷ്ട താരവുമായുള്ള ഇന്റര്‍വ്യൂ ഏഷ്യാനെറ്റില്‍.. ശ്രദ്ധിക്കാന്‍ കഴിയുന്നില്ല...അതിലും പ്രിയപ്പെട്ടതായി മറ്റെന്തോ ആയിരുന്നു എന്നിലപ്പോള്‍.. കാളിംഗ് ബെല്ലിന്‍റെ ശബ്ദം ഒരു ഞെട്ടലോടെയാണ് ഞാന്‍ കേട്ടത്.. നിമിഷങ്ങള്‍ക്കുള്ളില്‍ വാതില്‍ തുറന്നു.. ആദ്യം കണ്ടത് കാറ്റില്‍ പറക്കുന്ന ചെമ്പിച്ച ആ മുടിയിഴകള്‍.. അകത്തേക്ക് സ്വാഗതം ചെയ്യുമ്പോളാണ് കൂടെയുള്ള സുമുഗനായ ആ ചെറുപ്പക്കാരനെ ഞാന്‍ ശ്രദ്ധിച്ചത്.. രണ്ടുപേരും സോഫയിലിരുന്നപ്പോളെക്കും തണുത്ത ഓറഞ്ച് ജൂസുമായ് അമ്മ.. അവള്‍ അമ്മയോട് എന്തോ കുശലം ചോദിച്ചു, പിന്നെ എന്‍റെ നേരെ തിരിഞ്ഞു.. "അയ്യോ പരിചയപ്പെടുത്താന്‍ മറന്നു.. ഇത് സുമേഷ് ".. അവള്‍ കൂടെയുണ്ടായിരുന്ന ആ ചെറുപ്പക്കാരനെ എനിക്ക് പരിചയപ്പെടുത്തി... " എന്‍റെ ഹസ്സാണ് . ഒരു പ്രൈവറ്റ് കമ്പനിയില്‍ വര്‍ക്ക് ചെയ്യുന്നു ".. മുഴുവന്‍ കേള്‍ക്കാന്‍ എനിക്ക് സാധിച്ചില്ല.. രണ്ടു ചെവിയിലൂടെയും ആണിയടിച്ചു കയറുന്ന പോലുള്ള ഒരു വേദന.. കണ്ണില്‍ ഇരുട്ട് കയറിയോ..ഞാന്‍ സെറ്റിയില്‍ മുറുകെപ്പിടിച്ചു...മങ്ങിയ കാഴ്ചയിലും ഞാന്‍ കണ്ടു, അവള്‍ ബാഗില്‍നിന്നും കുറച്ചു പേപ്പര്‍ എടുത്തു ടീപ്പോയില്‍ വെക്കുന്നു. .. കൂടെ ആമുഖം പോലെ ഇതും " ഇത് ഏറ്റവും പുതിയതും വിശ്വസനീയവുമായ ഒരു മണി സേവിംഗ് സ്കീമാണ് . ഒരു ലക്ഷം രൂപ ഡിപ്പോസിറ്റ് ചെയ്‌താല്‍ ഒരു വര്‍ഷത്തിനുള്ളില്‍ മറ്റാരും നല്‍കാത്ത നല്ലൊരു interest ഞങ്ങള്‍ ഉറപ്പു തരുന്നു. ആപ്ലികേഷന്‍ ഫോമും മറ്റു പേപ്പറുകളും ഞാന്‍ കൊണ്ടുവന്നിട്ടുണ്ട്.. പേരും വിലാസവും എഴുതി ഒരൊപ്പിട്ടാല്‍ മാത്രം മതി... നമ്മള്‍ നല്ല സുഹൃത്തുക്കളായ സ്ഥിതിക്ക് മിനിമം ഒരു 2 ലക്ഷമെങ്കിലും ഡിപ്പോസിറ്റ ചെയ്യുമെന്നാണ് എന്‍റെ വിശ്വാസം.. ഈ 2 ലക്ഷം കൂടി ചേര്‍ത്താല്‍ എന്‍റെ ടാര്‍ഗെറ്റ് പൂര്‍ത്തിയാകും.. തൊണ്ട വരളുന്നത് ഞാനറിയുന്നുണ്ടായിരുന്നു എങ്കിലും അവള്‍ക്ക് വിലാസം പറഞ്ഞുകൊടുത്തതും, അവള്‍ പറഞ്ഞുതന്ന സ്ഥലങ്ങളിലെല്ലാം ഒപ്പിട്ടതും യാന്ത്രികമായിരുന്നു..
ആകെയുണ്ടായിരുന്ന സംബാധ്യത്തില്‍ നിന്നും നല്ലൊരു തുക ചെക്കായി കൊടുക്കുമ്പോള്‍ കൈ വിറച്ചോ...അറിയില്ല.... എന്നാല്‍ ഒന്ന് മാത്രം അറിയാമായിരുന്നു. സേവിംഗ് സ്കീമുകളില്‍ വിശ്വാസം ഇല്ലാതിരുന്ന ഞാനും അവസാനം.... ഓറഞ്ച് ജ്യൂസിനു നല്ല സ്വാദാണെന്ന് പറഞ്ഞതും , വീണ്ടും കാണാം എന്ന് ആരോടെന്നില്ലാതെ പറഞ്ഞു അവര്‍ യാത്രയായതും ഒരു സ്വപ്നത്തിലെന്നപോലെ ഞാന്‍ നോക്കിനിന്നു...കണ്ടു ഭയന്ന ഒരു ദുസ്വപ്നം പോലെ...
No comments:
Post a Comment