Wednesday, September 1, 2010

ചുട്ട കോഴി

2006 ലെ വേനല്‍... ഞാന്‍ ബഹറിനില്‍ എത്തിയിട്ട് ഏതാനും മാസങ്ങള്‍ മാത്രമേ ആയിരുന്നുള്ളു. ബാച്ചിലര്‍ ജീവിതം അടിച്ചുപൊളിച്ച് ആഘോഷിച്ചു ജീവിക്കുന്ന സമയം.. മിക്കവാറും വൈകുന്നേരം എട്ടു മണി വരെ ഓഫീസില്‍ ആയിരിക്കും. അത് കഴിഞ്ഞാല്‍ പിന്നെ ഒരോട്ടമാണ്. ആ ഓട്ടം ചെന്ന് നില്‍ക്കുന്നത് സല്മാനിയയിലുള്ള ശ്രീനിവാസ് പുട്ട് ഹോട്ടലിന്‍റെ മുന്നിലും.. അന്നും ഇന്നും കുറഞ്ഞ വിലക്ക് കിട്ടുന്ന ഒരു ഐറ്റം ചപ്പാത്തി ആയതുകൊണ്ട് രാത്രി ഭക്ഷണം സ്ഥിരം ചപ്പാത്തി ആയിരിക്കും.. ഓരോ ദിവസവും ഞങ്ങളെ അലട്ടുന്ന പ്രശ്നം എന്ത് കറി ഉണ്ടാക്കും എന്നതാണ് .. എങ്കിലും വലിയ കുഴപ്പം കൂടാതെ അങ്ങനെ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.

അന്ന് പതിവിലും നേരം വൈകിയാണ് ഓഫീസില്‍ നിന്നും ഇറങ്ങിയത്‌. പതിവുപോലെ സല്‍മാനിയ ലകഷ്യമാക്കി സവാരി ആരംഭിച്ചു.. മനസ്സില്‍ വീണ്ടും കറി ചിന്ത തന്നെ.. ഒപ്പം ആമാശയത്തില്‍ വിശപ്പിന്റെ ചെണ്ട മേളം.. ചിന്തകള്‍ കാട് കയറി പരിസരം മറന്നു അങ്ങനെ നടക്കുമ്പോള്‍ പെട്ടന്ന് ആരോ വിളിക്കുന്ന പോലെ ഒരു തോന്നല്‍. കറിക്ക് അല്‍പ സമയം അവധി കൊടുത്തു ചുറ്റും നോക്കുമ്പോള്‍ എന്‍റെ ചുരുക്കം ചില സുഹൃത്തുക്കളില്‍ ഒരാള്‍ സിഗ്നലില്‍ പച്ച വെളിച്ചം കാത്ത് കാറില്‍ ഇരിക്കുന്നു. "നീ എങ്ങോട്ടാ?" ഉച്ചത്തിലുള്ള ചോദ്യം.. ഉത്തരം പറയുന്നതിന് മുന്‍പ് അടുത്ത ചോദ്യം "ഫ്രീ ആണെങ്കില്‍ കാറില്‍ കയറ്" ... ഞാന്‍ ഡോര്‍ തുറന്ന് കയറി, അവന്‍ കാറ് മുന്നോട്ടെടുത്തു. "എന്താ പരിപാടി?".. എന്‍റെ ചോദ്യത്തിനു അവന്‍ പറഞ്ഞ മറുപടി ഹൃദയത്തില്‍ കുളിര്‍ മഴ പെയ്യിച്ചു. "പുതിയ ഹൗസ് മെയിഡ് ഇന്നലെ നാട്ടില്‍ നിന്നു വന്നേയുള്ളൂ. അതുകൊണ്ട് വീട്ടില്‍ ഭക്ഷണം ഒന്നും ഉണ്ടാക്കിയില്ല. ഉച്ചക്ക് വന്നപ്പോള്‍ രണ്ടു മൂന്ന് ഗ്രില്‍ ചിക്കന്‍ വാങ്ങി ഫ്രിഡ്ജില്‍ കൊണ്ടു പോയി വച്ചിട്ടുണ്ട്.. നമുക്ക് അവനെയൊന്നു അവസാനിപ്പിക്കാം.." അവന്റെ ഭാര്യക്കാണെങ്കില്‍ ഗ്രില്‍ ചിക്കനോട് വലിയ താല്പര്യ ഇല്ല എന്ന സത്യം അറിയാവുന്ന ഞാന്‍ മനസ്സില്‍ ആനന്ദ നൃത്തം ചവിട്ടി. "രോഗി ഇചിച്ചതും ചുട്ട കോഴി, വൈദ്യന്‍ കല്പിച്ചതും ചുട്ട കോഴി" എന്നപോലെയായി എന്‍റെ അവസ്ഥ. രാവിലെ എഴുന്നേറ്റു വന്നപ്പോള്‍ കണി കണ്ട റൂം മേറ്റ്‌ സുരേഷിന്റെ മോന്തയെ മനസ്സില്‍ സ്തുതിച്ചു ഞാന്‍ ഒന്നിളകിയിരുന്നു.

വീടെത്തി. സുഹൃത്ത്‌ കാര്‍ പാര്‍ക്ക് ചെയ്യുന്നത് വരെ എങ്ങിനെയോ ക്ഷമയോടെ കാത്ത് നിന്നു. സുഹൃത്തിന്റെ ഭാര്യയുടെ കുഷലാന്വേഷണത്തിന് മറുപടി പറയുമ്പോള്‍ എന്‍റെ കണ്ണുകള്‍ അടുക്കളയിലെ ഫ്രിട്ജിനു ചുറ്റും വട്ടമിട്ടു പറക്കുകയായിരുന്നു. പുതിയ ഹൗസ് മെയിഡ് കൊണ്ടു വന്നു തന്ന ജ്യൂസ് ഒറ്റവലിക്ക് അകത്താക്കി അന്ന നാളം ചുട്ട കോഴിക്കായി തയാറാക്കി വച്ചു. അവസാനം കാത്തിരുന്ന മുഹൂര്‍ത്തം ആഗതമായി. "നമുക്ക് ഭക്ഷണം കഴിച്ചാലോ..??" സുഹൃത്തിന്റെ ശബ്ദം ഇത്രയും കാലം കേട്ടതിലും മനോഹരമായി ആ സമയത്ത് എനിക്ക് തോന്നി. കൈ കഴുകി എന്നു വരുത്തി മേശയുടെ അടുത്തേക്ക് പറന്നു ചെന്നിരുന്നു. കോഴിയുടെ കാലു കടിച്ചു വലിക്കുന്ന മനോഹര ദൃശ്യം ഒരു സിനിമയിലെന്ന പോലെ മനസ്സില്‍ തെളിഞ്ഞു.. "ചേച്ചി ആ ഫ്രിഡ്ജില്‍ ചിക്കന്‍ ഇരിപ്പുണ്ട്. ഇങ്ങോട്ടെടുതോ." കൈ കഴുകിക്കൊണ്ട് സുഹൃത്ത്‌ പറഞ്ഞു.. "എന്നാ ചിക്കെനാ?" ചേച്ചി സ്വത സിദ്ധമായ കോട്ടയം ശൈലിയില്‍ ചോദിച്ചു.. "ഞാന്‍ ഉച്ചക്ക് വാങ്ങി കൊണ്ടുവന്നു ഫ്രിഡ്ജില്‍ വച്ചിരുന്നു. ചേച്ചി കണ്ടില്ലേ..?" സുഹൃത്തിന്റെ ക്ഷമ കേട്ടു... എന്റെയും.. "ഓ അതോ... അത് അപ്പടീം കരിഞ്ഞതല്ലായിരുന്നോ കുഞ്ഞേ.. ഞാന്‍ എടുത്തു ദാണ്ടേ വേസ്റ്റ് കൊട്ടയിലോട്ടിട്ടു." ഒരു വെടിയുണ്ട പോലെ ആ ഉത്തരം എന്‍റെ നേരെ ചീറി വരുന്നത് ഞാന്‍ കണ്ടു.. എന്‍റെ ആമാശയതിലൂടെ ഒരു തീവണ്ടി കടന്നു പോയി .. "എവിടെയാ ചേച്ചി ആ വേസ്റ്റ് കൊട്ട" എന്ന ചോദ്യം നാവിന്‍ തുമ്പ് വരെ വന്നെങ്കിലും വിശപ്പിനേക്കാള്‍ വില ആത്മാഭിമാനത്തിനാണ് എന്ന തിരിച്ചറിവ് ആ സമയത്തുപോലും എനിക്കുണ്ടായി. സുഹൃത്തിന്റെ മുഖത്ത് രക്തമയം ഇല്ലാതാകുന്നത് ഞാന്‍ കണ്ടു. ഭാര്യ "ഒരു കാള്‍ വരുന്നുണ്ട് " എന്നു പറഞ്ഞു അടുത്ത മുറിയിലേക്ക് ഓടി രക്ഷപെട്ടു. എങ്കിലും അഭിമാനത്തോടെ തല ഉയര്‍ത്തിപ്പിടിച്ചു നിന്ന ആ ചേച്ചിയെ ഈ ജന്മം ഞങ്ങള്‍ക്ക് മറക്കാനാവില്ല.

Monday, August 9, 2010

അനുകരണ കല എന്ന 'കൊല'

ഉച്ചയൂണിനു ശേഷം പതിവുള്ള മയക്കം ഒഴിവാക്കി ടിവി കാണാന്‍ തീരുമാനിച്ച ഞാന്‍ വളരെ അവിചാരിതമായാണ് ഒരു പരിപാടി ശ്രദ്ധിച്ചത്. പ്രശസ്തരായ കോമഡി താരങ്ങള്‍ വിധി കര്‍ത്താക്കളായ പരിപാടിയില്‍ തുടക്കത്തില്‍ എനിക്ക് കുറച്ചു താല്പര്യം തോന്നി. തുടര്‍ന്ന് അടുത്ത ദിവസങ്ങളിലും കുറച്ചു സമയം ഇതിനായി ചിലവഴിച്ച ഞാന്‍ ഇതുവരെ ആരും അവതരിപ്പിച്ചിട്ടില്ലാത്ത ചില റൌണ്ടുകള്‍ കാണാന്‍ ഇടയായി. സത്യന്‍ പാരഡി റൌണ്ട്, ജയന്‍ പാരഡി റൌണ്ട് തുടങ്ങിയവയാണ് പ്രധാനമായും ഇതില്‍ ഉണ്ടായിരുന്നത്. സത്യത്തില്‍ വളരെ അധികം വിഷമം തോന്നി. മിമിക്രിയും ഒരു കലയാണെന്നു വിശ്വസിക്കുന്ന എനിക്ക് അനുകരണം എന്ന പേരില്‍ കാട്ടികൂട്ടുന്ന ഈ കോപ്രായങ്ങളെ ഒരിക്കലും അംഗീകരിക്കാന്‍ തോന്നിയില്ല. സത്യന്‍, ജയന്‍, പ്രേംനസീര്‍ തുടങ്ങിയ അനുഗ്രഹീത കലാകാരന്മാര്‍ നല്‍കിയ മഹത്തായ സംഭാവനകള്‍, അതായിരുന്നു ഇന്നത്തെ മലയാള സിനിമയുടെ ആദ്യ ചവിട്ടു പടികള്‍.. കമ്പ്യൂട്ടറും, ടെക്നോളജിയും ഒന്നും ഇല്ലാതിരുന്ന കാലത്തും ആ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ടുതന്നെ ഒരുപാട് നല്ല സിനിമകള്‍ മലയാളത്തിനു നല്‍കാന്‍ അന്നത്തെ ഈ സൂപ്പര്‍ താരങ്ങള്‍ക്ക് കഴിഞ്ഞിരുന്നു എന്നതും മറക്കാന്‍ കഴിയാത്ത ഒരു സത്യം മാത്രം. സ്വന്തം കാരണവരുടെ തലയില്‍ ചവിട്ടി ഉയരങ്ങളിലേക്ക് കയറാന്‍ ശ്രമിക്കുന്ന ചെറുമക്കളുടെ ആവേശം പോലെയാണ് ഇതെല്ലാം കണ്ടപ്പോള്‍ എനിക്ക് തോന്നിയത്. മിമിക്രിയിലൂടെ ഈ താരങ്ങളെല്ലാം ഇപ്പോഴും ജീവിക്കുന്നു എന്ന് ചിലരെങ്കിലും ന്യായീകരിക്കാന്‍ ശ്രമിച്ചാലും എന്തിനു പരലോകത്തിരിക്കുന്ന ഈ പാവങ്ങളെ ഇങ്ങനെയുള്ള കൊപ്രായങ്ങളിലൂടെ വീണ്ടും കൊല്ലാകൊല ചെയ്യുന്നു.
(ജയനെ അനുകരിക്കുന്ന കലാകാരന്‍മാര്‍ ശബ്ദത്തിലും, കാഴ്ചയിലും യഥാര്‍ത്ഥ ജയന്റെ ഒരു കിലോമീറ്റര്‍ അടുത്തുകൂടെ വരെ പോയിട്ടില്ല എന്നുള്ളതാണ് മറ്റൊരു രസകരമായ വസ്തുത.)

മിമിക്രി എന്ന് കേള്‍ക്കുമ്പോള്‍തന്നെ ഇപ്പോള്‍ പല രാഷ്ട്രീയ നേതാക്കള്‍ക്കും സിനിമാ താരങ്ങള്‍ക്കും പേടിയാണ്, കാരണം ഈ "അനുകരണ കൊല" ഏതു രീതിയിലാണ് വരുന്നത് എന്ന് ഊഹിക്കാന്‍ സാക്ഷാല്‍ ഈശ്വരന് പോലും കഴിഞ്ഞെന്നു വരില്ല. മിമിക്രിയുടെ അമിതമായ സ്വാധീനം ഇന്നത്തെ ഒട്ടുമിക്ക മലയാള ചിത്രങ്ങളിലും കാണാന്‍ കഴിയുന്നു. തരം താണ കോമഡി രംഗങ്ങള്‍, അതും ഒരുപാടു വര്‍ഷമായി സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന സൂപ്പര്‍ താരങ്ങളില്‍ നിന്നു പോലും അനുഭവിക്കേണ്ടി വരുന്ന പ്രേക്ഷകന്‍ എങ്ങനെ സ്വന്തം പോക്കറ്റിലെ കാശു കളഞ്ഞ് രണ്ടര മണിക്കൂര്‍ തിയേറ്ററില്‍ പോയിരിക്കും. "സിനിമ കഴിഞ്ഞു പുറത്തിറങ്ങിയ തനിക്കു നേരെ പോയി തീവണ്ടിക്കു തല വെക്കാന്‍ തോന്നി" എന്ന് മലയാളത്തിലെ ഒരു സൂപ്പര്‍ താരത്തിന്റെ കോമഡി പ്രാധാന്യമുള്ള സിനിമ കണ്ടു പുറത്തിറങ്ങിയ ഒരു സുഹൃത്ത്‌ പറഞ്ഞ വാക്കുകള്‍ എല്ലാവരെയും ഒരു നിമിഷം ചിന്തിപ്പിക്കും.

മലയാള സിനിമയിലെ പ്രഗല്‍ഭരായ പല നായകന്മാരും, സംവിധായകരും കടന്നു വന്നത് മിമിക്രി രംഗത്ത് നിന്നായിരുന്നു എന്നത് വിസ്മരിക്കാനാവില്ല എങ്കിലും മിമിക്രി പരിപാടി ടിവിയില്‍ കണ്ടാല്‍ ഉടനെ ചാനല്‍ മാറ്റുന്ന അവസ്ഥയിലേക്ക് പ്രേക്ഷകന്‍ മാറുന്നു എന്ന സത്യം ഇനിയെങ്കിലും ഇത്തരം പരിപാടിയുടെ സംഘാടകര്‍ മനസ്സിലാക്കിയാല്‍ എത്രയോ നന്നായിരുന്നു. വെള്ളിത്തിര എന്ന സ്വപ്നലോകം മുന്നില്‍ കണ്ടാണ്‌ ഈ കോപ്രായങ്ങള്‍ കാട്ടികൂട്ടുന്നത് എന്നതാണ് മറ്റൊരു ദുഖകരമായ വസ്തുത. കോമഡി കാണിക്കുന്നത് മാത്രമാണ് മിമിക്രി എന്നാണ് പല കലാകാരന്മാരും ധരിച്ചു വച്ചിരിക്കുന്നത് എന്ന് തോന്നുന്നു. അതുകൊണ്ട് പ്രിയ കലാകാരന്മാരോട് ഒരു വാക്ക്. "ഇക്കിളിയിട്ടാല്‍ പോലും ചിരി വരാത്ത കണ്ടു മടുത്ത ഇത്തരം കോമഡികളില്‍ നിന്നും മാറി ചിന്തിക്കുമ്പോള്‍ പ്രേക്ഷകന്‍ വീണ്ടും മിമിക്രിയെ സ്നേഹിച്ചു തുടങ്ങും. തിരക്ക് പിടിച്ച, ടെന്‍ഷന്‍ നിറഞ്ഞ ജീവിതത്തില്‍, സീരിയലുകളും, റിയാലിറ്റി ഷോകളും കണ്ടു മടുത്ത മലയാളികള്‍ക്ക് അതൊരു കുളിര്കാറ്റാകും..

Thursday, December 24, 2009

മദ്യവിമുക്ത കേരളം.

കവലയില്‍ മദ്യവിരുദ്ധസംഘടനയുടെ യോഗം നടക്കുകയാണ്... യോഗത്തില്‍ അതി ഗംഭീരമായി പ്രസംഗിക്കുന്നത് നമ്മുടെ തൊമ്മിച്ചന്‍.. വലിയൊരു തറവാടിയായ വറുഗീസ് മാപ്പിളയുടെ രണ്ടാമത്തെ പുത്രനാണ് തൊമ്മിച്ചന്‍.. ആള് സമ്പന്നനാണ്, ജനസമ്മതനാണ് , മാന്യനാണ്, പിന്നെ ഒരു വിധത്തിലുള്ള എല്ലാ പുരോഗമന പരിപാടികളിലും തൊമ്മിച്ചന്‍ മുന്‍പിലുണ്ടാകും.. നാട്ടില്‍ എല്ലാവര്ക്കും വേണ്ടപ്പെട്ടവന്‍ എന്ന് തന്നെ പറയാം.

"മദ്യം ഇന്നത്തെ തലമുറയുടെ ഏറ്റവും വലിയ ശാപമാണ്. മദ്യം കുടുംബ ബന്ധങ്ങളെ തകര്‍ക്കുന്നു, ഒരുപാട് സ്ത്രീകളെ ആത്മഹത്യയിലേക്ക് നയിക്കുന്നത് കുടുംബനാഥന്റെ മദ്യപാനമാണ്. മദ്യവിമുക്തമായ കേരളം എന്നതാണ് എന്‍റെ സ്വപ്നം. അത്ന് വേണ്ടി നമുക്കൊരുമിച്ചു പോരാടാം... " അന്തരീക്ഷത്തിലേക്ക് മുഷ്ടി ചുരുട്ടി ഇടിച്ചുകൊണ്ട് തൊമ്മിച്ചന്‍ പ്രസംഗം അവസാനിപ്പിച്ചു. തൊമ്മിച്ചന്റെ ആവേശം അണികളിലേക്കും പടര്‍ന്നു. അവരും തൊമ്മിച്ചനെ അനുകരിച്ചു.. കണ്ടു നിന്ന ജനങ്ങളും ആവേശത്തോടെ കരഘോഷം മുഴക്കി. "വളരെ ആവേശോജ്വലമായ പ്രസംഗം ".. കേള്‍വിക്കാര്‍ പരസ്പരം പറഞ്ഞു. ഇതുപോലൊരു നേതാവിനെ കിട്ടിയതില്‍ അണികളും അഭിമാനം കൊണ്ടു..

ആവേശം അടക്കാനാവാതെ അണികളില്‍ ഒരാള്‍ നമ്മുടെ തൊമ്മിച്ചനെ യോഗപന്തലിനു പുറകിലേക്ക് വിളിച്ചു കൊണ്ടു പോകുന്നു. എന്തോ വലിയ രഹസ്യം ചോദിക്കുന്നത് പോലെ മെല്ലെ ചോദിക്കുന്നു "ഇത്രയും മനോഹരമായ ഒരു പ്രസംഗം ഞാന്‍ ഇതു വരെ കേട്ടിട്ടില്ല. എങ്ങിനെ സാധിക്കുന്നു ഇത്? എവിടെനിന്നും കിട്ടുന്നു ഇത്രയും ആവേശം?" ഒന്ന് ചുറ്റും നോക്കി തൊമ്മിച്ചന്‍ തന്‍റെ ഖദര്‍ ജുബ്ബയുടെ ഒരു വശം മെല്ലെ ഉയര്‍ത്തി അരയില്‍ തിരുകി വച്ചിരുന്ന ഒരു കുപ്പി പുറത്തെടുക്കുന്നു. "ഈ അരകുപ്പിയില്‍ നിന്നും രണ്ടെണ്ണം അടിച്ചിട്ട് കയറിയാല്‍ ഞാനല്ല വടിയായ തന്‍റെ വല്യപ്പൂപ്പന്‍ വരെ ഇതിലും ആവേശത്തോടെ പ്രസംഗിക്കും. ഒന്ന് നോക്കുന്നോ? " അണി ഇടിവെട്ട് കൊണ്ടപോലെ നില്‍ക്കുമ്പോള്‍ തൊമ്മിച്ചന്‍ ചിരിച്ചു കൊണ്ടു നടന്നു മറഞ്ഞു.. അടുത്ത പ്രസംഗ വേദിയുടെ ആവേശമാകാന്‍....

Monday, December 21, 2009

വയനാടന്‍ കഥകള്‍..


വയനാട് ജില്ലയിലെ ഒരു കൊച്ചു ഗ്രാമത്തിലായിരുന്നു ഞാന്‍ ജനിച്ചു വളര്‍ന്നത്‌.. ഒരുപാട് നിഷ്കളങ്കരായ കര്‍ഷകരെകൊണ്ട് നിറഞ്ഞതാണ്‌ ഞങ്ങളുടെ ഈ സ്വന്തം ജില്ല. ഒരു വിധം ജനങ്ങള്‍ മുഴുവന്‍ കേരളത്തിലെ മറ്റു ജില്ലകളില്‍ നിന്നും കുടിയേറിയവരാനെങ്കിലും ആദിവാസികള്‍ എന്ന ആ ഒരു വിഭാഗം മാത്രം വയനാട്ടില്‍ ജനിച്ചവരെന്നു അവകാശപ്പെടുന്നു. ഉത്സവം, പള്ളിപ്പെരുന്നാള്‍ തുടങ്ങിയ പരിപാടികളില്‍ സജീവ സാന്നിധ്യമായ ഇവര്‍ ഉത്സവതലെന്നെ സകുടുംബം തലയില്‍ പായയും, പുതപ്പുമായി പോകുന്ന കാഴ്ച അതീവ രസകരമാണ്. "വീണിടം വിഷ്ണു ലോകം" എന്ന പ്രയോഗം ഏറ്റവും അനുയോഗ്യം ഇവിടെയാണ്‌.
ഉത്സവപ്പറമ്പില്‍ പായ വിരിച്ചു അരികില്‍ മുറുക്കാന്‍ പൊതിയുമായി അനന്ത ശയനം നടത്തുന്ന ആദിവാസി അപ്പൂപ്പന്മാരുടെ സാന്നിധ്യം ഉത്സവങ്ങള്‍ക്കും ഒരു ഹരമായിരുന്നു എന്നതാണ് സത്യം..
ശരി ഞാന്‍ കഥയിലേക്ക് വരാം. കഥയല്ല ഇത് ഒരു നടന്ന സംഭവം തന്നെയാണ്. ഒരുപാട് വര്‍ഷങ്ങള്‍ക്കു മുന്‍പാണ്‌. മേല്‍പ്പറഞ്ഞ കക്ഷികളൊക്കെയുള്ള ഈ കൊച്ചു വയനാട്ടിലേക്ക് ആദ്യമായി "കാര്‍ണിവല്‍" വരുന്നു. ആകാശ ഊഞ്ഞാലുകളും, മരണക്കിണര്‍, സൈക്കിള്‍ അഭ്യാസം, മാജിക് തുടങ്ങിയ സാഹസിക ഇനങ്ങളും അടങ്ങിയ ഒരു വലിയ സംഗം. "കാര്‍ണിവല്‍" എന്ന് പറഞ്ഞാല്‍ എന്താണെന്ന് ഒരുവിധം വയനാട്ടുകാര്‍ക്കൊന്നും അന്ന് അറിയില്ലായിരുന്നു. എങ്കിലും ഈ വക സാധന സാമഗ്രികള്‍ കാര്‍ണിവല്‍ നടക്കുന്ന മൈതാനത്ത് ഫിറ്റ്‌ ചെയ്തു തുടങ്ങിയപ്പോഴേ ജനക്കൂട്ടം വളഞ്ഞിരുന്നു. അങ്ങനെ രണ്ടു ദിവസത്തെ തയാരെടുപ്പിനു ശേഷം കാര്‍ണിവല്‍ തുടങ്ങി.. ജനങ്ങള്‍ കൂട്ടമായി കാര്‍ണിവല്‍ മൈതാനത്ത് ചുറ്റിത്തിരിയാന്‍ തുടങ്ങി.. ആദിവാസികളുടെ കാര്യം പ്രത്യേകം പറയേണ്ടല്ലോ ... ഉത്സവപ്പറബിനെക്കാള്‍ കുറച്ചുകൂടി സൗകര്യം കാര്‍ണിവല്‍ മൈതനമാനെന്നു അവര്‍ക്ക് വേഗം പിടികിട്ടി.
എങ്കിലും ആകാശ ഊഞ്ഞാല്‍ നാട്ടിയിരിക്കുന്ന ഭാഗത്ത്‌ മാത്രം കാര്യമായ തിരക്കൊന്നും കാണുന്നുണ്ടായിരുന്നില്ല. കാരണം മറ്റൊന്നുമല്ല, ആകാശം മുട്ടെ വട്ടത്തില്‍ കറങ്ങുന്ന ആ സാധനത്തില്‍ കയറിയിരിക്കാന്‍ ധൈര്യമുള്ള ഒരാള്‍ പോലും ആ ചുറ്റുവട്ടത്തുണ്ടായിരുന്നില്ല. പലരും വന്നു അതിന്‍റെ ചുറ്റും ഒന്ന് വലം വച്ച് പോയെങ്കിലും ആരും അതില്‍ കയറിയില്ല. ഊഞ്ഞാല്‍ കറക്കുന്ന ചേട്ടന്‍ (അയാള്‍ ഒരു അതി സാഹസികന്‍ ആണല്ലോ എന്ന് ഞാനും ചിന്തിച്ചുപോയി) ജനങ്ങളെ ആകര്‍ഷിക്കാനും പിന്നെ അതിലെ പറന്നു നടക്കുന്ന പെണ്‍കിളികളുടെ മുന്‍പില്‍ ഒന്ന് ഷൈന്‍ ചെയ്യാനും വേണ്ടി ഇടയ്ക്കു ഊഞ്ഞാല്‍ ചുമ്മാ കറക്കി വിടുന്നുമുണ്ടായിരുന്നു. എന്നിട്ടും ഊഞ്ഞാല്‍ കറക്കി ചേട്ടന്‍റെ എനര്‍ജി പോയതല്ലാതെ ഒരാള്‍ പോലും അതില്‍ കയറിയില്ല. അതിന്‍റെ ചുവട്ടില്‍ നിന്ന് മേലേക്ക് നോക്കിയാല്‍ ജീവനില്‍ പേടിയുള്ള ആരും അതില്‍ കയറില്ല എന്ന് എനിക്കന്നു തോന്നിയിരുന്നു.
അങ്ങനെയിരിക്കുംബോളാണ് ആ പരിസരത്തേക്കു നമ്മുടെ "മൂസാക്ക" കടന് വരുന്നത്... മൂസാക്കയെപ്പറ്റി ഞാനൊന്നും പറഞ്ഞില്ല അല്ലെ. അദ്ദേഹം അറിയപ്പെടുന്നത് "ഗള്‍ഫ്‌ മൂസ" എന്നാണു. ഒരുപാട് വര്‍ഷമായി അദ്ദേഹം ദുബായിലാണ്. അവിടെ ഷെയ്ക്കിന്റെ സ്വന്തം ആളാണ്‌ എന്നൊക്കെയാണ് നാട്ടിലെ സംസാരം. മൂസാക്ക നടന്നു വരുന്നത് കണ്ടാല്‍ ആരും ഒന്ന് നോക്കിപ്പോകും. എപ്പോളും നല്ല വെളുത്ത വസ്ത്രങ്ങളാണ് കക്ഷിയുടെ വേഷം. പിന്നെ നല്ല ഫോറിന്‍ അത്തറിന്റെ മണവും. കവലയില്‍ കുറ്റിബീടി വലിച്ചിരിക്കുന്ന ചെറുപ്പക്കാര്‍ക്കെല്ലാം മൂസാക്ക ഫോറിന്‍ സിഗരട്റ്റ് വിതരണം ചെയ്യാറുണ്ട്.. "ബടായി മൂസാക്ക" എന്നും ആളുകള്‍ വിളിക്കാറുള്ളത് മൂസാക്ക കേട്ടില്ല എന്ന് നടിക്കാറാണ് പതിവ്. മൂസാക്കക്ക് ഞങ്ങളുടെ അറിവില്‍ മൂന്നു ബീവിമാരുണ്ട്. ഓരോ തവണ അദ്ദേഹം ലീവിന് വരുമ്പോളും ഓരോ കല്യാണം കഴിക്കും എന്ന് ജനസംസാരം.. ഇങ്ങനെയുള്ള എല്ലാ ഗുണങ്ങലാളും സമ്പന്നനായ നമ്മുടെ സ്വന്തം മൂസാക്കയാണ് കാര്‍ണിവല്‍ മൈതാനത്തേക്ക്‌ നടന്നു വരുന്നത്. ഇത്തവണ വെള്ള വസ്ത്രം മാത്രമല്ല ഒരു കൂളിംഗ് ഗ്ലാസ്സ് കൂടി ഫിറ്റ്‌ ചെയ്തിട്ടുണ്ട്.. മൊത്തത്തില്‍ ഒരു പുയ്യാപ്ല (പുതു മണവാളന്‍) സ്റ്റൈല്‍. അന്ധേഹം മെല്ല ഊഞ്ഞാലിന്റെ അടുത്തെത്തി. ചുറ്റും നോക്കി. "ഇതിലും പത്തിരട്ടി വലുപ്പമുള്ള ഊഞ്ഞാലില്‍ ഞാനെത്ര തവണ കയറിയിരിക്കുന്നു" എന്ന് സ്വയം എന്നാല്‍ മറ്റുള്ളവര്‍ കേള്‍ക്കെ പറഞ്ഞു കൊണ്ട് കയറിയിരുന്നു. നമ്മുടെ ഊഞ്ഞാല്‍ ചേട്ടന്‍റെ മുഖത്ത് വല്ലാത്ത ഒരു സന്തോഷം അലയടിച്ചു. അയാള്‍ കുറച്ചു കൂടി ഉഷാറായി മറ്റുള്ളവരെക്കൂടി കയറാന്‍ ക്ഷണിച്ചു.. സഹായത്തിനു നമ്മുടെ മൂസാക്കയും.. "ഒന്നും പേടിക്കാനില്ല.. ഇതിലും വലുതില്‍ ഞാനെത്ര കയറിയിരിക്കുന്നു." ഒന്ന് രണ്ടു പേര്‍ കൂടി ധൈര്യപൂര്‍വ്വം കയറി... ചേട്ടന്‍ വീണ്ടും ഉഷാറായി. ഇതെല്ലം കണ്ടു മറ്റുള്ളവര്‍ക്കും അല്പസ്വല്പം ധൈര്യം വന്നു തുടങ്ങി... കുറച്ചുപേര്‍ കൂടി കയറി. അപ്പോള്‍ അതാ വരുന്നു നമ്മുടെ കഥാനായകനും, നായികയും.. നായകനെ നമുക്ക് "കറപ്പന്‍" എന്നും നായികയെ "ചീര" എന്നും വിളിക്കാം (രണ്ടു പേരും ആദിവാസി നവദമ്പതികള്‍ ആണെന്നതാണ് പ്രത്യേകത) . വന്നപാടെ കറപ്പന്‍ ഒന്ന് ചുറ്റും നോക്കി ഒരു ചെറു പുഞ്ചിരിയോടെ തന്‍റെ പ്രിയതമയുടെ കൈപിടിച്ച് ആകാശ ഊഞ്ഞാലില്‍ കയറിയിരുന്നു. പിന്നെയും കുറച്ചുപേര്‍ കൂടി കയറിയതോടെ ഊഞ്ഞാല്‍ പ്രവര്‍ത്തനയോഗ്യമായി. അതങ്ങനെ വട്ടത്തില്‍ ചുറ്റാന്‍ തുടങ്ങി. വേഗത കൂടിയതും മൂസാക്ക ഒഴികെയുള്ള ബാക്കി യാത്രക്കാരില്‍ നിന്നെല്ലാം നിലവിളി ഉയര്‍ന്നു. പെട്ടന്നാണ് അത് സംഭവിച്ചത്.. മൂസാക്കയുടെ വെളുവെളുത്ത കുപ്പായത്തില്‍ എവിടെ നിന്നോ ചൂടുള്ള വെള്ളം വന്നു വീണു. ഓരോ തവണയും മൂസാക്ക ഇരിക്കുന്ന ഭാഗം താഴെ എത്തു മ്പോളായിരുന്നു മുകളില്‍ നിന്നും ഈ ജലധാര. മൂന്ന് നാല് റൌണ്ട് കറക്കത്തിനു ശേഷം ഊഞ്ഞാല്‍ നിന്നു. എല്ലാവരും ആശ്വാസത്തോടെ താഴെയിറങ്ങി. നനഞ്ഞ വസ്ത്രങ്ങളുമായി നമ്മുടെ മൂസാക്കയും. കൂടി നിന്ന ആളുകളെല്ലാം മൂസാക്കയെ നോക്കി കളിയാക്കി ചിരിക്കുമ്പോള്‍ മൂസാക്കയെ കുളിപ്പിച്ച ജലധാരയുടെ "സ്രോതസ്സുകളായ" കറപ്പനും, ചീരയും ഇതൊന്നും അറിയാത്തപോലെ കൈകോര്‍ത്തു പിടിച്ചു നടന്നു മറഞ്ഞു..

Thursday, November 5, 2009

അവളും ഞാനും ......

ഞാന്‍ അവളുടെ ബെഡ് റൂമിലായിരുന്നു. പതുപതുത്ത ബെഡില്‍ അവള്‍ ഇരുന്നു. അടുത്ത് മുട്ടിയുരുമ്മി ഞാനും. സ്നേഹത്തോടെ അവള്‍ എന്‍റെ തലയെടുത്ത് അവളുടെ മടിയില്‍ വച്ചു. പിന്നെ മനോഹരമായ കൈവിരലുകള്‍ കൊണ്ട് എന്‍റെ തലയില്‍ തലോടി.. പിന്നെ മെല്ലെ മുഖം കുനിച്ചു എന്‍റെ നെറ്റിയില്‍ മൃദുവായി ചുംബിച്ചു. ഏതോ ആനന്ദ നിര്‍വൃതിയില്‍ ഞാന്‍ അങ്ങനെ കിടക്കുമ്പോള്‍ പെട്ടന്നാണ് അവളുടെ അമ്മ മുറിയിലേക്ക് ഒരു കൊടുംകാറ്റ് പോലെ കടന്നു വന്നത്.. ഞങ്ങള്‍ രണ്ടു പേരും ചാടിയെഴുന്നേറ്റു. അടുത്ത നിമിഷം തുറന്നിട്ട വാതിലിലൂടെ ഞാന്‍ പുറത്തേക്കു കുതിച്ചു.. അപ്പോള്‍ പിറകില്‍ നിന്നും അമ്മ അവളെ ശകാരിക്കുന്നത് കേള്‍ക്കാമായിരുന്നു.. "ഞാന്‍ പല തവണ നിന്‍റെ അടുത്ത് പറഞ്ഞിട്ടുണ്ട്, പൂച്ചയെ എടുത്തു കിടക്കയില്‍ ഇരുത്തരുത് എന്ന്.. മര്യാദക്ക് വേഗം സ്കൂളില്‍ പോകാന്‍ നോക്കെടീ.."...

Sunday, October 11, 2009

രാത്രിയെ പേടിച്ച ഫല്‍ഗുനന്‍ ....

ഫല്‍ഗുനന്‍ മരണ വെപ്രാളത്തോടെ കിടക്കയില്‍ കിടന്നു പിടഞ്ഞു.. ശ്വാസം കിട്ടാതെ കണ്ണുകള്‍ പുറത്തേക്കു തള്ളി. അലറി വിളിക്കാന്‍ ശ്രമിച്ചു.. പക്ഷെ ശബ്ദം പുറത്തു വന്നില്ല. ആരോ കഴുത്തില്‍ അമര്‍ത്തി പിടിച്ചിരിക്കുന്നു. ഇതായിരിക്കാം തന്റെ അവസാനം എന്ന് മനസ്സില്‍ തീരുമാനിച്ച ആ നിമിഷത്തില്‍ പിടി അയഞ്ഞു.. പിടി വിട്ടതും അടുത്ത നിമിഷത്തില്‍ അയാള്‍ ചാടിയെഴുന്നേറ്റു ലൈറ്റ് ഓണ്‍ ചെയ്തു.. കുറച്ചു നേരത്തേക്ക് അയാള്‍ക്ക്‌ പരിസരബോധം കിട്ടിയില്ല. സ്വപ്നം കണ്ടതോ അതോ സത്യമോ.. ചുറ്റും നോക്കി. പ്രിയതമ നല്ല ഉറക്കത്തിലാണ്. ആരാണപ്പോള്‍ തന്റെ കഴുത്തില്‍ കുത്തിപ്പിടിച്ചത്.. ഇനി ഭാര്യ വല്ല കടും കൈയും ചെയ്യാന്‍ ശ്രമിച്ചതാണോ... ഹേയ്യ്... അതാവില്ല. ലോറി കയറ്റം കയറുന്ന ശബ്ദത്തിലുള്ള കൂര്‍ക്കം വലി കേട്ടാലറിയാം അവളുടെ ഉറക്കത്തിന്റെ തീവ്രത. വര്‍ഷങ്ങളായി താന്‍ എന്നും കേള്‍ക്കുന്നതല്ലേ. എങ്കില്‍ പിന്നെ അതാരാണ്.. ഒരെത്തും പിടിയും കിട്ടുന്നില്ല. ഫല്‍ഗുനന്‍ എഴുന്നേറ്റു ഫ്രിഡ്ജ്‌ തുറന്നു കുറച്ചു വെള്ളം എടുത്തു കുടിച്ചു.. വീണ്ടും കിടന്നെങ്കിലും ഉറങ്ങാന്‍ കഴിഞ്ഞില്ല. തിരിഞ്ഞും മറിഞ്ഞും കിടന്നു നേരം വെളുപ്പിച്ചു. "എന്താണ് മുഖത്തൊരു വാട്ടം?" ഉറക്കച്ചടവുകൊണ്ട് ചീര്‍ത്ത കണ്ണുകളില്‍ നോക്കി ഭാര്യ ചോദിച്ചത് കേട്ടില്ല എന്ന് നടിച്ചു.. ഓഫീസില്‍ ചെന്നെങ്കിലും ജോലിയില്‍ തീരെ ശ്രദ്ധിക്കാന്‍ പറ്റിയില്ല. ചെയ്യുന്ന കാര്യങ്ങളിലെല്ലാം എന്തോ ഒരു പാകപ്പിഴ പോലെ.

ഫല്ഗുനനെപ്പറ്റി ഞാന്‍ ഒന്നുകൂടി വിശധീകരിക്കാം. അറിയപ്പെടുന്ന ഒരു നോവലിസ്റ്റാണ് ഈ കക്ഷി.. കേരളത്തില്‍ ചൂടപ്പം പോലെ വിറ്റുപോകുന്ന മൂന്നോ നാലോ വാരികകളില്‍ ഫല്‍ഗുനന്‍ സ്ഥിരമായി നോവലുകള്‍ എഴുതുന്നു. ചുരുക്കി പറഞ്ഞാല്‍ ഒരു പൈങ്കിളി സാഹിത്യകാരന്‍. ഫല്‍ഗുനന്റെ നോവലുകള്‍ ഉള്ളതുകൊണ്ട് മാത്രമാണ് ചില വാരികകള്‍ വെളിച്ചം കാണുന്നത് എന്നത് പരസ്യമായ സത്യം.. ഭാര്യയും രണ്ടു സന്താനങ്ങളും അടങ്ങുന്നതാണ് കുടുംബം. ഭാര്യക്ക് ഈവക സാഹിത്യത്തിലൊന്നും താല്പര്യമില്ലെന്കിലും തന്‍റെ മഹിളാ സമാജ വേദികളില്‍ നോവലിസ്റ്റിന്റെ ഭാര്യ എന്നറിയപ്പെടാന്‍ വല്ലാത്ത താല്പര്യമാണ്.

തലേ ദിവസത്തെ പേടിപ്പെടുത്തുന്ന രാവിന് ശേഷം വീണ്ടും ഫല്‍ഗുനന്റെ മുന്‍പിലേക്ക് മറ്റൊരു രാത്രി കൂടി കടന്നു വന്നു. അത്താഴം കഴിച്ചെന്നു വരുത്തി അയാള്‍ തന്‍റെ 'ഓഫീസ് റൂമിലേക്ക്‌' നടന്നു. ഒരുപാട് വാരികകളും, പുസ്തകങ്ങളും ഒരടുക്കും ചിട്ടയും ഇല്ലാതെ സൂക്ഷിച്ചിട്ടുള്ള ഒരു വലിയ മുറിയായിരുന്നു അത്. ഒരു നോവലിന്റെ അടുത്ത അദ്ധ്യായം നാളെ തീര്‍ത്തു കൊടുക്കാം എന്ന് എഡിറ്ററോട് വാക്ക് കൊടുത്തതാണ്... പക്ഷെ എഴുതാനിരുന്നപ്പോള്‍ വല്ലാതെ ഒരു ശൂന്യത.. മനസ്സ് പിടിവിട്ടു സഞ്ചരിക്കുന്നു. ലെറ്റര്‍ പാഡും പേനയും പിടിച്ചു കുറെ നേരം അങ്ങനെ ഇരുന്നു. മടുത്തപ്പോള്‍ ബെഡ് റൂമിലെത്തി.. പ്രിയതമ ലോറി സ്ടാര്ട്ട് ചെയ്തിരുന്നു. കറങ്ങുന്ന ഫാനും നോക്കി കുറെ നേരം കിടന്നു. എപ്പോഴോ ഉറങ്ങി..
അല്‍പ സമയം കഴിഞ്ഞു.. അഗാധമായ ആ ഉറക്കത്തില്‍ ഫല്ഗുണന കണ്ടു, രണ്ടു കൈകള്‍ തന്‍റെ നേര്‍ക്ക്‌ നീണ്ടു വരുന്നു. കഴുത്ത് ലകഷ്യമാക്കിയാണ് അതിന്‍റെ വരവ്. അയാള്‍ക്ക്‌ തടയാന്‍ കഴിയുന്നതിനു മുന്‍പ് തന്നെ ആ വിരലുകള്‍ കഴുത്തില്‍ മുറുകി.. ശ്വാസം കിട്ടാതെ പിടയുമ്പോള്‍ അയാള്‍ കുറച്ചുകൂടി വ്യക്തമായി കണ്ടു നീണ്ട മുടിച്ചുരുളും, മനോഹരമായ കണ്ണുകളും.. പക്ഷെ ആ കണ്ണുകളില്‍ അഗ്നി എരിയുന്നുണ്ടായിരുന്നു. രക്തം പോലെ ചുവന്നു തുടുത്തിരുന്നു. "നീ ആരാണ്? എന്താണ് നിനക്ക് വേണ്ടത്?" അയാളില്‍ നിന്നും എങ്ങിനെയോ കുറച്ചു വാക്കുകള്‍ പുറത്തു വന്നു. "ഞാന്‍ ആതിര.. എനിക്ക് നിന്റെ ജീവന്‍ വേണം.. എന്‍റെ ജീവിതം നശിപ്പിച്ചവനല്ലേ നീ.." വല്ലാത്ത ഒരു മുഴക്കത്തോടെ അവളില്‍ നിന്നും മറുപടി വന്നു. ഈശ്വരാ, ഇന്ന് വരെ അറിഞ്ഞോ അറിയാതെയോ താന്‍ ആരോടും ഒരു ദ്രോഹവും ചെയ്തിട്ടില്ലല്ലോ, പിന്നെ എന്താണ് ഈ കേള്‍ക്കുന്നത്.. ഇനി ചിലപ്പോള്‍ ഈ കക്ഷിക്ക് ആള് മാറിയതാണോ... അയാളുടെ മനസ്സ് വായിച്ചെന്ന പോലെ വീണ്ടും ആ ശബ്ദം മുഴങ്ങി.."നിങ്ങള്‍ക്കെന്നെ ഓര്‍മയില്ല അല്ലെ... അത്രയെളുപ്പം എന്നെ മറന്നു കളഞ്ഞു.. ഓര്‍ത്തു നോക്ക് കുറെ വര്‍ഷങ്ങള്‍ പിറകിലേക്ക്..." അയാള്‍ ഓര്‍മകളില്‍ മുങ്ങിതപ്പാന്‍ തുടങ്ങുന്നത് മുന്‍പ് അവള്‍ തന്നെ പറഞ്ഞു തുടങ്ങി...

"ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച എന്നെ നല്ല വിദ്യാഭ്യാസം തന്നു വളര്‍ത്തി പിന്നെ എന്‍റെ ഇഷ്ടം പോലും നോക്കാതെ നഗരത്തിലെ കോളേജില്‍ അയച്ചു പഠിപ്പിച്ചു.. അവിടെ വച്ച് മുകുന്ദന്‍ എന്ന സഹപാടിയുമായി പ്രണയതിലായതും, വീട്ടുകാരുടെ എതിര്‍പ്പിനെ അവഗണിച്ച് ഞങ്ങള്‍ രാജിസ്റെര്‍ വിവാഹം നടത്തിയതും എല്ലാം നിങ്ങളുടെ അറിവോട് കൂടിയല്ലേ. വളരെ സന്തോഷത്തോടെ ജീവിതം നയിച്ചിരുന്ന ഞങ്ങളുടെ ഇടയിലേക്ക് മുകുന്ദന്റെ അമ്മാവന്റെ മകളായ ഗായത്രിയെ തള്ളി വിട്ടതും നിങ്ങള്‍ തന്നെയല്ലേ. അവസാനം വിവാഹ മോചനം വാങ്ങിത്തന്നു നിങ്ങള്‍ എന്നെ കോടതിയില്‍ നിന്നും പുറത്തേക്കു കൊണ്ട് വരുമ്പോള്‍ മുകുന്ദന്റെയും, ഗായത്രിയുടെയും മുഖത്ത് തെളിഞ്ഞു നിന്നിരുന്ന ആനന്ദത്തിന് നിങ്ങളും സാക്ഷിയായിരുന്നല്ലോ. ജീവിതം മടുത്ത ഞാന്‍ അതമഹത്യക്കു ശ്രമിച്ചപ്പോള്‍ അവിടെയും നിങ്ങള്‍ എന്നെ രക്ഷിച്ചു. ഇനി പറയൂ ഇതെല്ലാം അനുഭവിക്കാന്‍ ഞാന്‍ എന്ത് തെറ്റ് ചെയ്തു.. വര്‍ഷങ്ങളായി എങ്ങനെ ജീവിക്കണമെന്ന് അറിയാതെ ഞാന്‍ അലയുന്നു. എന്താണ് ഇനി എന്‍റെ ഭാവി... ഇതൊന്നും തന്നെ ബാധിക്കുന്ന പ്രശ്നം അല്ല എന്ന ഭാവത്തില്‍ കുടുംഭവുമായി നിങ്ങള്‍ സസുഖം വാഴുന്നു. ഇതിനൊരു പരിഹാരം ഉണ്ടാക്കാതെ നിങ്ങളെ ഞാന്‍ സമാധാനമായി ജീവിക്കാന്‍ സമ്മതിക്കില്ല. ... ഇത് സത്യം..." കഴുത്തിലെ പിടി അയഞ്ഞു.. ഫല്‍ഗുനന്‍ അലറിവിളിച്ചു ചാടിയെഴുന്നേറ്റു. ചുറ്റും അന്ധകാരം.. പെട്ടന്ന് മുറിയില്‍ ലൈറ്റ് തെളിഞ്ഞു.. "നിങ്ങള്‍ക്കിതെന്തു പറ്റി മനുഷ്യാ..ബാക്കിയുള്ളവരെക്കൂടി ഉറങ്ങാന്‍ സമ്മതിക്കില്ല.." പ്രിയതമക്ക് ഉറക്കം പോയതിലുള്ള ദേഷ്യം.. താനിവിടെ ജീവിതത്തിനും, മരണത്തിനുമിടക്കുള്ള നൂല്‍പ്പാലത്തില്‍ സഞ്ചരിച്ചുകൊണ്ടിരുന്ന കാര്യം വല്ലതും അവള്‍ക്കറിയാമോ.. മൌനമാണ് ഏറ്റവും നല്ല മറുപടി എന്നരിയാമായിരുന്നതുകൊണ്ട് വേഗം ലൈറ്റ് ഓഫ്‌ ചെയ്തു കിടന്നു. ഉറക്കം വരുന്നില്ല. മനസ്സില്‍ ജ്വലിക്കുന്ന ആ കണ്ണുകള്‍..കൂടെ "ആതിര" എന്ന പേരും.. എത്ര ആലോചിച്ചിട്ടും ഒരു പിടിയും കിട്ടുന്നില്ല. തന്‍റെ ജീവിതത്തില്‍ അങ്ങനെ ഒരു യുവതിയെ പരിചയപ്പെട്ടിട്ട് പോലുമില്ല. പിന്നെ അവള്‍ ആരാണ്... "ആതിര".. ഫല്‍ഗുനന്‍ ഒന്ന് രണ്ടു വട്ടം ആ പേര് മനസ്സില്‍ ഉരുവിട്ടു പെട്ടന്ന് ഒരു മിന്നലിന്റെ വേഗതയില്‍ അയാള്‍ ചാടിയെഴുന്നേറ്റു. വല്ലാത്ത ഒരു ഭാവം ആ മുഖത്തുണ്ടായിരുന്നു. ഒരു കൊടുങ്കാറ്റിന്റെ വേഗതയില്‍ അയാള്‍ തന്‍റെ ഓഫീസ് മുറിയിലെത്തി.. പഴയ വാരികകളും, നോവലിന്റെ കൈയെഴുത്ത് കോപ്പികളും വച്ചിട്ടുള്ള അലമാര തുറന്ന് ഒരു വലിയ കടലാസ് കെട്ട് വലിച്ചു പുറത്തിട്ടു. തിരക്കിട്ട് പരത്തി അവസാനം അതില്‍ നിന്നും നിറം മങ്ങിയ ഒരു ചെറിയ കെട്ട് കൈയിലെടുത്തു. പൊടിപിടിച്ച ആ കെട്ട് അഴിച്ചെടുത്തു പടര്‍ന്നു തുടങ്ങിയ അക്ഷരങ്ങളിലുള്ള തലക്കെട്ട്‌ വായിച്ചു.. "തിരുവാതിര".

വര്‍ഷങ്ങള്‍ക്കു മുന്‍പ് കേരള ജനത ആവേശത്തോടെയും, അതിലുപരി ആകാംഷയോടെയും വായിച്ചു രസിച്ച തന്‍റെ സൂപ്പര്‍ ഹിറ്റ് നോവല്‍. 40 അദ്ധ്യായങ്ങള്‍ ഉള്ള ആ നോവല്‍ ഒറ്റയിരിപ്പിനു ഫല്‍ഗുനന്‍ വായിച്ചു തീര്‍ത്തു. ആതിരയും, മുകുന്ദനും, ഗായത്രിയുമെല്ലാം അയാളുടെ കണ്മുനപിലൂടെ വന്നു മറഞ്ഞു. ആ നോവല്‍ അവസാനിക്കുന്നത് ഇങ്ങനെയായിരുന്നു......
"............... കണ്ണ് തുറന്ന ആതിര കണ്ടത് ഡോക്ടറുടെ പുഞ്ചിരിക്കുന്ന മുഖമായിരുന്നു. ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല. ഈശ്വരന്റെ തീരുമാനമാണ് താന്‍ വേണ്ടും ജീവിതത്തിലേക്ക് തിരിച്ചു വന്നത്. ഇനി ഇതുപോലെയുള്ള ചിന്തകളൊന്നും മനസ്സില്‍ കൊണ്ടുനടക്കാതെ നല്ല കാര്യങ്ങള്‍ മാത്രം ചിന്തിക്കുക. എല്ലാ വിധ ഭാവുകങ്ങളും നേരുന്നു. ഡോക്ടര്‍ നടന്നു മറയുന്നത് ആതിര നിര്‍വികാരയായി നോക്കിനിന്നു......." (നോവല്‍ അവസാനിച്ചു)

ഫല്‍ഗുനന്‍ കൈ തലയില്‍ താങ്ങി എന്ത് ചെയ്യണമെന്നു അറിയാതെ കുറെ നേരം തറയില്‍ ഇരുന്നു. അതെ താനാണ്, താന്‍ മാത്രമാണ് ആതിരയുടെ ജീവിതം നശിപ്പിച്ചത്‌. ആരാധകരുടെ അഭിനന്ദന കത്തുകള്‍ കണ്ടു അന്ധനായ താന്‍ അവളുടെ ജീവിതം കൊണ്ടാണല്ലോ പന്താടിയിരുന്നത് എന്ന് വേദനയോടെ അയാള്‍ ഓര്‍ത്തു. ആദ്യമായി അയാള്‍ക്ക്‌ കുറ്റബോധം തോന്നി. ഇതിനൊരു പരിഹാരം താന്‍ തന്നെ കണ്ടേ തീരൂ. ഉറച്ച തീരുമാനത്തോടെ ഫല്‍ഗുനന്‍ എഴുനേറ്റു കസേരയില്‍ ഇരുന്നു. ലെറ്റര്‍ പാഡും പേനയും കൈയിലെടുത്തു.. കട്ടിയുള്ള അക്ഷരത്തില്‍ ലെറ്റര്‍ പാഡില്‍ എഴുതി. "തിരുവാതിര - രണ്ടാം ഭാഗം" ഒട്ടും ആലോചിക്കാതെ അതിനു താഴെ ആദ്യത്തെ വരിയും എഴുതി.. "ഇന്ന് ആതിരയുടെ വിവാഹമാണ്".
ലെറ്റര്‍ പാഡ് മടക്കിവച്ച് ഒരു ദീര്‍ഖ നിശ്വാസത്തോടെ ബെഡ് റൂമിലെത്തി. അല്പം തണുത്ത വെള്ളം കുടിച്ചു ബെഡില്‍ കയറിക്കിടന്നു. അന്ന് വരെ അനുഭവിച്ചിട്ടില്ലാത്ത സമാധാനത്തോടെ ഫല്‍ഗുനന്‍ കിടന്നുറങ്ങി.. ആ ഉറക്കത്തില്‍ അയാള്‍ കണ്ടു, തിളങ്ങുന്ന മനോഹരമായ ആ രണ്ടു കണ്ണുകള്‍... സ്നേഹവും, സന്തോഷവും, നന്ദിയും ഇടകലര്‍ന്ന ഒരു ഭാവമായിരുന്നു ആ കണ്ണുകളില്‍ അപ്പോള്‍ നിഴലിച്ചിരുന്നത്..

Saturday, September 5, 2009

നിശാഗന്ധിപ്പൂക്കള്‍

ഒരുപാട് സുഹൃത്തുക്കള്‍ ഉള്ള എനിക്ക് ഇന്ന് ഒരു പുതിയ സുഹൃതിനെക്കൂടി കിട്ടി. പക്ഷെ അവളെക്കുറിച്ച് എനിക്ക് ഒന്നും അറിയില്ലായിരുന്നു. പേരോ, നാടോ ഒന്നും... എങ്കിലും ഒന്ന് മാത്രം ഞാന്‍ മനസ്സിലാക്കിയിരുന്നു, അവള്‍ അതിസുന്ദരിയായിരുന്നു. അവള്‍ അരികില്‍ വരുമ്പോള്‍ നിശാഗന്ധിയുടെ സുഗന്ധവും.. മറ്റാരിലും അന്നുവരെ ഞാന്‍ കാണാത്ത ഒരു ആകര്‍ഷണശക്തി ആ കണ്ണുകളില്‍ ഉണ്ടായിരുന്നു.. ഒരു തരം പിടിച്ചടുപ്പിക്കുന്ന കാന്തിക ശക്തി.. അവളുടെ സ്പര്‍ശനങ്ങള്‍ക്ക് മഞ്ഞിന്‍റെ തണുപ്പായിരുന്നു. നിശാഗന്ധിയുടെ സുഗന്ധമുള്ള അവളെ ഞാന്‍ "നിശ " എന്ന് വിളിക്കുന്നു.

ഞാന്‍ പോകുന്ന വഴികളിലെല്ലാം, ചെയ്യുന്ന ജോലികളിലെല്ലാം 'നിശ' യുടെ സാമീപ്യം അനുഭവപ്പെടുന്നപോലെ പലപ്പോഴും എനിക്ക് തോന്നി..
ഉറക്കം വരാത്ത രാത്രികളിലെല്ലാം നിശാഗന്ധിയുടെ സുഗന്ധം എന്‍റെ ചുറ്റും നൃത്തം വെക്കുന്നത് പോലെയും ....

ഒരിക്കല്‍ പോലും എന്നോട് സംസാരിച്ചിട്ടില്ലാത്ത അവള്‍ എന്നെ അവളുടെ നാട്ടിലേക്ക് ക്ഷണിച്ചത് എനിക്ക് ഒട്ടും വിശ്വസിക്കാനായില്ല. അങ്ങനെ ആദ്യമായി അവളുടെ ശബ്ദവും ഞാന്‍ അറിഞ്ഞു. മെല്ലെ വീശുന്ന കാറ്റിന്‍റെ സീല്‍ക്കാര ശബ്ദം പോലെ...

അവള്‍ പറഞ്ഞുതന്ന വഴികളിലൂടെ തുടിക്കുന്ന ഹൃദയവുമായി ഒരു കറുത്ത രാത്രിയില്‍ ഞാന്‍ അതിവേഗത്തില്‍ കാറോടിച്ചു.. പെട്ടന്ന് എവിടെനിന്നോ നിശാഗന്ധിപ്പൂക്കളുടെ സുഗന്ധം കാറിനുള്ളില്‍ പരന്നു. ആ സുഗന്ധം ഉള്ളിലേക്കാവാഹിച്ചു അറിയാതെ എന്‍റെ കണ്ണുകള്‍ പാതിയടഞ്ഞു. ആ ഒരു നിമിഷത്തില്‍ എന്‍റെ കാറിനു മുന്‍പിലേക്ക് അതിവേഗത്തില്‍ പാഞ്ഞു വന്ന ലോറിയുടെ ഇരമ്പുന്ന ശബ്ദം ഞാനറിഞ്ഞില്ല.

കണ്ണ് തുറക്കുമ്പോള്‍ ഞാന്‍ മറ്റൊരു ലോകത്തായിരുന്നു. പകച്ചു ചുറ്റും നോക്കിയ ഞാന്‍ കണ്ടു, എങ്ങും പൂനിലാവ്‌ പരന്നിരിക്കുന്നു. ആ നിലാവിനിടയിലൂടെ വെണ്മേഘം പോലെയുള്ള വസ്ത്രങ്ങളും ധരിച്ചു എന്‍റെ പ്രിയ കൂട്ടുകാരി ഒഴുകിവരുന്നു. അവള്‍ അടുത്ത് വന്നു മഞ്ഞിന്‍റെ തണുപ്പുള്ള വിരലുകള്‍
എന്‍റെ വിരലുകളിലൂടെ കോര്‍ത്തുപിടിച്ചു.. ഞാന്‍ എന്നിലേക്കുതന്നെ സൂക്ഷിച്ചു നോക്കിയത് അപ്പോളാണ്. എന്‍റെ വസ്ത്രങ്ങളും വെണ്മേഘം പോലെ വെളുത്തിരിക്കുന്നു. എന്‍റെ കൈകള്‍ക്ക് മഞ്ഞിന്‍റെ തണുപ്പും... അപ്പോളും ആ നിശാഗന്ധിപ്പൂക്കളുടെ സുഗന്ധം എന്‍റെ ചുറ്റും ഉണ്ടായിരുന്നു.

Saturday, June 20, 2009

ഒരു ഇര കൂടി!!!

വേണു ആക്സിലെടറില്‍ കാല്‍ അമര്‍ത്തി.... കാറിനു വേഗത കൂടി. എന്നിട്ടും വേഗത പോര എന്നാ തോന്നല്‍.. ഡ്രൈവിങ്ങിനിടയിലും അവന്‍ ഇടയ്ക്കിടയ്ക്ക് തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു... പിന്‍ സീറ്റിലേക്ക് ... അവിടെ ഇതൊന്നുമറിയാതെ അബോധാവസ്ഥയില്‍ അവന്റെ അമ്മ കിടക്കുന്നുണ്ടായിരുന്നു... ശാന്തമായ ഒരു ഉറക്കം പോലെ...

കണക്കുകളുടെ നൂലാമാലകളില്‍ കുരുങ്ങി കിടക്കുമ്പോളായിരുന്നു സെല്‍ ഫോണ്‍ ശബ്ദിച്ചത്... മറുവശത്ത് ഭാര്യ ഗീത.. "അമ്മക്ക് നല്ല സുഖമില്ല.. ഒന്ന് തലചുറ്റി വീണു.. ഏട്ടന്‍ വേഗം വരണം." കമ്പ്യൂട്ടര്‍ ഓഫ്‌ ചെയ്ത് വീട്ടിലേക്കു ഒരു പായലായിരുന്നു. ചെന്നപ്പോള്‍ കണ്ടത് അബോധാവസ്ഥയില്‍ കിടക്കുന്ന അമ്മയെ. ഗീത കൂടെ വരാം എന്നു പറഞ്ഞിട്ടും കൂട്ടാക്കാതെ അമ്മയെ പിന്‍സീറ്റില്‍ എടുത്തു കിടത്തി കാര്‍ സ്റ്റാര്‍ട്ട്‌ ചെയ്ത്.. ‌ അമ്മക്ക് പ്രഷറിന്റെ പ്രശ്നം പണ്ടേ ഉള്ളതാണ്.. സ്ഥിരമായി മരുന്നും കഴിക്കുന്നുണ്ട്. ഒന്ന് രണ്ടു ദിവസമായി അതിനു മുടക്കം വന്നതായി ഗീത പറഞ്ഞു.. എപ്പോഴും ഒരു ശ്രദ്ധ വേണമെന്ന് താന്‍ അവളോട്‌ പറയാറുള്ളതാണ്.. അല്ല അവളെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. ജോലിത്തിരക്കും, പിന്നെ മാളുവിന്റെ കാര്യങ്ങള്‍ നോക്കലും കഴിഞ്ഞാല്‍ പിന്നെ അവള്‍ക്കു ഒന്നിനും സമയം കിട്ടാറില്ല. തനിക്കു പോലും ഈയിടയായി അമ്മയുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ പറ്റാറില്ല എന്ന കുറ്റബോധം വേണുവിന്റെ മനസ്സില്‍ ഉരുണ്ടു കൂടി...

കാറിനു വീണ്ടും വേഗത കൂടി... അമ്മ ഇപ്പോളും അതെ അവസ്ഥയില്‍ തന്നെ... അവന്റെ മനസ്സ് മെല്ലെ വര്‍ഷങ്ങള്‍ പിറകിലേക്ക് സഞ്ചരിച്ചുകൊണ്ടിരുന്നു. തനിക്കു 3 വയസ്സുള്ളപ്പോളായിരുന്നു അച്ഛന്റെ മരണം.. കുടിച്ചു കുടിച്ചു കരള്‍ ദ്രവിച്ചാണ് അച്ഛന്‍ മരിച്ചത് എന്നു അമ്മ എപ്പോളും പറയും.. പാവം അമ്മ ഒരുപാട് കഷ്ടപ്പെട്ടാണ്‌ തന്നെ വളര്‍ത്തി ഇവിടെ വരെ എത്തിച്ചത്... അമ്മയായിരുന്നു തനിക്കെല്ലാം.. തനിക്കു ചോറ് തന്നു വെറും പച്ചവെള്ളം മാത്രം കുടിച്ചു അമ്മ ഉറങ്ങുന്ന കാഴ്ച ഇപ്പോളും കണ്മുന്പിലുണ്ട്..

നല്ല മഴക്കാലത്ത് ഒരു നാള്‍.. തനിക്കന്നു 4 വയസ്സ് പ്രായം.. പകല്‍ മുഴുവന്‍ കൂട്ടുകാരുമായി മഴയില്‍ കളിച്ചു തിമിര്‍ത്ത തനിക്കു രാത്രിയായപ്പോള്‍ പൊള്ളുന്ന പനി. പനി കൂടി പിച്ചും പേയും വരെ പറഞ്ഞു തുടങ്ങി.. അന്നാണെങ്കില്‍ ഇന്നത്തെപ്പോലെ ആശുപത്രികളൊന്നുമില്ല. ഉള്ളത് ഒരു 8 km ദൂരത്തും. രാത്രി വാഹനങ്ങളും വിരളം.. തന്നെ തോളിലെടുത്തു അമ്മ നടന്നു ആ ദൂരമത്രയും.. ആ കാര്യം പറഞ്ഞു അമ്മ എപ്പോളും കരയുമായിരുന്നു.

കാര്‍ ഒരു നാല്‍ക്കവലയിലെത്തി.. ഇവിടെ നിന്നും കഷ്ടിച്ച് ഒരു കിലോമീറ്റര്‍ വരും ആശുപത്രിയിലേക്ക്. വലത്തോട്ട് തിരിഞ്ഞതും പെട്ടന്ന് ഒരാള്‍ കാറിനു കുറുകെ ചാടിയതും ഒരുമിച്ചായിരുന്നു. ടയര്‍ നിലത്തു വലിയ ശബ്ദത്തില്‍ ഉരഞ്ഞു കാര്‍ നിന്നു. കാര്‍ അയാളെ മുട്ടിയില്ല എന്നു വേണുവിനു ഉറപ്പായിരുന്നു.. പക്ഷെ അയാള്‍ കുറച്ചു ദൂരേക്ക് തെറിച്ചു വീണു.. അയാളുടെ കൂടെ ഉണ്ടായിരുന്ന ആളില്‍ നിന്നും ഒരു നിലവിളി ഉയര്‍ന്നു. വേണു ഡോര്‍ തുറന്നു ചാടിയിറങ്ങി..താഴെ വീണ ആള്‍ മെല്ലെ എഴുന്നേറ്റു നിന്നു.. അയാളുടെ കൈമുട്ട് മുറിഞ്ഞു രക്തം ഒലിക്കുന്നു. കാല്‍ ഒടിഞ്ഞ പോലെ നിലത്തു നിക്കാന്‍ അയാള്‍ കഷ്ടപ്പെടുന്നു. ചുറ്റും ആളുകള്‍ കൂടി.. പരിക്ക് പറ്റിയ ആളുടെ കൂടെയുണ്ടായിരുന്ന സുഹൃത്ത്‌ "എവിടെ നോക്കിയാട വണ്ടി ഓടിക്കുന്നത്" എന്നു അലറി വിളിച്ചു വേണുവിനു നേരെ അടുത്തു.. "വായു ഗുളിക വാങ്ങാനല്ലേ അവന്റെ ഒരു പോക്ക്".. "സൂട്ടും , ടൈയും കെട്ടി ഇറങ്ങിക്കോളും, ആളെക്കൊല്ലാന്‍.." മറ്റു ചിലരും ഏറ്റു പിടിച്ചു. വേണുവിനു എന്ത് ചെയ്യണമെന്നു അറിയാതെയായി.. കൈകാലുകള്‍ വിറച്ചു.. കാറില്‍ അമ്മ.. ഓര്‍ത്തപ്പോള്‍ അവന്റെ നെഞ്ച് വിറച്ചു.. "ഞാന്‍ എന്ത് വേണമെങ്കിലും ചെയ്യാം.. ഇയാളെ ഹോസ്പിറ്റലില്‍ കൊണ്ട് പോകാം... ദയവു ചെയ്ത് എന്നെ തടഞ്ഞു വെക്കരുത്.. " പക്ഷെ അവന്റെ അപേക്ഷയോന്നും വിലപ്പോയില്ല. കൂട്ടത്തില്‍ ആരോ ഒരാള്‍ പോലീസിനു ഫോണ്‍ ചെയ്യാന്‍ പറയുന്നു. "ഞാന്‍ എത്ര പണം വേണമെങ്കിലും തരാം.. എന്നെ പോകാന്‍ അനുവദിക്കണം... " കരച്ചിലിന്റെ വക്കോളമെത്തിയ വേണു വീണ്ടും അപേക്ഷിച്ചു.. "അതൊന്നും വേണ്ട, പോലീസ് വരട്ടെ. എന്നിട്ട് തീരുമാനിക്കാം.. ഓവര്‍ സ്പീഡില്‍ വണ്ടി ഓടിക്കുന്ന എല്ലാവര്ക്കും ഇതൊരു പാഠമാകണം." ഒരു മധ്യ വയസ്കന്‍ തത്വഞാനിയെപ്പോലെ പറഞ്ഞു.. വേണുവിന്റെ കണ്ണില്‍ നിന്നും കണ്ണുനീര്‍ ഒഴുകിയിറങ്ങി.. വിറയ്ക്കുന്ന ശബ്ദത്തില്‍ അവന്‍ കൈകൂപ്പി പറഞ്ഞു " എന്‍റെ അമ്മ സീരിയസ്സായി കാറില്‍ കിടക്കുന്നുണ്ട്‌.. ഞാന്‍ ഹോസ്പിറ്റലില്‍ പോകുന്ന വഴിയാണ്.. എത്ര പണം വേണമെങ്കിലും നഷ്ടമായി തരാം.. അല്പം കരുണ കാണിക്കണം.."

അവര്‍ തമ്മില്‍ തമ്മില്‍ അങ്ങോട്ടുമിങ്ങോട്ടും എന്തോ പിറുപിറുത്തു... "ശരി ഒരു 2000 രൂപ തന്നിട്ട് പൊയ്ക്കോ. " അവസാനം തീരുമാനത്തിലെത്തി.. വേണു പെട്ടന്ന് പേഴ്സ് തുറന്നു പണമെടുത്തു... വിറയാര്‍ന്ന കൈയോടെ ആ പണം അവര്‍ക്ക് നേരെ നീട്ടിയതും പെട്ടന്ന് ചുറ്റും പൊട്ടിചിരികളുയര്ന്നതും ഒരുമിച്ചായിരുന്നു... വേണു പകച്ചു ചുറ്റും നോക്കിയതും, അപകടത്തില്‍ കാല്‍ ഒടിഞ്ഞ ആ ചെറുപ്പക്കാരന്‍ ഒരു മൈക്കുമായി ചാടി വേണുവിന്റെ അടുത്തെത്തി ചിരിച്ചു കൊണ്ട് പറഞ്ഞു.. "ഇത് കേരള ടിവിയുടെ 'ധിമികിട' എന്ന പ്രോഗ്രാമാണ്.. " എതിര്‍ വശത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിലേക്ക് അയാള്‍ കൈ ചൂണ്ടി കാണിക്കുന്നതും ആ കാറില്‍ നിന്നും രണ്ടു പേര്‍ ക്യാമറയുമായി ഇറങ്ങി വരുന്നതും കണ്ണുനീരിനിടയിലൂടെ വേണു കണ്ടു... ചിരി ചുറ്റും കൂടി നിന്ന ആളുകളിലേക്ക്‌ പടരുമ്പോള്‍ പരിപാടിയുടെ സംവിധായകന്‍ ഒരു കേട്ടു സമ്മാനങ്ങളുമായി വേണുവിന്റെ അരികിലെത്തി.. "ഇത് കാവേരി റൈസ് നല്‍കുന്ന പത്തു കിലോ പുട്ട് പൊടി, പിന്നെ മലബാര്‍ സില്‍ക്സ്‌ നല്‍കുന്ന..." മുഴുവന്‍ കേള്‍ക്കാന്‍ വേണു ഉണ്ടായിരുന്നില്ല. ഒരു നിമിഷത്തിനുള്ളില്‍ അവന്‍ കാറിലെതിയതും കാര്‍ മുന്പോട്ടെടുത്തതും ഒരുമിച്ചായിരുന്നു.

അറ്റന്‍ടര്‍മാര്‍ അമ്മയെ സ്ട്രെച്ചറില്‍ കിടത്തി എമര്‍ജന്സിയിലേക്ക് കൊണ്ടുപോകുമ്പോള്‍ അവന്‍ ശ്രദ്ധിച്ചു.. ഒരു ചെറിയ പുഞ്ചിരി അമ്മയുടെ മുഖത്ത് ഉണ്ടായിരുന്നോ. ഉറങ്ങുമ്പോള്‍ അമ്മയുടെ മുഖത്ത് പതിവായി ഉണ്ടാകാറുള്ള ആ പുഞ്ചിരി.. കുറച്ചേ നേരത്തെ കാത്തിരിപ്പിനൊടുവില്‍ അവന്‍ കണ്ടു എമര്‍ജന്സിയുടെ വാതില്‍ തുറന്നു ഡോക്ടര്‍ തന്‍റെ അടുത്തേക്ക് വരുന്നത്.. "സോറി വേണു നിങ്ങള്‍ അല്പം താമസിച്ചു പോയി.. ഒരു പത്തു മിനിട്ട് മുന്‍പ് വന്നിരുന്നെങ്കില്‍..." ഡോക്ടര്‍ വേണുവിന്റെ കൈയില്‍ മുറുകെ പിടിച്ചിരുന്നു. ഭൂമി കീഴ്മേല്‍ മറിയുന്ന പോലെ തോന്നി അവന്‌.. താഴെ വീഴാതിരിക്കാന്‍ ചുവരിലേക്ക് ചാരുമ്പോള്‍ അമ്മയുടെ ആ പുഞ്ചിരിക്കുന്ന മുഖമായിരുന്നു അവന്റെ മനസ്സില്‍... ആ മുഖത്തെ തള്ളി മാറ്റി "ധിമികിട" യുടെ രാക്ഷസ മുഖം സ്ഥാനം പിടിക്കുന്നതും അത് തന്നെ നോക്കി പല്ലിളിക്കുന്നതും വേണു അറിഞ്ഞു...

ഒരു എപ്പിസോട് കൂടി വിജയകരമായി പൂര്‍ത്തിയാക്കിയ ആത്മ സംത്രുപ്തിയോടു കൂടി "ധിമികിട ടീം" മറ്റൊരു ഇരയെയും തേടിയുള്ള യാത്രയിലായിരുന്നു അപ്പോള്‍..

Monday, June 15, 2009

സരളയുടെ വ്യാകുലതകള്‍..

സരള മുറിയില്‍ അങ്ങോട്ടും ഇങ്ങോട്ടും നടക്കാന്‍ തുടങ്ങിയിട്ട് 10 മിനിറ്റൊളമായി... ഇടയ്ക്കു സോഫയിലിരിക്കും.. ഇരിപ്പുറക്കാത്ത പോലെ പെട്ടന്ന് ചാടിയെഴുന്നെല്‍ക്കും... കൂടെകൂടെ ക്ലോക്കിലും നോക്കുന്നുണ്ട്. ക്ഷമയില്ലാത്ത ഈ നടപ്പിനിടയില്‍ പിറുപിറുക്കുന്നുമുണ്ട് .. "എന്നാലും എന്താണ് ഇതുവരെ വരാത്തത്. ഏഴു മണിയായി .. എല്ലാ ദിവസവും ഈ സമയത്ത് വരുന്നതാണല്ലോ.." സരളക്ക് ദേഷ്യവും സങ്കടവും എല്ലാം കൂടി ഒരുമിച്ചു വന്നു.. "മമ്മീ ഇതൊന്നു പറഞ്ഞു തരുമോ"... നാലാം ക്ലാസ്സില്‍ പഠിക്കുന്ന നീതുമോള്‍ പാഠപുസ്തകത്തിലെ സംശയവും ചോദിച്ചു വന്നത് അവളെ കൂടുതല്‍ ദേഷ്യം പിടിപ്പിച്ചു.. "ക്ലാസ്സില്‍ പഠിപ്പിക്കുമ്പോള്‍ ഒന്നും ശ്രദ്ധിക്കില്ല. എന്നിട്ട് വീട്ടിലുള്ളവര്‍ക്ക് സമാധാനം തരില്ല. അതെങ്ങനെയാ ബാക്കിയുള്ളവന്റെ നെഞ്ചിലെ തീ അച്ഛനും മോള്‍ക്കും അറിയേണ്ടല്ലോ.." ഏഴു മണിയായിട്ടും ഓഫീസില്‍ നിന്നും വീട്ടിലെത്താത്ത ഭര്‍ത്താവിനും കൊടുത്തു കൂട്ടത്തില്‍ ഒരു തട്ട്.

മമ്മിയെ ഒന്ന് തുറിച്ചു നോക്കി നീതുമോള്‍ മെല്ലെ തന്‍റെ മുറിയിലേക്ക് വലിഞ്ഞു.. സമയം 7.05 . സരളക്ക് നെഞ്ഞിടിപ്പ്‌ കൂടി കൂടി വന്നു.. ആനിയുടെ അമ്മാവിയമ്മ ഇന്നലെ ICU ല്‍ അഡ്മിറ്റ്‌ ആയതാണ്. അറിയിക്കാനുള്ളവരെയോക്കെ അറിയിച്ചോളാന്‍ ഡോക്ടര്‍ പറഞ്ഞു കഴിഞ്ഞു.. ആനി തന്‍റെ കുടുംബത്തിലെ ഒരു അംഗത്തെപ്പോലെയായത്‌കൊണ്ട് അവളുടെ കാര്യത്തില്‍ ഉത്കണ്ട കൂടുതലാണ് സരളക്ക്. ആനിയുടെ ഭര്‍ത്താവ് മാര്‍ട്ടിനും ഗള്‍ഫില്‍ നിന്നും എത്തിയിട്ടുണ്ട്.. ഇന്ന് വനിതാ ക്ലബ്ബിലും ഇതായിരുന്നു ചര്‍ച്ചാവിഷയം.. "ദൈവമേ.. ഒന്നും സംഭവിക്കരുതേ.." സരള ഉള്ളുരുകി പ്രാര്‍ത്തിച്ചു.. സമയം മെല്ലെ മെല്ലെ ഇഴഞ്ഞു നീങ്ങി... സരളയുടെ അക്ഷമയും ഒന്നിനൊന്നു വര്‍ദ്ധിച്ചു വന്നു... മുറിയിലൂടെയുള്ള നടപ്പിനു വേഗത കൂടി... ദീര്‍ഘശ്വാസത്തിന്റെ എണ്ണം കൂടി.... പെട്ടന്ന് അവളുടെ അക്ഷമയെയും, കോപത്തെയും ഭേദിച്ചുകൊണ്ട് current വന്നു. സരള ഒറ്റ കുതിപ്പിന് ടിവിയുടെ അടുത്തെത്തി സ്വിച്ച് ഓണ്‍ ചെയ്തു.. സ്ക്രീനില്‍ അതാ തെളിയുന്നു, ആനിയുടെ അമ്മാവിയമ്മയുടെ ചിരിക്കുന്ന മുഖം.. കട്ടിലിനു ചുറ്റും ആനിയും, മാര്‍ട്ടിനും, മറ്റു കുടുംബാങ്ങങ്ങളും.. ഡോക്ടറുടെ ചിരിക്കുന്ന മുഖം കൂടി കണ്ടപ്പോള്‍ സരളക്ക് ജീവന്‍ തിരിച്ചു കിട്ടിയപോലെയായി.. സന്തോഷവും, സമാധാനവും ഇട കലര്‍ന്ന ഒരു ദീര്‍ഘനിശ്വാസത്തോടെ സരള സോഫയില്‍ അമര്‍ന്നിരുന്നു. ഒരു കൈയില്‍ റിമോട്ടും മുറുകെപ്പിടിച്ചിരുന്നു.

Saturday, December 27, 2008

കഥ: ഒട്ടകങ്ങള്‍...


"തുണിയലക്കി അലക്കി ഇവിടെയോരാളുടെ നടുവൊടിഞ്ഞു. ഇത് വല്ലതും നിങ്ങള്‍ക്ക് അറിയണോ. ഒരു വാഷിംഗ് മെഷീന്‍ വാങ്ങണമെന്ന് ഓരോ കത്തിലും ഞാന്‍ എഴുതുന്നതാണ്. ഇനിയെന്നാണാവോ അതൊന്നു സാധിക്കുക. ഓരോ ഗള്‍ഫുകാരുടെയും ഭാര്യമാര്‍ ജീവിക്കുന്നത് നിങ്ങളുന്നു കാണണം.. എല്ലാം എന്‍റെ വിധി അല്ലാതെന്താ..." പരാതിയുടെ ഒരു കൂമ്പാരവും നിറച്ചു രമണി കത്ത് നിറുത്തി. രമണിയുടെ ഭര്‍ത്താവ് മുകുന്ദന്‍ ഗള്‍ഫിലാണ്. നീണ്ട പത്തു വര്‍ഷമായി അവിടെ ജോലി ചെയ്യുന്നു. ജോലി എന്താണെന്ന് അവള്‍ ഇത് വരെ ചോദിച്ചിട്ടില്ല. മുകുന്ദന്‍ പറഞ്ഞിട്ടുമില്ല. എല്ലാ മാസവും കൃത്യമായി ബാങ്ക് അക്കൌണ്ടില്‍ പണം എത്തുന്നതുകൊണ്ടു ആ ചോദ്യത്തിനു പ്രസക്തിയില്ല എന്ന് അവള്‍ക്കു തോന്നിയിരിക്കാം..

ഇനി രമണിയെപ്പറ്റി രണ്ടു വാക്ക്. ആഗ്രഹിക്കുന്നത് എല്ലാം കിട്ടണമെന്ന ഒരു വാശി രമണിക്ക് പണ്ടേ ഉള്ളതാണ്. അതിനൊക്കെ ബലിയാടാകുന്നത് പാവം മുകുന്ദനും. ഗള്‍ഫുകാരുടെ ഭാര്യമാര്‍ ചേര്‍ന്ന് രൂപം കൊടുത്ത ഒരു വനിതാ ക്ലബ്ബിന്‍റെ സെക്രടറി കൂടിയാണ് ഈ രമണി. NRI ജീവിതങ്ങളുടെ പ്രശ്നങ്ങളെപ്പറ്റി രമണി ഘോര ഘോരം പ്രസംഗിക്കുന്നത് കേട്ടു പുളകം കൊള്ളുന്ന ഒരുപാട് അംഗങ്ങള്‍ കൂടിയുണ്ട് ഈ ക്ലബ്ബില്‍...
സമാധാനപ്രിയന്‍ ആയിരുന്നു മുകുന്ദന്‍. അതിനു തെളിവെന്നവണ്ണം ഒരു മാസത്തിനുള്ളില്‍ രമണിയുടെ വീട്ടില്‍ ഒരു പുതിയ വാഷിംഗ് മെഷീന്‍ എത്തി. വാഷിംഗ് മെഷീന്റെ പ്രത്യേകതകളെപ്പറ്റി ഒരു marketing executive വിവരിക്കുന്നത് പോലെ രമണി തന്‍റെ സുഹൃത്തുക്കള്‍ക്ക് വിവരിച്ചു കൊടുത്തു.

നാളുകള്‍ കടന്നു പോയി.. "പത്തു കിട്ടുകില്‍ നൂറു മതിയെന്നും, ശതമാകില്‍ സഹസ്രം മതിയെന്നും" പറയുന്നതുപോലെ രമണിയുടെ ആഗ്രം വീണ്ടും തലപൊക്കി തുടങ്ങി..

"ഗല്‍ഫിലെക്കാള്‍ ചൂടാണ് ഇപ്പോള്‍ നാട്ടില്‍. എപ്പോഴും AC റൂമില്‍ കഴിയുന്ന നിങ്ങള്‍ക്കത് മനസ്സിലാവില്ലല്ലോ. വനജയുടെ വീട്ടില്‍ AC വാങ്ങിയത് instaalment ആയാണ്‌.. മാസം ഒരു മൂവായിരം രൂപ മാത്രം അടച്ചാല്‍ മതി. ഞാനും ഒന്ന് ഓര്‍ഡര്‍ ചെയ്താലോ എന്ന് വിചാരിക്കുകയാണ്. പണം അയക്കുമ്പോള്‍ അതിനു കൂടി ചേര്‍ത്ത് അയക്കുമല്ലോ. നിങ്ങള്‍ ആരോഗ്യം ശ്രദ്ധിക്കണം ... വറുത്തതും പൊരിച്ചതും ഒന്നും അധികം കഴിക്കരുത്.. " പഞ്ചസാരയുടെ മുകളില്‍ തേന്‍ പുരട്ടിയ പോലുള്ള വാക്കുകളുമായി ആ കത്ത് വീണ്ടും കടല് കടന്നു..

ദിവസങ്ങള്‍ക്കുള്ളില്‍ മുകുന്ദന്‍ സമാധാനപ്രിയന്‍ ആണെന്ന് വീണ്ടും തെളിയിക്കപ്പെട്ടു. AC അവരുടെ വീട്ടിലെ ഒരു അംഗമായിതീര്‍ന്നു. ക്ലബ്ബില്‍ ഒരു വിഷയത്തിലും ഒത്തൊരുമ കാണിക്കാത്ത രമണിയും, വനജയും എന്നാല്‍ AC യുടെ കാര്യത്തില്‍ മാത്രം ഒത്തൊരുമ കാണിച്ചു..

മാസങ്ങള്‍ കടന്നു പോയി.. രമണിയുടെയും, മുകുന്ദന്റെയും വിവാഹ വാര്‍ഷിക ദിനം അടുത്തു.. വനജയുടെ ഭര്‍ത്താവ് അവരുടെ വിവാഹ വാര്‍ഷികത്തിന് നടത്തിയ പാര്‍ട്ടിയുടെ വിശദ വിവരങ്ങളും , ഭര്‍ത്താവ് വനജക്ക് വാങ്ങിക്കൊടുത്ത സില്‍ക്ക് സാരിയുടെ വര്‍ണ്ണനയുമായി വീണ്ടും രമണി തന്‍റെ കത്ത് ആരംഭിച്ചു.

"വിവാഹ വാര്‍ഷികമാണ് വരുന്നത്.. നിങ്ങള്‍ കൂടെയില്ലല്ലോ എന്നാ വിഷമം ഒരുപാടുണ്ട്.. സാരമില്ല. പിന്നെ ഒരു നല്ല സില്‍ക്ക് സാരി വാങ്ങി അയച്ചു തരണം.. എങ്കിലേ ആ വനജയുടെ മുന്‍പില്‍ എനിക്ക് പിടിച്ചു നില്‍ക്കാനാകൂ.. അവള്‍ക്കാണെങ്കില്‍ ഈയിടെയായി അഹന്കാരം വളരെ കൂടുതലാണ്.. വിവാഹവാര്‍ഷിക പാര്‍ട്ടി നടത്തിയതിന്‍റെ അഹങ്കാരമാണ്.. ഞാനും പോയിരുന്നു... എന്തായിരുന്നു അവിടുത്തെ ഒരു പത്രാസ്സ്....... " അങ്ങനെ നീണ്ടു പോയി ആ കത്ത്..

AC റൂമില്‍ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന രമണിയുടെ മനസ്സില്‍ മുഴുവന്‍ വരാന്‍ പോകുന്ന സില്‍ക്ക് സാരിയുടെ ഓര്‍മകളായിരുന്നു.. അത് വന്നിട്ട് വേണം ക്ലബ്ബില്‍ ഒന്ന് വിലസ്സാന്‍.. സ്വപ്നങ്ങളില്‍ മയങ്ങി എപ്പോളോ അവള്‍ ഉറങ്ങി...

ദിവസങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ കാര്‍ഗോ ബോയിയുടെ "ചേച്ചി" എന്നാ വിളി കേട്ടപ്പോള്‍ ആ വിളിക്ക് പതിവില്‍ കവിഞ്ഞ മാധുര്യം ഉള്ളതുപോലെ അവള്‍ക്കു തോന്നി. പാര്‍സല്‍ വാങ്ങി ധൃതി വച്ച് തുറന്നു.. പ്രതീക്ഷക്കു വിപരീതമായി അതില്‍ കണ്ട സാധനം അവളെ കുപിതയാക്കി. മരത്തില്‍ തീര്‍ത്ത ഒരു "ഒട്ടകത്തിന്‍റെ പ്രതിമ"... "ഹും.. ഒരു മൃഗതിനെയെ അങ്ങേര്‍ക്കു അയക്കാന്‍ കിട്ടിയുള്ളൂ.." കോപവും, സങ്കടവും ഒരുമിച്ചു വന്ന രമണി അതെടുത്ത് വീടിന്‍റെ മൂലയിലെക്കെരിഞ്ഞു.. കാലും തലയും വേര്‍പെട്ടു ആ പ്രതിമ കിടക്കുമ്പോള്‍ രമണി അറിയുന്നുണ്ടായിരുന്നില്ല, ആ മൃഗത്തിന്‍റെ കാരുണ്യം കൊണ്ടാണ് തന്‍റെ കുടുംബം മുന്നോട്ടു പോകുന്നത് എന്ന്. ദൂരെ കടലുകള്‍ക്കപ്പുറം പൊരി വെയിലില്‍, ചുട്ടു പൊള്ളുന്ന മണലില്‍ ഒട്ടകത്തെ മേയ്ച്ചുകൊണ്ടിരുന്ന മുകുന്ദനും ഇതൊന്നും അറിയുന്നുണ്ടായിരുന്നില്ല.. പക്ഷെ ഒന്ന് മാത്രം അയാള്‍ക്ക്‌ അറിയാമായിരുന്നു... തന്‍റെ മനസ്സില്‍ ഈ ഒട്ടകങ്ങള്‍ക്കുള്ള സ്ഥാനം തന്‍റെ മക്കളുടെ സ്ഥാനത്തിനു ഒപ്പമാണ് എന്ന്...

Saturday, December 6, 2008

കഥ: തേനിച്ചകള്‍.


എന്‍റെ ചെറുപ്പകാലം. ചെറുപ്പകാലത്തെ കുറിച്ച് ഓര്‍മ വരുമ്പോള്‍ മനസ്സില്‍ എപ്പോളും നിറഞ്ഞു നില്‍ക്കുന്നത് എന്‍റെ അമ്മയുടെ തറവാടാണ്. കാരണം ഒരു 10-12 വയസ്സ് വരെ ഞാനും എന്‍റെ സഹോദരിയും എന്‍റെ വീട്ടിലേക്കാള്‍ കൂടുതല്‍ ചിലവഴിചിട്ടുള്ളത് അവിടെയാണ്. തറവാടിന്റെ മുറ്റത്ത്‌ ഒരു വലിയ പേരമരം ഉണ്ടായിരുന്നു. ആ മരത്തില്‍ സ്ഥിരമായി ഒരു ഊഞ്ഞാല്‍ ഉണ്ടാകും. പേരക്ക പഴുക്കുന്ന കാലമായാല്‍ ഒരു പാട് വവ്വാലുകള്‍ വരുമായിരുന്നു മരത്തില്‍. അതങ്ങനെ തലകീഴായി തൂങ്ങിക്കിടക്കും. വവ്വാലുകളെ അനുകരിച്ചു ഞാനും തലകീഴായി മരത്തില്‍ കാലു കൊളുത്തിയിട്ടു തൂങ്ങിക്കിടക്കുമായിരുന്നു.
ആയിടക്കു ഞങ്ങളുടെ തറവാട്ടിലെ ഒരു നിത്യ സന്ദര്‍ശകനായിരുന്നു "മൊരവന്‍ ‍" എന്ന് പേരുള്ള ഒരു ആദിവാസി വൃദ്ധന്‍. ഒരു 75-80 വയസ്സ് പ്രായം വരും അദ്ധേഹത്തിന്. നരച്ച കുറ്റിമുടിയും , പകുതി അടഞ്ഞ കണ്ണുകളും ഉള്ള ഒരു മനുഷ്യന്‍. ഒരു വടിയും കുത്തിപ്പിടിച്ചു കൂനി കൂനി നടന്നു വരും.. ആ മനുഷ്യനു ഒരു പാട് പ്രത്യേകതകളുണ്ട്... ഒന്ന്, അയാള്‍ കഥകളുടെ ഒരു ഭാണ്ടാരമായിരുന്നു. അയാളുടെ ഭാഷയില്‍ ഞങ്ങള്‍ക്ക് മനസ്സിലാകുന്ന രീതിയില്‍ ഒരുപാട് കഥകള്‍ ഞങ്ങള്‍ക്ക് പറഞ്ഞു തരുമായിരുന്നു. മറ്റൊന്ന്, അയാള്‍ ചായ കുടിക്കുന്ന രീതി വളരെ രസകരമായിരുന്നു. നല്ല കടുപ്പത്തിലുള്ള കട്ടന്‍ ചായ, അതും പഞ്ചസാര ചേര്‍ക്കുന്നത് പുള്ളിക്ക് ഇഷ്ടമല്ല. എന്‍റെ വല്യമ്മച്ചി അയാള്‍ക്ക്‌ ചായ കൊടുക്കുമ്പോള്‍ കൂടെ ഒരു കഷണം ശര്‍ക്കരയും കൊടുക്കും. നിലത്തു ചമ്രം പടിഞ്ഞിരുന്നു ആ ശര്‍ക്കര ചായയിലിട്ടു കുത്തിപ്പിടിക്കുന്ന വടിയുടെ മറ്റേ അറ്റം കൊണ്ട് ഇടിച്ചു കലക്കി ചായ കുടിക്കും. ഇടക്കൊക്കെ ഞാനും ഇതുപോലെ ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. എവിടെ നിന്നെങ്കിലും ഒരു കോല് സംഘടിപ്പിച്ചു ശര്‍ക്കര ചായയിലിട്ടു ഇടിച്ചു കലക്കി.... അപ്പോളെല്ലാം വടിയുമായി വല്യമ്മച്ചി എന്നെ വീടിനു ചുറ്റും ഓടിക്കുമായിരുന്നു. ഓര്‍ക്കുമ്പോള്‍ ഇന്നും ഒരുപാട് സന്തോഷവും, ഒപ്പം നൊമ്പരവും. തിരികെക്കിട്ടാന്‍ പലപ്പോഴും ഞാന്‍ ആഗ്രഹിച്ചിട്ടുള്ള ആ കുട്ടിക്കാലം..
ഈ "മൊരവന്റെ" കഥകളില്‍ എനിക്ക് ഓര്‍മ വന്ന രസകരമായ ഒന്നുണ്ട്. ഇത് അദ്ധേഹത്തിന്റെ സ്വന്തം അനുഭവമാനെന്നാണ് അയാള്‍ അവകാശപ്പെടുന്നത്.
"മൊരവന്റെ" നല്ല പ്രായത്തില്‍ അയാള്‍ക്ക്‌ കാട്ടില്‍ പോയി തേനെടുക്കലായിരുന്നു പ്രധാന പണി. നല്ല തേനിച്ചക്കൂട് തപ്പി അയാള്‍ അങ്ങനെ കാട്ടിലൂടെ നടക്കും. പറ്റിയ ഒരെണ്ണം കണ്ടു കിട്ടിയാല്‍ വീണ്ടും രാത്രിയില്‍ ഒരു തീപ്പന്തം കൊളുത്തി ആ മരത്തില്‍ വലിഞ്ഞു കയറി ഈച്ചകളെ ഓടിച്ചു തേന്‍ കൂട് എടുക്കും. പിന്നെ അത് പിഴിഞ്ഞ് തേനെടുത്തു കുപ്പികളിലാക്കി ദൂരെ പട്ടണത്തില്‍ കൊണ്ട് പോയി വില്‍ക്കും.
ഒരിക്കല്‍ ഇതുപോലെ തേനിച്ചക്കൂട് തപ്പി നടക്കുകയായിരുന്നു അയാള്‍. ഒരു വലിയ മരത്തില്‍ പറ്റിയ ഒരു കൂട് കണ്ടെത്തി. മരത്തിനു നല്ല വണ്ണം ആയിരുന്നു. രാത്രി വരുമ്പോള്‍ കയറാന്‍ പറ്റുമോ എന്നറിയാന്‍ ഒരു പരീക്ഷണം നടത്തി നോക്കി അദ്ദേഹം. എങ്ങനെയെന്നറിയില്ല പെട്ടന്ന് തേനിച്ചക്കൂട്ടം ഇളകി. തേനിച്ച ഇളകി എന്ന് മനസ്സിലായതും "മൊരവന്‍" ഓടിയതും ഒരുമിച്ചായിരുന്നു. തേനിച്ചകള്‍ വിടുമോ... അവ കൂട്ടമായി പിന്നാലെ. കുറച്ചു ദൂരം ഓടിയ അയാള്‍ ഒരു പുഴക്കരയില്‍ എത്തി. ആ പുഴക്ക്‌ അക്കരെ ഒരു ചെറിയ ഗ്രാമം ആണ് ഉള്ളത്. തേനിച്ച കുത്താന്‍ വന്നാല്‍ പുഴയില്‍ ചാടിയാല്‍ മതിയെന്ന് അനുഭവം കുറേ ഉള്ള നമ്മുടെ "മൊരവനു" അറിയാമായിരുന്നു. ഒന്ന് രണ്ടു കുത്ത് അതിനകം തന്നെ കിട്ടിയിരുന്ന "മൊരവന്‍" ഒന്നുമാലോചിച്ചില്ല പുഴയിലേക്ക് എടുത്തു ചാടി. പിന്നെ നടന്ന സംഭവം അയാള്‍ പോലും പ്രതീക്ഷിക്കാത്തതായിരുന്നു. അയാള്‍ പുഴയില്‍ ചാടിയതും പുഴയില്‍ നിന്നും പേടിച്ചു കരഞ്ഞുകൊണ്ട് 2-3 സ്ത്രീകള്‍ ഓടി കരയില്‍ കയറിയതും ഒരുമിച്ചായിരുന്നു. ഈച്ച വരുന്ന വെപ്രാളത്തില്‍ പുഴയില്‍ കുളിച്ചു കൊണ്ടിരുന്ന സ്ത്രീകളെ അയാള്‍ കണ്ടില്ല. എന്തിനധികം പറയുന്നു ഈച്ചകള്‍ക്ക് "മൊരവനെന്നോ" സ്ത്രീകളെന്നോ വ്യത്യാസമില്ലല്ലോ. തേനിച്ചകള്‍ മൊത്തമായി സ്ത്രീകളെ പൊതിഞ്ഞു. അവരുടെ കരച്ചില്‍ കേട്ടു ഓടിക്കൂടിയ ഗ്രാമവാസികള്‍ കണ്ട കാഴ്ച ഇതായിരുന്നു. സ്ത്രീകളുടെ ബന്ധുക്കള്‍ "മൊരവനെ" ശരിക്കും പെരുമാറി. അയാളുടെ വാക്കുകളില്‍ പറയുകയാണെങ്കില്‍ പിന്നീട് ഒരു വര്‍ഷത്തേക്ക് "മൊരവനു" തെനെടുക്കാന്‍ മരത്തില്‍ കയറാന്‍ പറ്റാത്ത അവസ്ഥയായിരുന്നു എന്നാണ്.
പിന്നീടെന്നോ അമ്മ പറഞ്ഞ് അറിഞ്ഞു. "മൊരവന്‍ " മരിച്ചുപോയി എന്ന്. പഴയകാല ഓര്‍മ്മകള്‍ മനസ്സിലേക്ക് വരുമ്പോള്‍ ആ മുഖവും ഓര്‍മ വരും. വളഞ്ഞു കൂടി നിലത്തിരുന്നു ചായക്കപ്പില്‍ കോലുകൊണ്ട് ശര്‍ക്കര ഇളക്കി , മൊത്തി മൊത്തി കുടിക്കുന്ന ആ വൃദ്ധന്റെ രൂപം.

Thursday, December 4, 2008

കഥ: കരിഞ്ഞു വീഴുന്ന സ്വപ്‌നങ്ങള്‍...



ജനലഴികളില്‍ പിടിച്ചു ബാലു പുറത്തേക്ക്‌ നോക്കി.. മുറ്റത്ത്‌ ഒരുപാട് പേര്‍... എന്തോ വെറുതെ ചിന്തിച്ചിരിക്കുന്നവര്‍... സ്വയമറിയാതെ കൈകളും, തലയും ഇളക്കി ആരോടെന്നില്ലാതെ സംസാരിക്കുന്നവര്‍, ഉച്ചത്തില്‍ പാട്ട് പാടുന്നവര്‍, അങ്ങനെ ഒരുപാട്‌ പേര്‍ ... ജീവിതത്തെക്കുറിച്ചും,ഭാവിയെക്കുറിച്ചും ഒട്ടും ഉത്കാണ്തയില്ലാതെ അവര്‍ അങ്ങനെ പാറി നടക്കുന്നു... അവര്‍ക്കിടയിലൂടെ ശകാരിച്ചും, ഒച്ചയുണ്ടാക്കിയും ഓടി നടക്കുന്നു ഹോസ്പിറ്റല്‍ ജീവനക്കാര്. താനും ഇവരെപ്പോലെ തന്നെയായിരുന്നില്ലേ കുറച്ചുകാലം മുന്‍പ്‌ വരെ... ആരെയും കാണാന്‍ ആഗ്രഹിക്കാതെ, ആരോടും സംസാരിക്കാതെ നീണ്ട 13 വര്‍ഷങ്ങള്‍.. ഒരു നീണ്ട നെടുവീര്‍പ്പിനിടയിലും ബാലു ഓര്‍മിച്ചു.. ഇന്നാണ് ആ ദിവസം... തന്‍റെ ജീവിതത്തെ മാറ്റിമറിച്ച ശപിക്കപ്പെട്ട ആ ദിനം...

അച്ഛനും അമ്മയും ഒരു സഹോദരിയും അടങ്ങുന്ന കൊച്ചു കുടുംബം ആയിരുന്നു ബാലുവിന്‍റെ.. കഷ്ടപ്പടിനിടയിലും മക്കളുടെ പഠനത്തിന്‌ ഒരു കുറവും വരുത്താത്ത അച്ഛനമ്മമാര്‍.. മക്കള്‍ക്ക്‌ വേണ്ടി മാത്രം ജീവിച്ചവര്‍... ബാലുവും സഹോദരിയും പഠനത്തില്‍ മിടുക്കരായിരുന്നു..ഉയര്‍ന്ന മാര്‍ക്കോടെ ബാലു SSLC പാസ്സായി.. മെറിറ്റ് സീറ്റില്‍ തൊട്ടടുത്ത ഒരു കോളേജില്‍ അഡ്മിഷന്‍ കിട്ടി. അച്ഛന്‍റെ ആഗ്രഹമായിരുന്നു മകന്‍ ഒരു എഞ്ചിനീയര്‍ ആയ കാണണം എന്നുള്ളത്... ആദ്യവര്‍ഷം വളരെ നല്ല രീതിയില്‍ത്തന്നെ കടന്നു പോയി.. രണ്ടാം വര്‍ഷം മുതലേ ബാലു അല്പസ്വല്പം പഠനത്തില്‍ നിന്നും അകന്നു തുടങ്ങിയിരുന്നു.. ക്ലാസ്സില്‍ കൃത്യമായി കയറാതെയായി.. പഠനത്തിലും വലുതായി മറ്റെന്തൊക്കെയോ ആണെന്ന തോന്നല്‍ അവനില്‍ കടന്നു കൂടിതുടങ്ങി... കൂടെ ചെറുതായ രാഷ്ട്രീയ പ്രവര്‍ത്തനവും.. സമരങ്ങളിലും മറ്റും പ്രസംഗിക്കാനും, കൊടിപിടിക്കാനും മറ്റുള്ളവര്‍ക്കൊപ്പം മുന്‍പന്തിയില്‍ ബാലുവിനെയും കാണാന്‍ തുടങ്ങി.. അങ്ങനെ ചുരുക്കത്തില്‍ പ്രീ ഡിഗ്രി കഷ്ടിച്ച് കടന്നു കൂടി.. അതെ കോളേജില്‍ ഡിഗ്രിക്ക് ചേരുമ്പോള്‍ ബാലുവിന്‍റെ മനസ്സില്‍ നിന്നും എഞ്ചിനീയര്‍ എന്നാ പദം മാഞ്ഞുപോയിരുന്നു.. ഹൃദയം നുറുങ്ങുന്ന വേദനയിലും പാവം ആ അച്ഛന്‍ മകന്‍റെ ആഗ്രഹത്തിന് എതിരായി ഒന്നും പറഞ്ഞില്ല... പകരം ആ മനുഷ്യന്‍റെ പ്രതീക്ഷകളൊക്കെയും മകളിലെക്കായി.. ബാലുവിന്‍റെ സഹോദരി അതേ കോളേജില്‍ പ്രീ ഡിഗ്രിക്ക് ചേര്‍ന്നു.. ബാലുവിന്‍റെ ഈ അവസ്ഥയില്‍ സ്നേഹമയിയായ ആ സഹോദരിക്ക് വിഷമം ഉണ്ടായിരുന്നെന്കിലും തിരുത്താന്‍ ‍ കഴിയുന്നതിനും അപ്പുറത്തായിരുന്നു അവനപ്പോള്‍..

ബാലുവാകട്ടെ തന്‍റെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ വളരെ ഭംഗിയായിതന്നെ തുടര്‍ന്നുകൊണ്ടിരുന്നു.. എല്ലാ സമരങ്ങള്‍ക്കും, വിദ്യാഭ്യാസ ബന്ദുകള്‍ക്കും അവന്‍ മുന്‍പില്‍ തന്നെയുണ്ടായിരുന്നു .. തന്നെ സ്നേഹിച്ചിരുന്ന അധ്യാപകരുടെ കണ്ണില്‍ ഒരു കരടായി മാറാന്‍ അവനു എളുപ്പം കഴിഞ്ഞു..
ഒരിക്കല്‍ കലാലയ സമരങ്ങള്‍ മൂര്‍ച്ചിച്ചു നിന്നിരുന്ന ഒരു കാലം... പറഞ്ഞു തീര്‍ക്കാവുന്ന ചെറിയ ഒരു പ്രശ്നം ഊതിപ്പെരുപ്പിച്ചു കേരളത്തിലെ കലാലയങ്ങളില്‍ മുഴുവന്‍ പഠനം മുടക്കി സമരം നടക്കുന്നു... ആ സമരം വിദ്യഭ്യാസ ബന്ദ് എന്ന പേരില്‍ ശക്തി പ്രാപിച്ചു.. സമരം നിയന്ത്രിക്കാനാകാതെ വന്ന ഒരു സാഹചര്യത്തില്‍ പ്രിന്‍സിപാള്‍ കോളേജിന് അവധി പ്രഖ്യാപിച്ചു.. സമരത്തിലോന്നും ഇടപെടാതെ നടന്നിരുന്ന വിദ്യാര്‍ഥി‍കള്‍ എങ്ങനെയും വീട്ടിലെത്താനുള്ള തിരക്കുകൂട്ടലില്‍ ആയിരുന്നു. സമരക്കാര്‍ കോളേജ് വിട്ടു നേരെ ടൌണിലേക്ക് തിരിഞ്ഞു,,, സമരം കട കമ്പോളങ്ങളെയും, വാഹനങ്ങളെയും ആക്രമിക്കുന്ന അവസ്ഥവരെയെത്തി.. സമരക്കാരെ ഒതുക്കാന്‍ പോലീസ് സേന അണിനിരന്നു.. വാശി കയറിയ സമരക്കാര്‍ കടകളിലേക്കും, പോലീസിന് നേരയും കല്ലുകള്‍ പെറുക്കി എറിയാന്‍ തുടങ്ങി... ഒരു വിഭാഗം വാഹനങ്ങള്‍ തകര്‍ക്കുന്നതില്‍ മത്സരിച്ചു..
പെട്ടന്നാണ് നിറുത്താതെ പോയ ഒരു ബസ് ബാലുവിന്‍റെയും കൂട്ടരുടെയും കണ്ണില്‍ പെട്ടത്.. നിറയെ ആളുകളുണ്ടായിരുന്ന ആ ബസ് അവര്‍ തടഞ്ഞു നിറുത്തി.. രോഷാകുലരായ ചിലര്‍ ഡ്രൈവറെ വലിച്ചു പുറത്തിട്ടു... ചിലര്‍ ഗ്ലാസ് അടിച്ചു തകര്‍ത്തു...ബസ്സിലുള്ള ആളുകളെല്ലാം ഭയന്ന് പുറത്തേക്കു പാഞ്ഞു.. പെട്ടന്നുള്ള ആവേശത്തില്‍ ബാലു മറ്റൊന്നും ആലോചിച്ചില്ല.. പോക്കറ്റിലുണ്ടായിരുന്ന തീപ്പെട്ടിയുരച്ചു ബസ്സിനുള്ളിലെക്കെറിഞ്ഞു ബസ്സില്‍ തീ പടര്‍ന്നു..തീയണക്കാന്‍ പലരും ശ്രമിച്ചെങ്കിലും തീ ആളിക്കതുകയാണ് ഉണ്ടായത്.. ബസ്സിനുള്ളില്‍ നിന്നും സ്ത്രീകളുടെ നിലവിളി ഉയര്‍ന്നു.
പോലീസും ജനങ്ങളുമെല്ലാം ബസ്സിനു ചുറ്റും കൂട്ടം കൂടി.. ആരോ ആംബുലന്‍സിനു ഫോണ്‍ ചെയ്തു..ബസ്സിനുള്ളില്‍ നിന്നും ആരെയൊക്കെയോ എടുത്തു ആംബുലന്‍സില്‍ കയറ്റുന്നു.. പോലീസ് ജീപ്പുകള്‍ അങ്ങോട്ടും ഇങ്ങോട്ടും പാഞ്ഞു നടക്കുന്നു.. ഇതൊന്നും ഗൌനിക്കാതെ സമരക്കാര്‍ തങ്ങളുടെ ആക്രമണം മറ്റിടങ്ങളിലേക്ക് വ്യാപിപ്പിച്ചു കൊണ്ടിരുന്നു.. അവസാനം പോലീസ് അറെസ്റ്റ്‌ ചെയ്യുന്നതുവരെ അവര്‍ ആക്രമണം തുടര്‍ന്നു..
ഉന്നത നേതാക്കളുടെ ഇടപെടല്‍ മൂലവും, വിധ്യാര്‍തികള്‍ എന്ന പരിഗണന ഉള്ളതുകൊണ്ടും അധികം നേരം പോലീസ് സ്റ്റേഷനില്‍ ഇരിക്കേണ്ടി വന്നില്ല ബാലുവിനും കൂട്ടുകാര്‍ക്കും.. പാര്‍ട്ടിക്ക് വേണ്ടി അറസ്റ്റ് വരിച്ച് ഒരു പ്രവര്‍ത്തകന്‍റെ ചങ്കൂറ്റവും, ആവേശവും കൊണ്ട് നെഞ്ച് വിരിച്ചാണ് ബാലു സ്റ്റേഷനില്‍ നിന്നും പുറത്തിറങ്ങിയത്.. നാളെ വീണ്ടും നടത്താന്‍ പോകുന്ന സമര പരിപാടികളെക്കുറിച്ച് ചര്‍ച്ച ചെയ്തു തീരുമാനമെടുത്ത് എല്ലാവരും പിരിഞ്ഞു... ഉച്ചക്ക് ഒന്നും കഴിച്ചില്ല. ബാലുവിന് വിശപ്പ്‌ ആളികത്തുന്നുണ്ടായിരുന്നു. ആദ്യം കണ്ട ഒരു ഹോട്ടല്‍ കയറി വയറു നിറയെ കഴിച്ചു... ഇനി കുളിച്ചു സുഖമായി ഒരുറക്കം.. മൂളിപ്പാട്ടും പാടി ബാലു വീട്ടിലേക്കു തിരിച്ചു..
പടിക്കല്‍ വച്ചേ കാണാമായിരുന്നു.. മുറ്റത്ത്‌ വലിയൊരു ആള്‍കൂട്ടം.. നെഞ്ചില്‍ നിന്നും ഒരു ആളല്‍ പുറത്തുവന്നു.. തൊണ്ട വരണ്ടു.. ഈശ്വരാ അച്ഛന് എന്തെങ്കിലും.. ഇതുവരെ ഉണ്ടായിരുന്ന ആവെശമെല്ലാം ഒരു നിമിഷം കൊണ്ട് ആവിയായിപ്പോയപോലെ,.. മുറ്റത്തേക്ക്‌ ഓടുകയായിരുന്നു അവന്‍.. കൂടി നിന്ന ആളുകളെ വകഞ്ഞ് മാറ്റി വരാന്തയിലേക്ക്‌ കയറി.. ഒന്നേ നോക്കിയുള്ളൂ.. തലക്കുള്ളില്‍ ഒരു അഗ്നിപര്‍വതം പൊട്ടി. ഭൂമി കീഴ്മേല്‍ മറിയുന്ന പോലെ.. ചെവിക്കുള്ളില്‍ ഒരു തീവണ്ടി പായുന്ന പോലുള്ള ശബ്ദം... വരാന്തയില്‍ വെള്ളത്തുണിയില്‍ പുതപ്പിച്ചു കിടത്തിയിരിക്കുന്ന തന്‍റെ ഒരേയൊരു സഹോദരിയുടെ കരിഞ്ഞ രൂപം.... ബോധം മറയുംബോഴും ആരോ പറഞ്ഞ ആ വാക്കുകള്‍ അവന്‍റെ ചെവിയില്‍ മുഴങ്ങി . "ബന്ദിന്‍റെ പേരില്‍ നാട് നശിപ്പിക്കുന്നവര്‍ ഇതെല്ലം കണ്ടു പഠിച്ചിരുന്നെങ്കില്‍.." താന്‍ തീപ്പെട്ടിയുരച്ചിട്ടത് തന്‍റെ മാതാ പിതാക്കളുടെ സ്വപ്നങ്ങളിലെക്കയിരുന്നുവന്നു മനസ്സിലാക്കാന്‍ അബോധാവസ്ഥയില്‍ നിന്നും ഉണര്‍ന്ന ബാലുവിന് കഴിയുമായിരുന്നില്ല. അതിനു മുന്‍പേ അവന്‍റെ മനസ്സ് പിടി വിട്ടു പോയിരുന്നു..
പിന്നെ കുറേ വര്‍ഷങ്ങള്‍.. ആശുപത്രിയും, മരുന്നും ഒക്കെയായി കടന്നുപോയി...
മകളുടെ വേര്‍പാട് ആ മാതാപിതാക്കളെ പാടെ തളര്‍ത്തി.. ആ തളര്‍ച്ചയില്‍ നിന്നും അച്ഛന്‍ പിന്നെ തരിച്ചു വന്നില്ല. കരിഞ്ഞ സ്വപ്‌നങ്ങള്‍ നൃത്തമാടുന്ന ആ വീട്ടില്‍ നിന്നും ഒരു നാള്‍ ആ അമ്മയെ തനിച്ചാക്കി അച്ഛനും യാത്രയായീ. ഒരിക്കലും തിരിച്ചുവരാത്ത മകളുടെ അടുത്തേക്ക്..
ഇടക്കൊക്കെ അമ്മ വരുംമായിരുന്നു ആശുപത്രിയില്‍.. പിന്നെ പിന്നെ തീരെ വരാതെയായി.. മകന്റെ ഈ അവസ്ഥ ആ അമ്മക്ക് താങ്ങാവുന്നതിലും അപ്പുറത്തായിരുന്നു.. തന്നെ തിരിച്ചറിയാന്‍ പോലുമാകാതെ വിധുരതയിലേക്ക്‌ നോക്കിയിരിക്കുന്ന മകന്‍.. എതമ്മക്കാണ് അത് താങ്ങാനാവുക.. ബാലുവിന് സമനില തിരിച്ചു കിട്ടാന്‍ പിന്നെയും കുറച്ചു വര്‍ഷങ്ങള്‍ കൂടി വേണ്ടി വന്നു... നീണ്ട 13 വര്‍ഷങ്ങള്‍..
താന്‍ ഇന്നിവിടെ നിന്നും ഡിസ്ചാര്‍ജ് ആകുന്ന വിവരം സന്തോഷത്തോടെയാണ് ഡോക്റ്ററില്‍ നിന്നും അവന്‍ കേട്ടത്.. താന്‍ അനുഭവിച്ച ദുരിതങ്ങള്‍ക്ക് , ജീവിതത്തിലെ ആ കറുത്ത ദിനങ്ങള്‍ക്ക്‌ ഇന്നവസാനം.. മനസ്സില്‍ വീണ്ടും സ്വപ്‌നങ്ങള്‍ കോട്ട കെട്ടിത്തുടങ്ങി.. ഇനിയുള്ള ജീവിതമെന്കിലും അമ്മയുമൊത്ത് , ഒരു നല്ല മകനായ് , ആ മടിയില്‍ തല ചായ്ച്ച്... ബാലുവിന്റെ കവിളിലൂടെ കണ്ണുനീര്‍ ഒഴുകി.. അവന്‍ പോലുമറിയാതെ..
താന്‍ ഡിസ്ചാര്‍ജ് ആകുന്ന വിവരം ഡോക്ടര്‍ നാട്ടിലറിയിച്ചിരുന്നു. ഇതുവരെ ആരും വന്നില്ല. എല്ലാവരോടും യാത്ര പറഞ്ഞു ആകെയുണ്ടായിരുന്ന പഴയ ദ്രവിച്ച ഷര്‍ട്ടും, പാന്‍റും, എടുത്തണിഞ്ഞു കുറേ നേരമായി ബാലു ആ നില്‍പ്പ് തുടങ്ങിയിട്ട്..
"ബാലു നിന്നെ കാണാന്‍ ആരോ വന്നിരിക്കുന്നു". ആശുപത്രിയിലെ ക്ലീനെര്‍ രാജമ്മ ചേച്ചിയുടെ ശബ്ദമാണ് ബാലുവിനെ ചിന്തകളില്‍ നിന്നും ഉണര്‍ത്തിയത്.. പട പട മിടിക്കുന്ന ഹൃദയവുമായ്‌ അവന്‍ വേഗം റിസപ്ഷനില്‍ എത്തി. ഒറ്റ നോട്ടത്തില്‍ തന്നെ മനസ്സിലായി... അമ്മാവന്‍. ഒരിക്കല്‍ താന്‍ ഒരു പാട് സ്നേഹിച്ചിരുന്ന, തന്നെ സ്നേഹിച്ചിരുന്ന മനുഷ്യന്‍,, അമ്മാവന്‍ ചിരിച്ചെന്നു വരുത്തി.. "പോകാം" എന്നാ ഒറ്റ വാക്ക് മാത്രം പറഞ്ഞു അമ്മാവന്‍ കാറിനടുത്തേക്ക് നടന്നു. ഒരിക്കല്‍ കൂടി എല്ലാവരോടും യാത്ര പറഞ്ഞു കാറില്‍ കയറുമ്പോള്‍ രാജമ്മ ചേച്ചിയുടെ കണ്ണ് നിറഞ്ഞൊഴുകുന്നത് കണ്ടു.. ഒന്നും സംസാരിക്കാതെയുള്ള യാത്ര... അല്ലെന്കിലും എന്താണ് സംസാരിക്കാനുള്ളത്.. "അമ്മ വന്നില്ലേ" എന്നാ തന്‍റെ ചോദ്യത്തിനു "ഇല്ല" എന്ന ഒറ്റ വാക്കിലുള്ള മറുപടി... പിന്നെയൊന്നും ചോദിക്കാന്‍ തോന്നിയില്ല.. കാറ് വീടിനടുത്തെത്തി..
മുറ്റത്ത്‌ കുറച്ചുപേര്‍.. തന്നെക്കാണാന്‍ വന്നവരാകും.. കാറില്‍ നിന്നിറങ്ങുമ്പോള്‍ അവര്‍ തന്നെ നോക്കി പിറുപിറുക്കുന്നത് കണ്ടു. അമ്മാവന്‍ അടുത്തുവന്നു അവന്‍റെ കൈയ്യില്‍ മുറുകെപ്പിടിച്ചു.. അവനൊന്നും മനസ്സിലായില്ല. ആളുകള്‍ അവര്‍ക്ക് വീട്ടിലേക്കു കയറാന്‍ വഴി മാറിക്കൊടുത്തു... ചന്ദനത്തിരിയുടെ ഗന്ധം അവന്‍റെ മൂക്കിലടിച്ചുകയറി.. അവിടെ വരാന്തയില്‍ വെള്ളത്തുണി പുതച്ച് ... അവന്‍റെ കണ്ണില്‍ ഇരുട്ടായി.. കരയാന്‍ ശ്രമിച്ചെങ്കിലും ശബ്ദം പുറത്തുവന്നില്ല. ഒരു തരാം നിര്‍വികാരതയോടെ അവനിരുന്നു... ആ അമ്മയുടെ അരികില്‍.. തന്‍റെ വിധിയെ, അല്ലെങ്കില്‍ താന്‍ മാറ്റിയെഴുതിയ വിധിയെ ശപിച്ചുകൊണ്ട്...
ബാലുവിന്‍റെ ജീവിതം ഇവിടെയവസാനിക്കുന്നില്ല. ഒരുപാട് ബാലുമാര്‍ വീണ്ടും ഇവിടെ പിറവിയെടുത്തു കൊണ്ടിരിക്കുന്നു... സ്വയം നശിച്ചുകൊണ്ട്, മറ്റുള്ളവരെ നശിപ്പിച്ചു കൊണ്ട് ... ഇതൊരു ഗുണപാഠം മാത്രം...

Tuesday, December 2, 2008

വഞ്ചിക്കപ്പെട്ടവന്റെ കമ്മ്യൂണിറ്റി!


ഒരിക്കല്‍ orkut sign in ചെയ്തു scrapbook നോക്കിയപ്പോള്‍ ഞാന്‍ കണ്ടു അതില്‍ നിന്‍റെ ഒരു scrap.. Display image ല്‍ കണ്ട മനോഹരമായ ചിത്രശലഭത്തിന്റെ പടത്തില്‍ ‍click ചെയ്ത ഞാന്‍ ചെന്നെത്തിയത് നിന്‍റെ profile ല്‍. About me ല്‍ നീയെഴുതിയ വരികള്‍ എന്നെ നിന്നിലേക്ക്‌ കൂടുതല്‍ ആകര്‍ഷിച്ചു. നിന്‍റെ photo album തുറക്കാനാവാതെ വിഷമിച്ച ഞാന്‍ നിനക്ക് friend request അയച്ചു. എന്‍റെ request accept ചെയ്ത നിന്‍റെ album ലൂടെ ഞാന്‍ കണ്ണോടിച്ചു. മനോഹരമായ ചിത്രശലഭങ്ങളെ കൊണ്ട് നിറഞ്ഞതായിരുന്നു നിന്‍റെ photo gallery. chatting ലൂടെ നിന്നിലേക്ക്‌ കൂടുതല്‍ അടുത്ത ഞാന്‍ നിനക്കായി testimonials എഴുതി post ചെയ്തു. നിന്‍റെ album ലെ ചിത്രശലഭങ്ങള്‍ എന്‍റെ comments കൊണ്ടു നിറഞ്ഞു. ഞാന്‍ creat ചെയ്ത lovers community ല്‍ ആദ്യമായി join ചെയ്തതും നീയായിരുന്നു. scrap കളിലൂടെ നമ്മള്‍ ഹൃദയം പങ്കുവച്ചു. നമുക്ക് അനവധി common friends ഉണ്ടായി.
എന്നാല്‍ പതുക്കെ പതുക്കെ നീ എന്‍റെ scrap കള്‍ delete ചെയ്യുന്നത് ഞാനറിഞ്ഞു.. കൂടെ നമ്മുടെ ഒരു common friend ന്‍റെ scrap കള്‍ കൂടുതലായി നിന്‍റെ scrap book ല്‍ നിറയുന്നതും. നിന്‍റെ display image ലെ ചിത്രശലഭം ഒരു ചുവന്ന പൂവായി മാറിയതും ഞാന്‍ കണ്ടു. അധികം കാത്തിരിക്കേണ്ടി വന്നില്ല നിന്‍റെ profile ലെ single എന്ന പദപ്രയോഗം committed എന്നായി മാറുന്നത് കാണാന്‍. പകുതി തകര്‍ന്ന ഞാന്‍ ഇപ്പോള്‍ "വഞ്ചിക്കപ്പെട്ടവരുടെ കമ്മ്യൂണിറ്റി" യുടെ owner ആണ്. നിരാശനായ എന്‍റെ കാത്തിരിപ്പിനൊടുവില്‍ എനിക്ക് കാണാന്‍ കഴിഞ്ഞത് എന്‍റെ "വഞ്ചിക്കപ്പെട്ടവരുടെ കമ്മ്യൂണിറ്റി" 500 members നെ കൊണ്ട് നിറഞ്ഞതാണ്‌. ഇപ്പോള്‍ ഞാന്‍ സന്തോഷവാനാണ്... കാരണം 500 ല്‍ ഒരാള്‍ മാത്രമാണല്ലോ ഈ ഞാന്‍ എന്നത് എനിക്ക് ആശ്വാസത്തിന് വക നല്‍കുന്നു.

Saturday, November 29, 2008

ഒരു വട്ടം കൂടി........



പടിപ്പുര , മുറ്റം, പൂമുഖം, വരാന്ത, നടുമുറ്റം, കുളം ....... കെട്ടു മറന്ന ഒരുപാടു പദങ്ങള്‍.. ഒരു കാലത്തു നമ്മുടെയൊക്കെ ജീവിതത്തില്‍ ഒരു പാടു സ്വാധീനം ചെലുത്തിയിരിക്കുന്നു ഈ വാക്കുകളെല്ലാം. എന്നാല്‍ അനാഥമായ ഈ നടുമുറ്റം നമ്മെ മധുരമൂറുന്ന ഓര്‍മകളിലേക്ക് കൂട്ടി കൊണ്ടുപോകുന്നില്ലേ...

വിശാലമായ നടുമുറ്റം... പൂമുഖത്ത് ചാരുകസേരയില്‍ നാലുംകൂട്ടി മുറുക്കി ചുവപ്പിച്ചു അങ്ങനെ നീണ്ടു നിവര്‍ന്നു കിടക്കുന്ന കാരണവര്‍.. മുറ്റത്തും തൊടിയിലും ഓടിക്കളിച്ചും, ഊഞ്ഞാലാടിയും നടക്കുന്ന കുട്ടികള്‍.. അടുക്കളയില്‍ നിന്നും അവിയലിന്റെയും, സാമ്പാരിന്റെയും, കൊതി പിടിപ്പിക്കുന്ന ഗന്ധം.. ഒരുമിച്ചിരുന്ന ഉച്ച ഭക്ഷണം, പാട്ടും, ആട്ടവും, എങ്ങും ബഹളമയം... ആഘോഷ പ്രതീതി..

ഇന്നു എല്ലാം ഓര്‍മകളില്‍ മാത്രം.. കൂട്ടു കുടുംബം അണു് കുടുംബങ്ങള്‍ക്ക് വഴി മാറിയപ്പോള്‍ നമുക്കു നഷ്ടമായത് ഒരു പാട്. ഒത്തു ചേരലും, ആഘോഷങ്ങളും, കഥകളും, പാട്ടുകളും എല്ലാം ചാനലുകളില്‍ ഒതുങ്ങി.. മുത്തശനും, മുത്തശിയും വൃദ്ധ മന്ധിരങ്ങളിലേക്ക് പറിച്ചു നടപ്പെട്ടപ്പോള്‍ കൊച്ചുമക്കള്‍ ഫ്ലാറ്റുകളില്‍ കൂട് വെക്കുന്നു. പേരകുട്ടികള്‍ കംബ്യുട്ടരില്‍ ആശംസകളും, സൌഹൃദങ്ങളും പങ്കു വെക്കുന്നു. ഊഞ്ഞാല്‍ എന്തെന്നും, കുളം എന്തെന്നും അറിയാത്ത യൂറോപ്യന്‍ സംസ്കാരം അടിചെല്‍പ്പിക്കപെടുന്ന പുതിയ തലമുറ...

കഥകളും, കവിതകളും, നാടന്‍ പാട്ടുകളും, കടങ്കഥകളും മോഴിയെണ്ട നാവുകളില്‍ ഹാരി പോര്ടരും, സ്പൈഡര്‍ മാനും , ടോം ആന്‍ഡ് ജെറിയും നിറയുന്നു. ഈ യാത്ര തുടരുമ്പോള്‍ നമുക്കു നഷ്ടമാകുന്നതെന്ത്. നമ്മളെല്ലാം വാനോളം ഉയര്‍ത്തിപ്പിടിച്ച അല്ലെന്കില്‍ ഇപ്പോളും ഉയര്‍ത്തിപ്പിടിക്കുന്ന നമ്മുടെ ഭാരത സംസ്കാരം.. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ സംസ്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സംസ്കാരം.. മനപ്പൂര്‍വമല്ലെങ്കിലും ഞാനും, നിങ്ങളുമെല്ലാം ഇതിന്റെയൊരു ഭാഗമാവുകയല്ലേ. അറിയാതെ നമ്മുടെ യാത്രയും അങ്ങോട്ട് തന്നെയല്ലേ... എങ്കിലും മനസ്സില്‍ ഒരാഗ്രഹം കേടാവിളക്കുപോലെ ഇപ്പോഴും ജ്വലിച്ചു നില്ക്കുന്നു... ഒരിക്കല്‍ കൂടി ആ പൂമുഖത്ത്... ആ നടു് മുറ്റത്ത്‌....................

Wednesday, November 26, 2008

ഓര്‍മയുടെ താളുകള്‍ മറിക്കുമ്പോള്‍ ...

ഒരു സുഹൃത്തിന്റെ കാറില്‍ സല്മാനിയയില്‍ നിന്നും കാനു ഗാര്‍ഡന്‍ ലേക്ക് വരുന്ന വഴിയായിരുന്നു. സല്‍മാനിയ ഹോസ്പിറ്റലിനു മുന്‍പിലെ സിഗ്നലില്‍ പച്ച വെളിച്ചം കാത്തു കിടക്കുമ്പോഴാണ് ആ സംഭവം നടന്നത്. അവിടെ ബസ്സ് സ്റ്റോപ്പില്‍ കണ്ട ഒരു മുഖം എനിക്ക് വളരെ പരിചിതമായി തോന്നി. മധ്യ വയസ്സുള്ള ഒരു സ്ത്രീയായിരുന്നു അത്. ഓര്‍മകളുടെ അടിത്തട്ടിലേക്ക് ഊളിയിട്ടപ്പോള്‍ എന്‍റെ പരിചയം മെല്ലെ കൂടി കൂടി വന്നു.

സിഗ്നലില്‍ പച്ച വെളിച്ചം കത്തുന്നതും കാര്‍ മുന്നോട്ടു നീങ്ങുന്നതും ഞാനറിഞ്ഞു.. പെട്ടന്നാണ് ഒരു മിന്നല്‍ പോലെ എനിക്കാ മുഖം പിടികിട്ടിയത്... അപ്പോഴേക്കും കാര്‍ കുറച്ചു ദൂരം മുന്നോട്ടു നീങ്ങിയിരുന്നു. ഉടനെ ഞാന്‍ സുഹൃത്തിനോട് കാര്‍ നിറുത്താന്‍ പറഞ്ഞു.. കാര്‍ നിന്നതും പുറത്തേക്ക് ചാടിയിറങ്ങിയ ഞാന്‍ അവനോടു "പിന്നെ കാണാം" എന്ന് പറഞ്ഞു ഒരു ഓട്ടമായിരുന്നു. അവന്‍ അന്തംവിട്ടു എന്നെ നോക്കുന്നത് ഞാന്‍ കണ്ടില്ല എന്ന് നടിച്ചു. ഒരു രണ്ടു മിനിട്ട്. അതിനുള്ളില്‍ ഞാന്‍ സിഗ്നലിനു അടുത്തെത്തി. ആ സ്ത്രീ അവിടെതന്നെ നില്‍പ്പുണ്ടായിരുന്നു. ഞാന്‍ അവരുടെ അടുത്തേക്ക് നടന്നു. അതെ അവര്‍ തന്നെ. അതേ മുഖം.. കുറച്ചു തടി കൂടിയിട്ടുണ്ട്. മുടി അല്പം നരച്ചിരിക്കുന്നു. കണ്ണിനടിയില്‍ കറുപ്പ് രാശി.

"മേരിചെച്ചിയല്ലേ?" അല്പം സങ്കോച്ചതോടെയും അതിലുപരി ആകാംഷയോടെയും ഞാന്‍ ചോദിച്ചു. അവര്‍ എന്‍റെ നേരെ സൂക്ഷിച്ചു നോക്കി. മറുപടി ഒന്നും പറഞ്ഞില്ല. അല്‍പനേരം മിണ്ടാതെ നിന്നെന്കിലും ആകാംഷ അടക്കാനാവാതെ വീണ്ടും ചോദ്യം ആവര്‍ത്തിച്ചു. ഇത്തവണ അവര്‍ കുറച്ചുകൂടി രൂക്ഷമായി എന്നെ നോക്കി. കൂടെ ഒരു ചോദ്യവും "നിങ്ങളാരാ"? ഞാന്‍ പേരു പറഞ്ഞു. കൂടെ എന്‍റെ സ്ഥലപ്പേരും. അത് കേട്ടപ്പോള്‍ ആ കണ്ണുകളില്‍ ഒരു തിളക്കം മിന്നി മറഞ്ഞോ. എന്നിട്ടും അവര്ക്കു എന്നെ അത്രയ്ക്ക് മനസ്സിലായില്ല എന്ന് എനിക്ക് തോന്നി. ഞാന്‍ വിശദമായി എന്നെ പരിചയപ്പെടുത്തി. അച്ഛനമ്മമാരുടെ പേരും ഞാന്‍ താമസിച്ചിരുന്ന സ്ഥലവും കൂടി പറഞ്ഞപ്പോള്‍ അവര്‍ അത്ഭുതം നിറഞ്ഞ കണ്ണുകളോടെ എന്നെ നോക്കി. അവര്ക്കു തീരെ വിശ്വാസം വരാതതുപോലെ. "ദൈവമേ അന്നത്തെ ആ കൊച്ചു ചെറുക്കനാണോ ഈ നില്ക്കുന്നത്?" വിശേഷങ്ങളൊക്കെ ചോദിച്ച കൂട്ടത്തില്‍ അവര്‍ ഏതോ ഒരു അറബിയുടെ വീട്ടില്‍ house maid ആയി ജോലി നോക്കുകയാണെന്നും ഇവിടെ വന്നിട്ട് അഞ്ചു വര്‍ഷം ആയെന്നും അറിയാന്‍ കഴിഞ്ഞു . അടുത്തമാസം ഇവിടെനിന്നും ജോലി ഉപേക്ഷിച്ചു പോവുകയാണെന്നും മകളുടെ വിവാഹം രണ്ടു മാസത്തിനുള്ളില്‍ ഉണ്ടാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

എന്‍റെ ചിന്തകള്‍ പതുക്കെ പുറകോട്ടു സഞ്ചരിക്കുകയായിരുന്നു. ഒരു 18-19 വര്‍ഷം പുറകിലേക്ക്. ഞാന്‍ അന്ന് നാലിലോ അന്ഞിലോ പഠിക്കുകയായിരുന്നു. ആയിടക്കാണ് ഞങ്ങളുടെ അടുത്ത വീട്ടില്‍ ഒരു കുടുംബം വാടകക്ക് താമസിക്കാന്‍ എത്തുന്നത്‌. വാഴക്കുല കച്ചവടം നടത്തുന്ന പോക്കര്‍ എന്ന ആളുടെതാണ് ആ വാടക വീട്. വാടക വീട് എന്ന് പറഞ്ഞാല്‍ ഒരു മുറിയും അടുക്കളയും മാത്രമുള്ള പുല്ലു മേഞ്ഞ ഒരു കൊച്ചു പുര. അവിടെ ഏത് താമസക്കാര്‍ വന്നാലും ഒരു മാസത്തില്‍ കൂടുതല്‍ താമസിക്കില്ല എന്ന് എല്ലാവരും കളിയായി പറയുമായിരുന്നു. അമ്മയും അച്ഛനും നാല് വയസ്സുള്ള ഒരു പെണ്‍കുട്ടിയും അടങ്ങിയതായിരുന്നു ഈ കുടുംബം. സിനിമയിലൊക്കെ കാണുന്ന ബാലതാരങ്ങളെ വെല്ലുന്ന ഒമാനത്തമായിരുന്നു ആ കുഞ്ഞു മുഖത്ത്. ആ കുഞ്ഞിന്റെ ചിരിയും കളിയും കുസൃതികളും കൊണ്ടു വളരെ പെട്ടന്ന് ആ കുടുംബം എല്ലാവരുടെയും പ്രിയപ്പെട്ടവരായി മാറി. ആ കുട്ടിയുടെ അച്ഛന്‍ "ബാലന്‍" എന്ന പേരുള്ള അയാളെ വളരെ കുറച്ചു മാത്രമെ ഞങ്ങളെല്ലാം കണ്ടിട്ടുള്ളു. ദൂരെ ഒരിടത്ത് ബിസിനെസ്സ് ആണെന്ന് ചോദിക്കുന്നവരോട് അയാള്‍ പറയും. . ഒരു വലിയ കുടുംബത്തിലെ അങ്ങമായിരുന്നു മേരി എന്ന ആ സ്ത്രീ. അവരുടെ ഡ്രൈവറായിരുന്നു ബാലന്‍. മേരിയെ കോളേജില്‍ കൊണ്ടുപോയി വിടുന്നതും , കൂട്ടികൊണ്ട് വരുന്നതുമെല്ലാം ഡ്രൈവര്‍ ബാലന്‍ ആയിരുന്നു. കൌമാരത്തില്‍ എല്ലാവര്ക്കും സംഭവിക്കുന്ന ഒന്നാണല്ലോ പ്രണയം. അത് ഇവിടെയും വില്ലനായി. അവസാനം വീട്ടുകാരുടെ എതിര്‍പ്പിനെ വക വെക്കാതെ അവര്‍ വിവാഹിതരായി. ജോലി നഷ്ടപ്പെട്ട ബാലനും, വീട്ടില്‍ നിന്നും ആട്ടിയിരക്കാപ്പെട്ട മേരിയും അങ്ങനെ ആ നാട്ടില്‍ നിന്നും യാത്ര പറഞ്ഞു. അവരുടെ ജീവിത കഥ ആ പ്രായത്തില്‍ എനിക്ക് അറിയാന്‍ കഴിഞ്ഞത് ഇത്രയുമൊക്കെയാണ്.

ഒരു ദിവസം രാത്രി ഒരു മൂന്നു മണിയായിക്കാണും , വലിയ ഒച്ചയും ബഹളവും കേട്ടാണ്‌ ഞാന്‍ ഉണര്‍ന്നത്. അടുത്ത് എവിടെ നിന്നോ ആണ്. എല്ലാവരും മുറ്റത്തിറങ്ങി, കൂടെ ഞാനും. പോക്കരിന്റെ വാടക വീടിനു മുന്‍പില്‍ പോലീസ് ജീപ്പ്. എന്‍റെ ഉള്ളില്‍ വല്ലാത്ത ഒരു ഭയം നിറഞ്ഞു. ആരൊക്കെയോ പറയുന്നതു കേട്ടു അവര്‍ വന്നത് ബാലനെ അന്വേഷിചാനെന്നു. പിന്നീട് പോലീസില്‍ നിന്നുമാണ് അറിഞ്ഞത് "കോടാലി ബാലന്" ചന്ദന കള്ളകടതാണ് ജോലി എന്ന്. ദൂരെ കാടിനോട്‌ ചേര്‍ന്നുള്ള ഗ്രാമത്തിലെ എജന്റുമാരില്‍ നിന്നും ചന്ദനം വാങ്ങി അടുത്തുള്ള ഫാക്ടറിയില്‍ എത്തിക്കുകയായിരുന്നു ബാലന്റെ ജോലി.
കൂടെ നല്ല പ്രതിഫലവും. പോലീസിന്റെ ചോദ്യത്തിനു മുന്‍പില്‍ ആ പാവം സ്ത്രീ കരയുന്നതും അവരുടെ സാരിത്തുമ്പില്‍ പിടിച്ചിരുന്ന കുഞ്ഞികൈകള്‍ വിറക്കുന്നതും ഞാന്‍ കണ്ടു. അരണ്ട വെളിച്ചത്തില്‍ കാണാമായിരുന്നു ആ കൊച്ചു കണ്ണുകളിലെ നിറഞ്ഞു നില്‍ക്കുന്ന ഭയം.

പിന്നീട് പല രാത്രികളിലും ഇത് ആവര്‍ത്തിച്ചു. എന്നാല്‍ ഒരിക്കല്‍ പോലും ബാലനെ അവര്ക്കു പിടികിട്ടിയില്ല. ഒരിക്കല്‍ ഞങ്ങളുടെ ഗ്രാമം ഉണര്‍ന്നത് കോടാലി ബാലന്റെ മരണവാര്‍ത്ത കേട്ടാണ്‌. രാത്രി കാട്ടിലൂടെയുള്ള യാത്രയില്‍ എന്തോ അപകടം പറ്റിയതായിരുന്നു. അങ്ങനെ അനാധരായിതീര്‍ന്ന ആ അമ്മയും മകളും ബാലന്റെ നാട്ടിലേക്ക് യാത്രയായി.. ഞങ്ങള്‍ എല്ലാവരുടെയും മനസ്സില്‍ ഒരുപാടു ദുഖം ബാക്കിവച്ചുകണ്ട്.. പിന്നീടൊരിക്കലും അവര്‍ തിരിച്ചുവന്നില്ല. കാലത്തിന്റെ സഞ്ചാരം വളരെ വേഗത്തിലായതിനാല്‍ എല്ലാവരും അവരെ മറന്നു. ഞാനും.

"ഞാന്‍ പോവുകയാണ്. ബസ് വന്നു" പെട്ടന്നുള്ള ആ ശബ്ദം എന്നെ ചിന്തയില്‍ നിന്നും ഉണര്‍ത്തി. "മകള്‍"? എന്‍റെ ചോദ്യത്തിനു മറുപടിയായി അവര്‍ പറഞ്ഞു " ലീന ടീച്ചറായി ജോലി ചെയ്യുന്നു. നാട്ടില്‍ ഒരു ഹോസ്റലില്‍ ആണ് താമസം. അവളെ നല്ലോരിടത്ത് വിവാഹം ചെയ്തയാക്കണം എന്ന ആഗ്രഹവുമായാണ് ഞാന്‍ ഇവിടെ വന്നത്. എന്‍റെ അവസ്ഥ എന്‍റെ മകള്‍ക്കുണ്ടാകരുത്. ഓരോ വര്ഷവും കരുതും ഗള്‍ഫ്‌ ജീവിതം മതിയാക്കി തിരിച്ചു പോകണമെന്ന്. നീണ്ടു പോയ ആ തീരുമാനം ഇപ്പോള്‍ അഞ്ചു വര്‍ഷത്തില്‍ എത്തി നില്ക്കുന്നു. ഇനി ഒരു മാസം കൂടി. പിന്നെ എങ്ങിനെ ജീവിക്കും എവിടെ ജീവിക്കും ഒന്നും എനിക്കറിയില്ല. മകള്‍ മാത്രമാണ് ഇപ്പോള്‍ എന്‍റെ മനസ്സില്‍‌ ". ആ കണ്ണുകള്‍ നിറയുന്നത് ഞാന്‍ കണ്ടു. "പോകുന്നതിനു മുന്‍പ് ദൈവം അനുവദിച്ചാല്‍ വീണ്ടും കാണാം" എന്ന് പറഞ്ഞു അവര്‍ ബസ്സില്‍ കയറി.

എന്നാല്‍ പിന്നീട് ഞാന്‍ അവരെ കണ്ടിട്ടില്ല. അവര്‍ പറഞ്ഞതു സത്യമാണെങ്കില്‍ ഒരു മാസത്തിനു ശേഷം അവര്‍ തരിച്ചു പോയിക്കാണും. സ്വന്തം മണ്ണിലേക്ക്. എനിക്കവരോട് സത്യത്തില്‍ ബഹുമാനം തോന്നുന്നു. ജീവിതത്തിന്റെ കറുത്ത മുഖങ്ങളില്‍ തളരാതെ തന്‍റെ ലകഷ്യ പ്രാപ്തിക്കായി കഷ്ടപ്പെട്ട് , മകള്‍ക്കായി മാത്രം ജീവിച്ച സ്ത്രീ... എവിടെയായിരുന്നാലും അവര്‍ സന്തോഷമായി തന്നെ ജീവിക്കട്ടെ, ഇനിയുള്ള കാലമെങ്കിലും.

Sunday, November 23, 2008

സൌഹൃദം


സൌഹൃദം... മനുഷ്യജീവിതത്തിലെ ഏറ്റവും അമൂല്യമായത്..
ഒരിക്കലും തമ്മില്‍ കണ്ടിട്ടില്ലാത്ത, അല്ലെങ്കില്‍ ഒരിക്കലും തമ്മില്‍ ഒന്ന് സംസാരിക്കുക പോലും ചെയ്തിട്ടില്ലാത്ത രണ്ടുപേര്‍... എങ്കിലും ഈ ഒന്നുമറിവില്ലയ്മയിലും സൌഹൃദം മാത്രം വേറിട്ട്‌ നില്‍ക്കുന്നു... ജാതി മത, ദേശ ഭാഷ, ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ.. ബസ്സില്‍ ഓടിക്കിതച്ചു അടുത്ത സീറ്റില്‍ വന്നിരിക്കുന്ന ഒരാള്‍, അല്ലെങ്കില്‍ നല്ല മഴയില്‍ നനഞ്ഞു പോകുമ്പോള്‍ ഒരു കുട തന്നു സഹായിക്കുന്ന ആള്‍, അങ്ങനെ പലരും ജീവിത യാത്രയില്‍ നമ്മുടെ ആത്മാര്‍ത്ഥ സുഹൃത്തുക്കളായി മാറുന്നു... ദുഖങ്ങളില്‍ തോളില്‍ തല ചായ്ച്ചു വിതുമ്പുവാന്‍, സന്തോഷങ്ങളില്‍ പരസ്പരം പറഞ്ഞു പൊട്ടിച്ചിരിക്കാന്‍ ഒരു സുഹൃത്ത്‌ ... അത് ഒരു മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ്...
ചിലര്‍ക്ക് മാത്രം കിട്ടുന്ന ഏറ്റവും വലിയ ഭാഗ്യം...

നഷ്ടപ്രതാപത്തിന്‍റെ ഓര്‍മകളില്‍ ...

ഇത് വിധിയാണ്.. അല്ലെങ്കില്‍ കാലത്തിനൊത്ത് ചലിക്കാന്‍ കഴിയാത്തവന്‍റെ നിസ്സഹായാവസ്ഥ... ഇത്തരമോരവസ്ഥയെപ്പറ്റി മുന്‍പ് എപ്പോഴെങ്കിലും ചിന്തിച്ചിരുന്നോ ... കുറച്ചൊക്കെ ഞാനും അഹങ്കരിച്ചിരുന്നു... സത്യം... അല്ലെങ്കില്‍ പാവം പേനകളെയും, പെന്സിലുകളെയും കളിയാക്കിയതിന് കിട്ടിയ ശിക്ഷയാകാം.. ഒരുപക്ഷെ അവര്‍ മനസ്സറിഞ്ഞു ശപിച്ചതാകാം..അവരുടെ നിലയ്ക്കും വിലയ്ക്കും ഇപ്പോഴും കുറവൊന്നും ഇല്ലല്ലോ.. മനുഷ്യന്‍റെ ഹൃദയത്തിനോട് ചേര്‍ന്ന് പോക്കറ്റിലല്ലേ അവരുടെ സ്ഥാനം.. ഞാനോ... ഒരിക്കല്‍ മനുഷ്യന്‍റെ ഹൃദയത്തില്‍ ഇടമുണ്ടായിരുന്ന ഞാന്‍ ഇന്ന് വലിച്ചെറിയപ്പെട്ടു ഒരു മൂലയില്‍ പൊടിയണിഞ്ഞു, ചലനം നിലച്ച് , കടലാസുകളിലേക്ക് ആഞ്ഞു പതിച്ചിരുന്ന ബലമുള്ള പല്ലുകള്‍ കൊഴിഞ്ഞ് ........... മനസ്സിലേക്ക് ഒരുപാട് ഓര്‍മ്മകള്‍ കടന്നു വരുന്നു... സിനിമയിലെ ഫ്ലാഷ് ബാക്ക് പോലെ...
എത്രയോ സുന്ദരിമാരുടെ മൃദു വിരല്‍ സ്പര്‍ശം ഞാന്‍ അറിഞ്ഞിട്ടുണ്ട്...ഇപ്പോഴും മാറാതെ നില്‍ക്കുന്നു, ചന്ദനതിന്‍റെയും , കസ്തൂരി മഞ്ഞളിന്റെയും സുഗന്ധം... എന്‍റെ പതനത്തിനു കാരണമായ, അല്ലെങ്കില്‍ പതനത്തില്‍ സന്തോഷിച്ച "കംപ്യൂട്ടര്‍" എന്ന ആ വിദേശി ചിരിച്ച ആ ചിരി ഇപ്പോഴും കാതുകളില്‍ മുഴങ്ങുന്നു... പഴുത്തയില വീഴുമ്പോള്‍ പച്ചിലക്കുണ്ടാകുന്ന അതെ ചിരി...
എന്‍റെ സ്ഥാനം അവന്‍ തട്ടിയെടുക്കുമ്പോള്‍ സത്യത്തില്‍ ഞാന്‍ ഒരുപാട് പുറകോട്ടു ചിന്തിച്ചുപോയി... ഇത് തന്നെയായിരുന്നില്ലേ ഒരു കാലത്തെ എന്‍റെയും അഹംഭാവം... ഇവനറിയുന്നില്ലല്ലോ ഇതിലും കേമന്‍ വരുമ്പോള്‍ മനുഷ്യന്‍ ഇവനെയും വലിച്ചെറിയും എന്ന സത്യം... മനുഷ്യമനസ്സ് , അത് എനിക്കറിയുന്ന പോലെ പുതിയ തലമുറയ്ക്ക് അറിയില്ലല്ലോ.. കാത്തിരുന്നു കാണുക തന്നെ... ഈശ്വരന്‍ അതിനുള്ള ആയുസ്സ് ഇനിയും നീട്ടിതന്നാല്‍.. എന്തായാലും ഒരു കാര്യത്തില്‍ തര്‍ക്കമില്ല...ഇനിയൊരു തിരിച്ചുവരവ് അസാധ്യം...

എന്നെ ഇനിയും നിങ്ങള്‍ക്ക് മനസ്സിലായില്ലേ സുഹൃത്തുക്കളെ...
നിങ്ങളുടെ മനസ്സില്‍ നിന്ന് പോലും എന്നെ തൂത്തെറിഞ്ഞു എന്നതിന് ഇതില്‍പ്പരം വേറെ തെളിവെന്തിന്....
ഇനിയും മരിക്കാത്ത ഓര്‍മകളുമായ് .......
നിങ്ങളുടെ സ്വന്തമായിരുന്ന ...
ടൈപ്പ് റൈറ്റര്‍.

Saturday, November 22, 2008

Prevent Child abuse..


ബാലപീഡനം ... പ്രത്യേകിച്ച് പെണ്‍കുട്ടികളോട്... പലപ്പോഴും നാം പത്രമാധ്യമങ്ങളിലൂടെ കാണുന്നു ഞെട്ടിക്കുന്ന ഇത്തരം വാര്‍ത്തകള്‍.. അതും 100% സാക്ഷരത നേടിയ (അല്ലെങ്കില്‍ അങ്ങനെ വിശേഷിപ്പിക്കുന്ന) നമ്മുടെ കൊച്ചു കേരളത്തിലാണ് ഇത് കൂടുതല്‍ എന്ന് കേള്‍ക്കുമ്പോള്‍ ആ ഞെട്ടല്‍ അധികമാകുന്നു... എന്താണിതിനു കാരണം... അണുകുടുംബത്തിന്‍റെ വേഗതയേറിയ ജീവിത സാഹചര്യങ്ങളില്‍ ബന്ധങ്ങളുടെ വില പുതിയ തലമുറയ്ക്ക് അറിയാതെ പോകുന്നതാകാം ഒരു കാരണം... കൂടെ എന്തിനും ഏതിനും പാശ്ചാത്യരെ അനുകരിക്കുന്ന നമ്മുടെ മനോഭാവവും.. പുരോഗതി എന്നാ പേരിലുള്ള ഈ യാത്ര എവിടേക്ക്... എവിടെയാകും ഇതിനോരവസാനം... ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു...

കുശവന്മാര്‍



കുശവന്മാര്‍..അല്ലെങ്കില്‍ കുംബാളന്മാര്‍.. ഒരിക്കല്‍ നമ്മുടെയെല്ലാം ജീവിതത്തില്‍ ഇവര്‍ക്കുള്ള സ്ഥാനം വളരെ വലുതായിരുന്നു.. ഭക്ഷണം പാകം ചെയ്തു കഴിക്കുന്ന ശീലം മനുഷ്യന്‍ എന്ന് തുടങ്ങിയോ അന്ന് മുതല്‍.... മണ്‍പാത്രങ്ങള്‍ ജീവിതത്തില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒരു ഘടകമായ്‌ മാറിയ ആ കാലം.. മനുഷ്യന്‍ ഇന്ന് ആധുനികതയുടെ നെറുകയില്‍ നില്‍ക്കുന്നു..സാന്കേതിക വളര്‍ച്ച അവനെ അവിടെവരെ കൊണ്ടെത്തിച്ചിരിക്കുന്നു. ഈ ഓട്ടത്തിനിടയില്‍ പഴയതെല്ലാം പലപ്പോഴും വിസ്മരിക്കപ്പെടുന്നു.. ചെടിച്ചട്ടിപോലും ആധുനികവല്‍ക്കരിക്കപെട്ടപ്പോള്‍ മണ്‍പാത്ര നിര്‍മാണം ജീവിതമാക്കിയ കുറേ വയറുകള്‍ ഇരുളില്‍ പകച്ചു നില്‍ക്കുന്നു.. ചളി പുരണ്ട ആ കൈകള്‍ വിറക്കുന്നു, തന്‍റെ കുഞ്ഞുങ്ങളുടെ ഒരു നേരത്തെ വിശപ്പടക്കാനാവാതെ.. പാത്രം മെനയുന്ന ആ കൈകള്‍ പക്ഷെ ജീവിതം മെനയുമ്പോള്‍ തളരുന്നു. താഴെ വീണ മണ്‍പാത്രങ്ങള്‍ പോലെ ഉടയുന്ന ജീവിതങ്ങള്‍.. എത്രനാള്‍ സമൂഹം ഇവര്‍ക്ക് നേരെ കണ്ണടക്കും..ഈ ജീവിതങ്ങള്‍ അവസാനിക്കും വരെയോ??

Stop Child labour


കൊച്ചുകുട്ടികളെകൊണ്ട് ജോലി ചെയ്യിപ്പിക്കുന്ന കാഴ്ച ഇന്ന് സര്‍വസാധാരണമായിരിക്കുന്നു. അല്ലെങ്കില്‍ മനപൂര്‍വ്വം നമ്മള്‍ അത് കണ്ടില്ല എന്ന് നടിക്കുന്നു.. കുട്ടികള്‍ ചിത്രശലഭങ്ങളെപ്പോലെയാണെന്ന് പാടുന്ന നാം അവയെക്കൊണ്ടു കല്ലെടുപ്പിക്കുന്നു.. ചായക്കൂട്ടുകള്‍ പടരേണ്ട കൈകളില്‍ ഓയിലും, ഗ്രീസും പരക്കുന്നു... പേന പിടിക്കേണ്ട ആ കുഞ്ഞു കൈവിരലുകള്‍ എച്ചില്‍ പാത്രങ്ങള്‍ കഴുകുന്നു...അവന്‍റെ തിളങ്ങുന്ന കൊച്ചുകണ്ണുകള്‍ ഹോട്ടലുകളിലെ അടുക്കളപ്പുകയില്‍ കലങ്ങുന്നു.. പാഠപുസ്തകങ്ങളും, ചിത്ര കഥകളും അവന്‌ അന്യമാകുന്നു. വിശപ്പിന്‍റെ വിളി മാത്രം അവന്‍റെ കാതുകളില്‍ മുഴങ്ങുന്നു... ആ വിശപ്പിന്‍റെ ആഴത്തെ മുതലെടുക്കുന്ന മുതലാളിത്തസംസ്കാരവും.. ആവശ്യത്തിനും അനാവശ്യത്തിനും കൊടിപിടിക്കുന്ന നമ്മുടെ സംഘടനകള്‍ എല്ലാം എന്തെ കണ്ണടക്കുന്നു? ഒന്ന് മറക്കാതിരിക്കുക... ഇത് നമ്മുടെ ഭാവി തലമുറ...