Saturday, December 27, 2008

കഥ: ഒട്ടകങ്ങള്‍...


"തുണിയലക്കി അലക്കി ഇവിടെയോരാളുടെ നടുവൊടിഞ്ഞു. ഇത് വല്ലതും നിങ്ങള്‍ക്ക് അറിയണോ. ഒരു വാഷിംഗ് മെഷീന്‍ വാങ്ങണമെന്ന് ഓരോ കത്തിലും ഞാന്‍ എഴുതുന്നതാണ്. ഇനിയെന്നാണാവോ അതൊന്നു സാധിക്കുക. ഓരോ ഗള്‍ഫുകാരുടെയും ഭാര്യമാര്‍ ജീവിക്കുന്നത് നിങ്ങളുന്നു കാണണം.. എല്ലാം എന്‍റെ വിധി അല്ലാതെന്താ..." പരാതിയുടെ ഒരു കൂമ്പാരവും നിറച്ചു രമണി കത്ത് നിറുത്തി. രമണിയുടെ ഭര്‍ത്താവ് മുകുന്ദന്‍ ഗള്‍ഫിലാണ്. നീണ്ട പത്തു വര്‍ഷമായി അവിടെ ജോലി ചെയ്യുന്നു. ജോലി എന്താണെന്ന് അവള്‍ ഇത് വരെ ചോദിച്ചിട്ടില്ല. മുകുന്ദന്‍ പറഞ്ഞിട്ടുമില്ല. എല്ലാ മാസവും കൃത്യമായി ബാങ്ക് അക്കൌണ്ടില്‍ പണം എത്തുന്നതുകൊണ്ടു ആ ചോദ്യത്തിനു പ്രസക്തിയില്ല എന്ന് അവള്‍ക്കു തോന്നിയിരിക്കാം..

ഇനി രമണിയെപ്പറ്റി രണ്ടു വാക്ക്. ആഗ്രഹിക്കുന്നത് എല്ലാം കിട്ടണമെന്ന ഒരു വാശി രമണിക്ക് പണ്ടേ ഉള്ളതാണ്. അതിനൊക്കെ ബലിയാടാകുന്നത് പാവം മുകുന്ദനും. ഗള്‍ഫുകാരുടെ ഭാര്യമാര്‍ ചേര്‍ന്ന് രൂപം കൊടുത്ത ഒരു വനിതാ ക്ലബ്ബിന്‍റെ സെക്രടറി കൂടിയാണ് ഈ രമണി. NRI ജീവിതങ്ങളുടെ പ്രശ്നങ്ങളെപ്പറ്റി രമണി ഘോര ഘോരം പ്രസംഗിക്കുന്നത് കേട്ടു പുളകം കൊള്ളുന്ന ഒരുപാട് അംഗങ്ങള്‍ കൂടിയുണ്ട് ഈ ക്ലബ്ബില്‍...
സമാധാനപ്രിയന്‍ ആയിരുന്നു മുകുന്ദന്‍. അതിനു തെളിവെന്നവണ്ണം ഒരു മാസത്തിനുള്ളില്‍ രമണിയുടെ വീട്ടില്‍ ഒരു പുതിയ വാഷിംഗ് മെഷീന്‍ എത്തി. വാഷിംഗ് മെഷീന്റെ പ്രത്യേകതകളെപ്പറ്റി ഒരു marketing executive വിവരിക്കുന്നത് പോലെ രമണി തന്‍റെ സുഹൃത്തുക്കള്‍ക്ക് വിവരിച്ചു കൊടുത്തു.

നാളുകള്‍ കടന്നു പോയി.. "പത്തു കിട്ടുകില്‍ നൂറു മതിയെന്നും, ശതമാകില്‍ സഹസ്രം മതിയെന്നും" പറയുന്നതുപോലെ രമണിയുടെ ആഗ്രം വീണ്ടും തലപൊക്കി തുടങ്ങി..

"ഗല്‍ഫിലെക്കാള്‍ ചൂടാണ് ഇപ്പോള്‍ നാട്ടില്‍. എപ്പോഴും AC റൂമില്‍ കഴിയുന്ന നിങ്ങള്‍ക്കത് മനസ്സിലാവില്ലല്ലോ. വനജയുടെ വീട്ടില്‍ AC വാങ്ങിയത് instaalment ആയാണ്‌.. മാസം ഒരു മൂവായിരം രൂപ മാത്രം അടച്ചാല്‍ മതി. ഞാനും ഒന്ന് ഓര്‍ഡര്‍ ചെയ്താലോ എന്ന് വിചാരിക്കുകയാണ്. പണം അയക്കുമ്പോള്‍ അതിനു കൂടി ചേര്‍ത്ത് അയക്കുമല്ലോ. നിങ്ങള്‍ ആരോഗ്യം ശ്രദ്ധിക്കണം ... വറുത്തതും പൊരിച്ചതും ഒന്നും അധികം കഴിക്കരുത്.. " പഞ്ചസാരയുടെ മുകളില്‍ തേന്‍ പുരട്ടിയ പോലുള്ള വാക്കുകളുമായി ആ കത്ത് വീണ്ടും കടല് കടന്നു..

ദിവസങ്ങള്‍ക്കുള്ളില്‍ മുകുന്ദന്‍ സമാധാനപ്രിയന്‍ ആണെന്ന് വീണ്ടും തെളിയിക്കപ്പെട്ടു. AC അവരുടെ വീട്ടിലെ ഒരു അംഗമായിതീര്‍ന്നു. ക്ലബ്ബില്‍ ഒരു വിഷയത്തിലും ഒത്തൊരുമ കാണിക്കാത്ത രമണിയും, വനജയും എന്നാല്‍ AC യുടെ കാര്യത്തില്‍ മാത്രം ഒത്തൊരുമ കാണിച്ചു..

മാസങ്ങള്‍ കടന്നു പോയി.. രമണിയുടെയും, മുകുന്ദന്റെയും വിവാഹ വാര്‍ഷിക ദിനം അടുത്തു.. വനജയുടെ ഭര്‍ത്താവ് അവരുടെ വിവാഹ വാര്‍ഷികത്തിന് നടത്തിയ പാര്‍ട്ടിയുടെ വിശദ വിവരങ്ങളും , ഭര്‍ത്താവ് വനജക്ക് വാങ്ങിക്കൊടുത്ത സില്‍ക്ക് സാരിയുടെ വര്‍ണ്ണനയുമായി വീണ്ടും രമണി തന്‍റെ കത്ത് ആരംഭിച്ചു.

"വിവാഹ വാര്‍ഷികമാണ് വരുന്നത്.. നിങ്ങള്‍ കൂടെയില്ലല്ലോ എന്നാ വിഷമം ഒരുപാടുണ്ട്.. സാരമില്ല. പിന്നെ ഒരു നല്ല സില്‍ക്ക് സാരി വാങ്ങി അയച്ചു തരണം.. എങ്കിലേ ആ വനജയുടെ മുന്‍പില്‍ എനിക്ക് പിടിച്ചു നില്‍ക്കാനാകൂ.. അവള്‍ക്കാണെങ്കില്‍ ഈയിടെയായി അഹന്കാരം വളരെ കൂടുതലാണ്.. വിവാഹവാര്‍ഷിക പാര്‍ട്ടി നടത്തിയതിന്‍റെ അഹങ്കാരമാണ്.. ഞാനും പോയിരുന്നു... എന്തായിരുന്നു അവിടുത്തെ ഒരു പത്രാസ്സ്....... " അങ്ങനെ നീണ്ടു പോയി ആ കത്ത്..

AC റൂമില്‍ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന രമണിയുടെ മനസ്സില്‍ മുഴുവന്‍ വരാന്‍ പോകുന്ന സില്‍ക്ക് സാരിയുടെ ഓര്‍മകളായിരുന്നു.. അത് വന്നിട്ട് വേണം ക്ലബ്ബില്‍ ഒന്ന് വിലസ്സാന്‍.. സ്വപ്നങ്ങളില്‍ മയങ്ങി എപ്പോളോ അവള്‍ ഉറങ്ങി...

ദിവസങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ കാര്‍ഗോ ബോയിയുടെ "ചേച്ചി" എന്നാ വിളി കേട്ടപ്പോള്‍ ആ വിളിക്ക് പതിവില്‍ കവിഞ്ഞ മാധുര്യം ഉള്ളതുപോലെ അവള്‍ക്കു തോന്നി. പാര്‍സല്‍ വാങ്ങി ധൃതി വച്ച് തുറന്നു.. പ്രതീക്ഷക്കു വിപരീതമായി അതില്‍ കണ്ട സാധനം അവളെ കുപിതയാക്കി. മരത്തില്‍ തീര്‍ത്ത ഒരു "ഒട്ടകത്തിന്‍റെ പ്രതിമ"... "ഹും.. ഒരു മൃഗതിനെയെ അങ്ങേര്‍ക്കു അയക്കാന്‍ കിട്ടിയുള്ളൂ.." കോപവും, സങ്കടവും ഒരുമിച്ചു വന്ന രമണി അതെടുത്ത് വീടിന്‍റെ മൂലയിലെക്കെരിഞ്ഞു.. കാലും തലയും വേര്‍പെട്ടു ആ പ്രതിമ കിടക്കുമ്പോള്‍ രമണി അറിയുന്നുണ്ടായിരുന്നില്ല, ആ മൃഗത്തിന്‍റെ കാരുണ്യം കൊണ്ടാണ് തന്‍റെ കുടുംബം മുന്നോട്ടു പോകുന്നത് എന്ന്. ദൂരെ കടലുകള്‍ക്കപ്പുറം പൊരി വെയിലില്‍, ചുട്ടു പൊള്ളുന്ന മണലില്‍ ഒട്ടകത്തെ മേയ്ച്ചുകൊണ്ടിരുന്ന മുകുന്ദനും ഇതൊന്നും അറിയുന്നുണ്ടായിരുന്നില്ല.. പക്ഷെ ഒന്ന് മാത്രം അയാള്‍ക്ക്‌ അറിയാമായിരുന്നു... തന്‍റെ മനസ്സില്‍ ഈ ഒട്ടകങ്ങള്‍ക്കുള്ള സ്ഥാനം തന്‍റെ മക്കളുടെ സ്ഥാനത്തിനു ഒപ്പമാണ് എന്ന്...

8 comments:

smitha adharsh said...

മുകുന്ദന്‍ എന്തേ ഇങ്ങനെയായിപ്പോയത്?
രമണി എങ്ങനെ ഇനി ക്ലബ്ബില്‍ പോകും?

ബാജി ഓടംവേലി said...

നല്ല കഥ...
ആശംസകള്‍..
പരിചയപ്പെടാന്‍ താത്പര്യമുണ്ട്
വിളിക്കുക
39258308
ബജി ഓടംവേലി, ബഹറിന്‍

തറവാടി said...

രണ്ട് കൊല്ലത്തിലധികമായി ഒരു ബ്ലോഗ് ഇതേ പേരിലുണ്ട് , സൗകര്യപ്പെടുമെങ്കില്‍ പേര് മാറ്റിയാല്‍ കണ്‍‌ഫ്യൂഷന്‍ ഒഴിവാക്കാമായിരുന്നു എന്നൊരു തോന്നല്‍ മാറ്റിയില്ലെങ്കിലും കുഴപ്പമില്ല :)

ബാജി ഓടംവേലി said...

നല്ല കഥ...
ആശംസകള്‍..
പരിചയപ്പെടാന്‍ താത്പര്യമുണ്ട്
വിളിക്കുക
39258308
ബാജി ഓടംവേലി, ബഹറിന്‍

Ajith Nair said...

നല്ല കഥ...സോണി ഇനിയും എഴ്ഹുതുക....നല്ല ശൈലി...അല്പം കൂടി കാച്ചിക്കുറുക്കിയാല്‍ നന്നാകുമെന്ന് തോന്നുന്നു....ആശംസകള്‍..

Sony George said...
This comment has been removed by the author.
Sony George said...

smitha, baaji, ajith, tharavaadi.... എല്ലാവര്ക്കും ഒരുപാട് നന്ദി...
പിന്നെ തറവാടിക്ക്... ഞാന്‍ ഇപ്പോളാണ് ഈ ബ്ലോഗ് കാണുന്നത്...
പേര് മാറ്റാം ഉടനെ തന്നെ...

അനില്‍ വേങ്കോട്‌ said...

ഒരു ഗ്രാഫിക്ക് ഡിസൈനർ ആയത്കൊണ്ടാകാം മനോഹരമായ ചിത്രീകരണം.മുൻ പോസ്റ്റ് കളും അങ്ങനെ തന്നെ. പക്ഷേ കഥയിലേക്കു ഇനിയും വളരെ ദൂരം സഞ്ചരിക്കാനുണ്ട്. കൂടുതൽ നല്ല കഥകൾ വായിക്കുകയും സുഷ്മമായി ജീവിതങ്ങളെ വീക്ഷിക്കേണ്ടിയും വരും .